എസ്.ഐ.ആർ: ആശങ്ക പരിഹരിക്കണം -കെ.എം.സി.സി ടേബിൾ ടോക്
text_fieldsകെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ടേബിൾ ടോക്
യാംബു: ബിഹാറിന് പിന്നാലെ കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിലേക്ക് (എസ്.ഐ.ആർ) തെരഞ്ഞെടുപ്പ് കമ്മീഷൻ കടക്കവേ പ്രവാസി വോട്ടർമാരുടെ കാര്യത്തിലടക്കമുള്ള ആശങ്ക ബന്ധപ്പെട്ടവർ പരിഹരിക്കണമെന്ന് കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ടേബിൾ ടോക്ക് അഭിപ്രായപ്പെട്ടു.
യാംബു കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫിസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ എസ്.ഐ.ആർ വിഷയവുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ ചർച്ച ചെയ്തു. അബ്ദുറഹീം കരുവന്തിരുത്തി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാസർ നടുവിൽ അധ്യക്ഷത വഹിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുൽ റഷീദ് വേങ്ങര (യാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ), സൽമാൻ അൻവരി (എസ്.ഐ.സി), മുഹമ്മദ് നെച്ചിയിൽ (ഐ.സി.എഫ്), സബാഹ് ആലുവ (തനിമ), അഷ്ക്കർ അലി (വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ), സഫീൽ കടന്നമണ്ണ, നസീഫ് മാറഞ്ചേരി (പ്രവാസി വെൽഫെയർ), നിയാസ് യൂസുഫ് (മീഡിയവൺ), ഹനീഫ ഒഴുകൂർ എന്നിവർ ചർച്ചയിൽ സംസാരിച്ചു. പ്രവാസികൾ കൂടുതലുള്ള കേരളത്തിലെ വോട്ടർ പട്ടിക പരിഷ്കരണത്തിൽ എന്ത് നിലപാടാണ് ഉണ്ടാവുക എന്നതിൽ തെരഞ്ഞെടുപ്പ് കമീഷൻ കൂടുതൽ വ്യക്തത വരുത്തണമെന്നും തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള നടപടികളിൽ ഏറെ ജാഗ്രത വേണമെന്നും ഇത്തരം പൊതു വിഷയങ്ങളിൽ സംഘടനകൾ യോജിച്ച പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി സെക്രട്ടറി നിയാസ് പുത്തൂർ സ്വാഗതവും സെക്രട്ടറിയേറ്റ് അംഗം അർഷദ് പുളിക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

