സിക്സ് ഫ്ലാഗ്സ് അമ്യൂസ്മെന്റ് പാർക്ക് ഉദ്ഘാടനം ഡിസംബർ 31ന്
text_fieldsസിക്സ് ഫ്ലാഗ്സ് ഖിദ്ദിയ അമ്യൂസ്മെന്റ് പാർക്ക്
റിയാദ്: വിനോദ രംഗത്തെ ലോക വിസ്മയങ്ങളെ ഇനി റിയാദിൽനിന്ന് നേരിട്ട് അനുഭവിച്ചറിയാം. സാഹസിക വിനോദങ്ങളുടെ ഇഷ്ടക്കാർക്കായി സിക്സ് ഫ്ലാഗ്സ് അമ്യൂസ്മെന്റ് പാർക്ക് ഡിസംബർ 31 മുതൽ വാതിൽതുറക്കുന്നു. ലോക റെക്കോഡുകൾ തകർത്ത റൈഡുകളാൽ ആഗോള പ്രശസ്തമായ സിക്സ് ഫ്ലാഗ്സ് വലിയ അദ്ഭുതങ്ങളാണ് ഖിദ്ദിയയിൽ സന്ദർശകർക്കായി ഒരുക്കിവെച്ചിട്ടുള്ളത്. വിനോദത്തിന്റെയും കായികത്തിന്റെയും സംസ്കാരത്തിന്റെയും പുതിയ ആഗോള തലസ്ഥാനമാകാനൊരുങ്ങുന്ന ഖിദ്ദിയ വിനോദ നഗരത്തിലെ പണി പൂർത്തിയാക്കി ഉദ്ഘാടനം നടത്താൻ പോകുന്ന ആദ്യ പാർക്കാണ് ഇത്. ഡിസംബർ 31 ന് വൈകീട്ട് നാല് മുതൽ സന്ദർശകർക്കായി കവാടങ്ങൾ ഔദ്യോഗികമായി തുറന്നിടും.
വിശാലമായ ഖിദ്ദിയ സിറ്റി പദ്ധതിയുടെ പ്രധാന ഭാഗമായ ഈ പാർക്ക്, ‘കളിയുടെ കരുത്ത്’ എന്ന ആശയത്തിലൂന്നിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവർക്കും വിനോദം ആഗ്രഹിക്കുന്നവർക്കുമായുള്ള ലോകത്തിലെ തന്നെ മികച്ച ലക്ഷ്യസ്ഥാനമായി ഇത് മാറും. ലോകത്തെ ഏറ്റവും വലിയ അമ്യൂസ്മന്റെ് തീം പാർക്കായ സിക്സ് ഫ്ലാഗ്സിന്റെ അമേരിക്കക്ക് പുറത്തുള്ള ആദ്യ പാർക്കെന്ന പ്രത്യേകതയും സിക്സ് ഫ്ലാഗ്സ് ഖിദ്ദിയക്കുണ്ട്.
അദ്ഭുതലോകം
റിയാദ് നഗരമധ്യത്തിൽനിന്ന് 45 കിലോമീറ്റർ അകലെ, തുവൈഖ് പർവതനിരകളുടെ പശ്ചാത്തലത്തിൽ ഒരുങ്ങൂന്ന ഖിദ്ദിയ വിനോദ നഗരത്തിന്റെ ഏറ്റവും കണ്ണായ ഭാഗത്ത് 3,20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പാർക്കിൽ 28 റൈഡുകളും മറ്റ് ആകർഷണങ്ങളുമുണ്ട്. ഇവയെ ആറ് വ്യത്യസ്ത തീമുകളിലായി തിരിച്ചിരിക്കുന്നു.
1. ദ സിറ്റാഡൽ: ബദൂവിയൻ കൂടാരങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച കൂറ്റൻ മേൽക്കൂരയുള്ള പാർക്കിന്റെ കേന്ദ്രഭാഗം.
2. സിറ്റി ഓഫ് ത്രില്ല്സ്: ഫാൽക്കൺസ് ഫ്ലൈറ്റ് ഉൾപ്പെടെയുള്ള ഏറ്റവും സാഹസികമായ റൈഡുകൾ ഇവിടെയാണ്.
3. ഡിസ്കവറി സ്പ്രിംഗ്സ്: വെള്ളച്ചാട്ടങ്ങളും ജലസംബന്ധമായ റൈഡുകളും ഉൾപ്പെടുന്ന പ്രദേശം.
4. സ്റ്റീം ടൗൺ: മെക്കാനിക്കൽ റൈഡ് വിസ്മയങ്ങളുള്ള പ്രദേശം.
5. ട്വിലൈറ്റ് ഗാർഡൻസ്: കുട്ടികൾക്കും കുടുംബങ്ങൾക്കുമായി രൂപകൽപ്പന ചെയ്ത മാന്ത്രികഭംഗിയുള്ള പ്രദേശം.
6. വാലി ഓഫ് ഫോർച്യൂൺ: പര്യവേക്ഷണങ്ങൾക്കും സാഹസികതയ്ക്കും പ്രാധാന്യം നൽകുന്ന ഇടം.
പാർക്കിൽ ആകെ പ്രതിദിനം 10,000 സന്ദർശകരെ സ്വീകരിക്കാനുള്ള ശേഷിയുണ്ട്. ആദ്യവർഷം 20 ലക്ഷത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. 1,200-ലധികം ജീവനക്കാരാണ് പാർക്കിലുടനീളം പ്രവർത്തിക്കുന്നത്. ഇതിൽ ഭൂരിഭാഗവും സ്വദേശി യുവതി യുവാക്കളാണ്. പരിസ്ഥിതി സൗഹൃദപരമാണ് പാർക്കിന്റെ പ്രവർത്തനം. പാർക്കിലെ മാലിന്യത്തിന്റെ 80 ശതമാനത്തിലധികവും പുനരുപയോഗം ചെയ്യുന്നു.
