റിയാദിൽ സീതി സാഹിബ് സാമൂഹിക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു
text_fieldsറിയാദ് കെ.എം.സി.സി സാമൂഹിക പഠനകേന്ദ്ര ഉദ്ഘാടന പരിപാടിയിൽ മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി ഉസ്മാൻ താമരത്ത് പ്രഭാഷണം നിർവഹിക്കുന്നു
റിയാദ്: കെ.എം.സി.സി സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള പൊളിറ്റിക്കൽ വിങ്ങിന്റെ നേതൃത്വത്തിൽ റിയാദിൽ സീതി സാഹിബ് സാമൂഹിക പഠനകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫയും കുട്ടി അഹ്മദ് കുട്ടി സ്മാരക ലൈബ്രറിയുടെ നാമകരണം അഷ്റഫ് തങ്ങൾ ചെട്ടിപ്പടിയും നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര അധ്യക്ഷത വഹിച്ചു. പഠനകേന്ദ്രത്തിന്റെ ഭാഗമായി ആരംഭിക്കുന്ന പരിശീലനക്കളരിയിൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ ഉദ്ഘാടനം സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഉസ്മാൻ അലി പാലത്തിങ്ങലും ഡിബേറ്റ് ക്ലബ്ബിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് മജീദ് പയ്യന്നൂരും നിർവഹിച്ചു.
‘സീതി സാഹിബും ഫാറൂഖ് കോളജും’ എന്ന വിഷയത്തിൽ മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി ഉസ്മാൻ താമരത്ത് പ്രഭാഷണം നിർവഹിച്ചു. വിദ്യാഭ്യാസ പ്രവർത്തനം പ്രധാനപ്പെട്ട അജണ്ടയായി സ്വീകരിച്ച മുസ്ലിം ലീഗിന്റെ ഏറ്റവും വലിയ സംഭാവനകളിൽ ഒന്നാണ് ഫാറൂഖ് കോളജെന്നും അത് യഥാർഥ്യമാക്കാൻ കെ.എം. സീതി സാഹിബ് നടത്തിയ കഠിനാധ്വാനം ആർക്കും വിസ്മരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തെന്നിന്ത്യയിലെ അലീഗഢ് എന്ന ഫാറൂഖ് കോളജ് ഒരു ജനതയുടെ സാമൂഹിക പുരോഗതിക്ക് വലിയ സംഭാവനകളർപ്പിച്ച സ്ഥാപനമാണ്. ഫാറൂഖ് കോളജിന് വഖഫായി കിട്ടിയ മുനമ്പം ഭൂമിയുടെ കാര്യമാണ് അവസാനമായി കെ.എം. സീതി സാഹിബ് തന്നോട് പറഞ്ഞതെന്ന് സി.എച്ച്. മുഹമ്മദ് കോയ എഴുതിയ ഒരു ലേഖനത്തിൽ പറയുന്നുണ്ട്. വഖഫ് ഭൂമി സംരക്ഷിക്കപ്പെടണമെന്നും നിലവിലെ പ്രശ്നം അവസാനിപ്പിക്കാൻ സർക്കാർ നീതിപൂർവമായ നടപടി സ്വീകരിക്കണമെന്നും ഉസ്മാൻ താമരത്ത് അഭിപ്രായപ്പെട്ടു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് വെള്ളേപ്പാടം, സത്താർ താമരത്ത്, അബ്ദുറഹ്മാൻ ഫറൂഖ്, അസീസ് വെങ്കിട്ട, ഷാഫി തുവ്വൂർ, അഷ്റഫ് കൽപകഞ്ചേരി, സിറാജ് മേടപ്പിൽ, ഷമീർ പറമ്പത്ത്, ഷംസു പെരുമ്പട്ട, കബീർ വൈലത്തൂർ, പി.സി. അലി വയനാട്, പൊളിറ്റിക്കൽ വിങ് ഭാരവാഹികളായ നാസർ മംഗലത്ത്, പി.ടി. നൗഷാദ്, കരീം കാനാംപുരം, ആബിദ് കൂമണ്ണ എന്നിവർ പങ്കെടുത്തു. ചെയർമാൻ അഡ്വ. അനീർ ബാബു സ്വാഗതവും ജനറൽ കൺവീനർ ബഷീർ ഇരുമ്പുഴി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

