വെള്ളിനക്ഷത്രങ്ങൾ ചരിത്ര നഗരിയിൽ; ജിദ്ദ റെഡ് സീ ഫിലിം ഫെസ്റ്റിവലിന് ഇന്ന് തിരശ്ശീല ഉയരും
text_fieldsജിദ്ദ: 10 ദിവസം നീളുന്ന റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ അഞ്ചാം പതിപ്പിന് ജിദ്ദയിൽ വ്യാഴാഴ്ച തിരശ്ശീല ഉയരും. ഡിസംബർ 13നാണ് സമാപനം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച ചരിത്രപ്രസിദ്ധമായ ജിദ്ദ നഗരം ആതിഥേയത്വം വഹിക്കുന്ന ഫെസ്റ്റിവലിൽ 70 രാജ്യങ്ങളിൽനിന്നുള്ള 138 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇതിൽ 100 ഫീച്ചർ ഫിലിമുകളും ഹ്രസ്വചിത്രങ്ങളുമുണ്ട്. 38 ചിത്രങ്ങൾ ലോക പ്രീമിയറുകളാണ്. ഇത്തവണ 16 ചിത്രങ്ങളാണ് ഒരു ലക്ഷം ഡോളർ സമ്മാനതുക ലഭിക്കുന്ന ‘യുസ്ർ അവാർഡി’നായി മത്സരിക്കുന്നത്. ഓസ്കാർ ജേതാവും അനോറ, ദി ഫ്ലോറിഡ പ്രോജക്റ്റ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനുമായ അമേരിക്കൻ സംവിധായകൻ സീൻ ബേക്കർ ഫീച്ചർ സിനിമ മത്സരത്തിന്റെ ജൂറി തലവനാകും. പ്രശസ്ത ബോക്സിങ് ഇതിഹാസം നസീം ഹമീദിന്റെ ജീവിതകഥ പറയുന്ന ‘ജയന്റ്’ എന്ന ബ്രിട്ടീഷ്-യമനി സിനിമ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. സൗദി സിനിമയുടെ വളർച്ച ലക്ഷ്യമിട്ട് റെഡ് സീ ഫിലിം ഫൗണ്ടേഷൻ പിന്തുണച്ച ഏഴ് ചിത്രങ്ങളും ഇത്തവണ പ്രദർശനത്തിനുണ്ടാകും.ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ ഉൾപ്പെടെയുള്ള പ്രമുഖർ ഫെസ്റ്റിവലിൽ അതിഥികളായെത്തുന്നുണ്ട്. ഫെസ്റ്റിവലിന്റെ വർണാഭമായ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന ഐശ്വര്യ റായ് ബച്ചൻ വ്യാഴാഴ്ച ഉച്ചക്ക് 2.30ന് ‘ഇൻ കോൺവർസേഷൻ’ സെഷനിൽ ഒരു മണിക്കൂർ ആരാധകരുമായി സംവദിക്കും. ഇതിലേക്കുള്ള ടിക്കറ്റുകൾ ഇതിനകം വിറ്റുതീർന്നു.
പ്രമുഖ സൗദി താരങ്ങളും അറബ് ലോകത്തെയും അന്താരാഷ്ട്രതലത്തിലെയും ചലച്ചിത്ര പ്രവർത്തകരും മേളയുടെ ഭാഗമാകും.
ചലച്ചിത്ര പ്രദർശനങ്ങൾ കൂടാതെ ചലച്ചിത്ര നിർമാണത്തെക്കുറിച്ചുള്ള സെമിനാറുകൾ, പരിശീലന ശിൽപശാലകൾ, പ്രമുഖരുമായുള്ള സംഭാഷണങ്ങൾ തുടങ്ങിയ വിപുലമായ പരിപാടികളും മേളയുടെ ഭാഗമായി നടക്കും. മത്സര വിഭാഗത്തിലെ 16 സിനിമകളിലൂടെ പ്രധാനമായും ചർച്ച ചെയ്യുന്ന വിഷയം ‘നഷ്ടപ്പെടുകയും കണ്ടെത്തുകയും ചെയ്യുക’ എന്നതാണെന്ന് ഇന്റർനാഷനൽ പ്രോഗ്രാംസ് ഡയറക്ടർ ഫിയോനുല ഹാലിഗൻ പറഞ്ഞു. സൊമാലിയൻ ഗ്രാമത്തിലെ വിവാഹാഘോഷത്തിന് ശേഷം കാണാതാകുന്ന ഒമ്പത് വയസ്സുകാരിയെക്കുറിച്ചുള്ള മുഹമ്മദ് ശൈഖിന്റെ ‘ബാർണി’, ആദ്യമായി റോഹിങ്ക്യൻ ഭാഷയിൽ നിർമിച്ച അക്കിയോ ഫുജിമോട്ടോയുടെ ‘ലോസ്റ്റ് ലാൻഡ്’ എന്നിവ ഈ വിഷയത്തെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങളാണ്.കുറഞ്ഞകാലത്തിനുള്ള ലോകശ്രദ്ധയാകർഷിക്കാൻ റെഡ് സീ ഫിലിം ഫെസ്റ്റിവലിനായിട്ടുണ്ട്.
കാൻ, വെനീസ് പോലുള്ള ലോകോത്തര ചലച്ചിത്ര മേളകളുടെ നിരയിൽ സ്വന്തമായി ഒരിടം കണ്ടെത്തിക്കഴിഞ്ഞു. പുതിയ സി.ഇ.ഒ ഫൈസൽ ബൽത്യൂറിന്റെ നേതൃത്വത്തിൽ നടക്കുന്ന ആദ്യ ഫെസ്റ്റിവലാണ് ഇത്തവണത്തേത്. സൗദി സിനിമയുടെ നവോഥാനത്തിന് പിന്നിലെ ചാലകശക്തിയായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു.
റെഡ് സീ ഫിലിം ഫൗണ്ടേഷൻ ആഗോള ഫെസ്റ്റിവൽ ഭൂപടത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞുവെന്നും ഈ വിജയം കെട്ടിപ്പടുക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണെന്നും ഫൈസൽ ബൽത്യൂർ പറഞ്ഞു. സൗദിയുടെ വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി പ്രാദേശികമായും അന്തർദേശീയമായും വളരുന്ന ചലച്ചിത്ര വ്യവസായത്തെ പിന്തുണക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിദ്ദ റെഡ് സീ ഫിലിം ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും പ്രവേശന ടിക്കറ്റുകൾക്കും https://fms.redseafilmfest.com വെബ്സൈറ്റ് സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

