എം.ജി ‘സിങ് ആൻഡ് വിങ്’ സംഗീത മത്സര വിജയികൾ
text_fieldsരതീഷ്, ഐറിസ്, പ്രേംജി കെ. ഭാസി, നിഹാൽ വിജിത്, അനിൽ കുമാർ
ദമ്മാം: ‘ഹാർമോണിയസ് കേരള’ സംഗീത സന്ധ്യയുടെ ഭാഗമായി ഗൾഫ് മാധ്യമം സൗദിയിലെ മലയാളികൾക്കായി നടത്തിയ ‘പാടൂ... നാടറിയട്ടെ’ സിങ് ആൻഡ് വിങ് ഗാനമത്സരത്തിലെ വിജയികൾക്ക് എം.ജി. ശ്രീകുമാർ സമ്മാനങ്ങൾ കൈമാറി. എം.ജിയുടെ പാട്ടുകൾ മാത്രം ഉൾപ്പെടുത്തി കഴിഞ്ഞ ഒരുമാസമായി നടന്നുവന്ന മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയിലെ വിജയികൾക്കാണ് ദമ്മാം റാഖ സ്പോർട്സ് സിറ്റി ഗ്രീൻ ഹാളിൽ ഒരുങ്ങിയ പ്രൗഢഗംഭീരമായ ചടങ്ങിൽ എം.ജിയിൽനിന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങാൻ അവസരം ലഭിച്ചത്.
ജൂനിയർ വിഭാഗത്തിൽ ഐറിസ് എൽമ ലിജു ഒന്നും, നിഹാൽ വിജിത് രണ്ടും, നിരഞ്ജന അജീഷ് മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു. സീനിയർ വിഭാഗത്തിൽ രതീഷ് കുമാർ ഒന്നും, പ്രേംജി കെ. ഭാസി രണ്ടും, അനിൽകുമാർ മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു. സമ്മാനങ്ങൾ ഏറ്റുവാങ്ങാൻ എത്തിയ വിജയികൾക്ക് വേദിയിൽ പാടാനുള്ള അവസരവും എം.ജി. ശ്രീകുമാർ ഒരുക്കി.
ഹാർമോണിയസ് കേരള പരിപാടി അരങ്ങേറുന്നതിനിടെയാണ് വിജയികളുടെ പ്രഖ്യാപനം നടന്നത്. ആദ്യം വേദിയിലെത്തിയ ഐറിസിനെ നേരത്തെ പരിചയമുണ്ടായിരുന്ന എം.ജി അവളുടെ ശബ്ദത്തിന്റെ മാസ്മരികതയെ പറ്റി പറഞ്ഞു. പിന്നീട് ഏത് പാട്ടാണ് പാടുന്നതെന്ന് തിരക്കി. ‘നിലാവിന്റെ നീല ഭസ്മക്കുറി അണിഞ്ഞവളെ’ പാടാം എന്ന് പറഞ്ഞപ്പോൾ ‘കുറച്ചു കടുപ്പം അല്ലേ’ എന്നായി എം.ജി. തുടർന്ന് ഐറിസിന്റെ ആഗ്രഹ പ്രകാരം ആ പാട്ട് തന്നെ പാടിക്കുകയായിരുന്നു.
രണ്ടാംസ്ഥാനം ലഭിച്ച നിഹാൽ ‘പൂവായി വിരിഞ്ഞു എന്ന ഗാനം’ ആലപിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഈ പാട്ട് പാടാൻ ആദ്യം സ്റ്റുഡിയോയിൽ ചെന്നപ്പോൾ സംഗീതജ്ഞൻ ഇളയരാജയുമായി ഉണ്ടായ അനുഭവം എം.ജി വിവരിച്ചത് പ്രേക്ഷകരിൽ ചിരി പടർത്തി. തുടർന്ന് സീനിയർ വിഭാഗത്തിൽ ഒന്നാംസ്ഥാനം ലഭിച്ച രതീഷ് കുമാർ ‘ഒരു കാതിലോല ഞാൻ കണ്ടീല’ എന്ന ഗാനം ആലപിച്ചു. മൂവരുടെയും ഗാനങ്ങൾ സദസ്സ് നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചു.
മൂന്നു ഘട്ടങ്ങളിലായി നടന്ന പരിപാടിയിൽ ആദ്യ ഘട്ടത്തിൽ നൂറുകണക്കിന് മത്സരാർഥികൾ പങ്കെടുത്തു. അവരിൽനിന്നും 10 പേരെയും ആ 10 പേരിൽനിന്നും അഞ്ചുപേരെയും തെരഞ്ഞെടുക്കുകയായിരുന്നു. ഫൈനലിലെത്തിയ സീനിയർ, ജൂനിയർ വിഭാഗങ്ങളായി അഞ്ചു പേർ ജഡ്ജസിന്റെ മുന്നിൽ നേരിട്ട് പാടിയാണ് വിജയം കരസ്ഥമാക്കിയത്. മത്സരങ്ങളെല്ലാം കടുപ്പമേറിയത് ആയിരുന്നെന്നും വിജയികളെ കണ്ടെത്താൻ പ്രയാസമായിരുന്നുവെന്നും വിധികർത്താക്കൾ ആയിരുന്ന സംഗീത അധ്യാപിക ദിവ്യ, ഗായകരായ അബ്ദുൽ റൗഫ് ചാവക്കാട്, ജസീർ കണ്ണൂർ എന്നിവർ പറഞ്ഞു.
റിയാദിൽ ജോലി ചെയ്യുന്ന സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച രതീഷ് കുമാർ പത്തനംതിട്ട തിരുവല്ല സ്വദേശികളായ രവീന്ദ്രനാഥൻ, സുധാദേവി ദമ്പതികളുടെ മകനാണ്. രണ്ടാം സ്ഥാനം കിട്ടിയ പ്രേം ജി കെ. ഭാസി കോട്ടയം ജില്ലയിലെ ഇത്തിത്താനം സ്വദേശിയും പ്രശസ്ത സംഗീതാചാര്യൻ ഭാസിയുടെ മകനാണ്. ഭാര്യ: പി.എൽ. ലെജി, മകൻ: ആദിശങ്കർ ഭാസി. മൂന്നാം സ്ഥാനം ലഭിച്ച അനിൽകുമാർ കോഴിക്കോട് പുതിയപ്പ സ്വദേശിയാണ്. ഭാര്യ: നൈന അനിൽകുമാർ. മകൻ പ്രണവ് സൗദിയിൽ ജോലി ചെയ്യുന്നു. ഇളയ മകൾ അഡ്വ. വൈഷ്ണ യു.കെയിൽ ഉപരിപഠനം നടത്തുന്നു.
ജൂനിയർ വിഭാഗം ഒന്നാം സ്ഥാനം കിട്ടിയ ഐറിസ് പത്തനം തിട്ട സ്വദേശിയായ ലിജു ജേക്കബ്, രഞ്ജിനി ദമ്പതികളുടെ മകളാണ്. ദമ്മാം ഇന്ത്യൻ സ്കൂളിൽ മൂന്നിൽ പഠിക്കുന്നു. ഒരു സഹോദരിയുണ്ട്, ഐറിൻ മറിയം ലിജു. രണ്ടാം സ്ഥാനത്ത് എത്തിയ നിഹാൽ തലശേരി സ്വദേശി വിജിത് പൊയ്യേരി, ബിജില ദമ്പതികളുടെ മകനാണ്. സഹോദരൻ തന്മയ് വിജിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