കണ്ണുതള്ളും റൈഡുകൾ
ലോക റെക്കോഡുകൾ തകർത്ത അഞ്ച് പ്രധാന റൈഡുകൾ സിക്സ് ഫ്ലാഗ്സ് ഖിദ്ദിയ പാർക്കിന്റെ പ്രത്യേകതയാണ്. ഏറ്റവും പ്രധാന ആകർഷണമായ ‘ഫാൽക്കൺസ് ഫ്ലൈറ്റ്’ എന്ന റൈഡ് ലോകത്തിലെ ഏറ്റവും ഉയരമുള്ളതും വേഗതയേറിയതും നീളമേറിയതുമായ റോളർ കോസ്റ്ററാണ്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഇതിന് 195 മീറ്റർ ഉയരവും നാല് കിലോമീറ്റർ നീളവുമുണ്ട്. മൂന്ന് ലോക റെക്കോർഡുകളാണ് സ്വന്തം.
‘സിറോക്കോ ടവർ’ ആണ് മറ്റൊന്ന്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഫ്രീ-സ്റ്റാൻഡിങ് ഷോട്ട് ടവറണിത്. 145 മീറ്റർ ഉയരമുണ്ട്. ലോകത്തിലെ ഏറ്റവും ഉയർന്ന പെൻഡുലം റൈഡാണ് ‘ഗൈറോസ്പിൻ’. ‘സ്പിറ്റ്ഫയർ’ റൈഡ് ലോകത്തിലെ ഏറ്റവും ഉയർന്ന ഇൻവേർട്ടഡ് ടോപ്പ് ഹാറ്റ് കോസ്റ്ററാണ്. ഒരേസമയം ഭീതിയും കൗതുകവും അനുഭവിപ്പിക്കുന്ന റൈഡാണ് ‘അയൺ റാറ്റ്‌ലർ’. ഈയിനത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടിൽറ്റഡ് (ചരിഞ്ഞ) കോസ്റ്ററാണ് ഇത്. 63.4 മീറ്റർ ഉയരമുണ്ട്.
ടിക്കറ്റ് നിരക്കുകൾ
12 വയസ്സിന് മുകളിലുള്ളവർക്ക് 325 റിയാൽ (വാരാന്ത്യങ്ങളിൽ 450 റിയാൽ വരെ). നാല് മുതൽ 11 വയസ്സ് വരെയുള്ളവർക്ക് 275 റിയാൽ, (വാരാന്ത്യങ്ങളിൽ 350 റിയാൽ വരെ).
നാല് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് പ്രവേശനം സൗജന്യം. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പാർക്കിനുള്ളിൽനിന്ന് നേരിട്ട് 75 റിയാൽ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും. ഫാമിലി ബണ്ടിൽ ആയി അഞ്ചു പേർക്ക് ഒന്നിച്ച് കയറാവുന്ന പാക്കേജ് 1,200 റിയാൽ മുതൽ ലഭ്യമാണ്. ക്യൂ നിൽക്കാതെ റൈഡുകളിൽ കയറാൻ ‘ഗോ ഫാസ്റ്റ് പാസ്’ എന്ന പ്രത്യേക പാസും അധിക തുക നൽകി വാങ്ങാവുന്നതാണ്.
പ്രവർത്തനസമയം
സിക്സ് ഫ്ലാഗ്സ് ഖിദ്ദിയ പാർക്ക് എല്ലാ ദിവസവും പ്രവർത്തിക്കും. വൈകുന്നേരം നാല് മുതലാണ് സന്ദർശകർക്ക് പ്രവേശനം. റിയാദ് നഗരമധ്യത്തിൽനിന്ന് ഏകദേശം 45 കിലോമീറ്റർ അകലെയാണ് ഖിദ്ദിയ സ്ഥിതി ചെയ്യുന്നത്. മെട്രോയും ഷട്ടിൽ ബസും വഴി ഇവിടെ എത്തിച്ചേരാം. റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിലെ ജിദ്ദ റോഡ് സ്റ്റേഷൻ, ബ്ലൂ, റെഡ് ലൈനുകളിലെ എസ്.ടി.സി എന്നീ സ്റ്റേഷനുകളിൽനിന്ന് ഖിദ്ദിയയിലേക്ക് അര മണിക്കൂർ ഇടവിട്ട് സൗജന്യ ഷട്ടിൽ ബസ് സർവിസുകളുണ്ട്.
പാർക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള സന്ദർശകർക്കായി വൈകുന്നേരം മൂന്ന് മുതൽ ഷട്ടിൽ ബസുകൾ സർവിസ് ആരംഭിക്കും. സ്വന്തം വാഹനത്തിലോ ടാക്സിയിലോ വരുന്നവർക്ക് ഖിദ്ദയയിലെ പാർക്കിങ് ഏരിയയിൽനിന്ന് പാർക്കിലേക്ക് സൗജന്യ ഷട്ടിൽ ബസ് സർവിസ് ലഭ്യമാണ്. റിയാദ് നഗരത്തിൽനിന്ന് കിങ് ഫഹദ് റോഡിലൂടെ തെക്കോട്ട് സഞ്ചരിച്ച് മക്ക/ഖിദ്ദയ റോഡ് (റൂട്ട് 539) വഴി ഖിദ്ദിയയിൽ എത്തിച്ചേരാം. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും www.SixFlagsQiddiyaCity.com എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

