സൗദികളുടെ വിദേശ സഞ്ചാരത്തിൽ ഗണ്യമായ കുറവ്
text_fieldsയാംബു: സൗദി പൗരന്മാരുടെ വിദേശ രാജ്യ സഞ്ചാരത്തിൽ ഗണ്യമായ കുറവെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം സന്ദർശിച്ച വിദേശ രാജ്യങ്ങളുടെ എണ്ണം വളരെ കുറവായിരുന്നതായി ട്രാവൽ ഏജൻസി രംഗത്തെ ഒരു പഠനറിപ്പോർട്ട് വ്യക്തമാക്കി.
കോവിഡ് മഹാമാരിക്കാലത്തെ പ്രതിസന്ധിയിലും യാത്ര നിയന്ത്രണത്തിലുംപെട്ട് സൗദികൾ വിദേശ യാത്രകൾ കുറച്ചെന്നും രോഗഭീതി കുറഞ്ഞ പ്രധാനപ്പെട്ട ചില രാജ്യങ്ങളിലേക്ക് മാത്രം യാത്രകൾ പരിമിതപ്പെടുത്തിയെന്നും സ്ഥിതി വിവര കണക്കുകൾ വ്യക്തമാക്കുന്നു. സൗദി പൗരന്മാർ സന്ദർശനം നടത്തിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിമാന ടിക്കറ്റുകൾക്കും ഹോട്ടൽ ബുക്കിങ്ങിനുമാണ് കൂടുതൽ ആവശ്യക്കാർ.
ടൂറിസം മേഖലയിലേക്കുള്ള ഉല്ലാസ യാത്രകൾക്കും വിനോദ സഞ്ചാരത്തിനും മുമ്പുണ്ടായിരുന്ന പ്രിയം കുറഞ്ഞു വരുന്നതായും പഠനങ്ങൾ പറയുന്നു. ഒന്നര വർഷം മുമ്പുണ്ടായിരുന്ന വിദേശയാത്രകളുടെ സമവാക്യങ്ങൾ താളം മറിഞ്ഞത് ലോകത്തെ മഹാമാരിക്കാലത്തെ ഒരു പ്രതിസന്ധിയായി വിലയിരുത്തുന്നു. സൗദി അറേബ്യ ആഭ്യന്തര സഞ്ചാരികൾക്കായി ആധുനിക രീതിയിലുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളും മറ്റ് വിനോദ പരിപാടികളും ഒരുക്കിയത് പൗരന്മാരുടെ വിദേശ യാത്രക്കുള്ള താൽപര്യം കുറയ്ക്കാൻ കാരണമായെന്നും വിലയിരുത്തുന്നു.
രാജ്യത്ത് പ്രധാനമായും 40 വിനോദ സഞ്ചാരകേന്ദ്രങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനാൽ ഉല്ലാസത്തിനായി ആളുകൾ പുറത്തു പോകുന്നത് കുറയ്ക്കാൻ കാരണമായതായി ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കി. സൗദികൾ കഴിഞ്ഞ മാസം യാത്ര പോയ വിദേശരാജ്യങ്ങൾ ഈജിപ്ത്, മാലദ്വീപ്, സീഷെൽസ്, ഗ്രീസ്, ജോർജിയ, ഉെക്രെൻ, ജോർഡൻ, ലണ്ടൻ, ഫ്രാൻസ്, ബോസ്നിയ, യൂറോപ്പ്, അൽബേനിയ എന്നിവയായിരുന്നു. ഇവയിൽ തന്നെ ഏറ്റവും കൂടുതൽ സന്ദർശകർ തെരഞ്ഞെടുത്തത് ഈജിപ്ത്, ജോർജിയ, മാലിദ്വീപ്, ജോർഡൻ, ഉെക്രെൻ തുടങ്ങിയ രാജ്യങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

