സിറിയയിലെ യു.എസ് ആക്രമണത്തെ സൗദി അറേബ്യ പിന്തുണച്ചു
text_fieldsജിദ്ദ: സിറിയയിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് അമേരിക്കന്‍ സൈന്യം നടത്തിയ മിസൈലാക്രമണത്തിന് സൗദിയുടെ പിന്തുണ. നിരപരാധികളായ സിവിലിയന്മാര്‍ക്കെതിരെ രാസായുധം പ്രയോഗിച്ച് സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകളെ കൊലപ്പെടുത്തിയ സിറിയന്‍ ഭരണാധികാരിക്കെതിരെയുള്ള മറുപടിയാണ് അമേരിക്കയുടെ ആക്രമണമെന്ന് സൗദി വിലയിരുത്തി. സിറിയന്‍ ജനതക്കെതിരെ ഹീനമായ ആക്രമണപരമ്പര തുടങ്ങിയിട്ട് വർഷങ്ങളായി. ഈ സൈനികാക്രമണത്തിെൻറ ഉത്തരവാദിത്തം സിറിയന്‍ ഭരണാധികാരിക്കാണ്.
നിരപരാധികളായ ജനങ്ങളുടെ നേര്‍ക്ക് സിറിയന്‍ ഭരണാധികാരി കാണിക്കുന്ന ക്രൂരമായ ആക്രമം തടയുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ട പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡൻറ് ഡൊണാള്‍ഡ് ഡ്രംപിെൻറ സൈനിക നടപടി ധീരമാണെന്നും വിദേശകാര്യവകുപ്പിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് സിറിയയിലെ ഇദ്ലിബ് മേഖലക്ക് വടക്ക് ഖാന്‍ശൈഖൂനയില്‍ രാസായുധ പ്രയോഗം നടന്നത്. നിരപരാധികളായ സ്ത്രീകളും കുട്ടികളുമടക്കം ഏകദേശം 72 ഓളം പേരാണ് മരിച്ചത്.
സംഭവത്തെ ലോക രാഷ്ട്രങ്ങളും മുസ്ലീം വേള്‍ഡ് ലീഗും (റാബിത്വ) ശക്തമായി അപലപിക്കുകയും ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഉണര്‍ന്ന് ശക്തമായ നിലപാടെടുക്കാന്‍ സമയമായിരിക്കുന്നുവെന്ന് ഉണര്‍ത്തുകയും ചെയ്തിരുന്നു. അമേരിക്ക നടത്തിയ മിസൈലാക്രമണത്തെ സൗദിക്ക് പുറമെ യു.എ.ഇ, കുവൈത്ത്, ബഹ്റൈന്‍, തുര്‍ക്കി, ജോർഡന്‍ തുടങ്ങി വിവിധ രാജ്യങ്ങള്‍ സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
