സിഫ് റബീഅ ടീ ചാമ്പ്യൻസ് ലീഗ്: ഐ.എസ്.എൽ, ഐ.പി.എൽ, സന്തോഷ് ട്രോഫി മത്സരങ്ങളിലെ വൻ താരനിര ഇന്ന് കളത്തിലിറങ്ങും
text_fieldsജിദ്ദ: സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗിൽ ഇന്ന് അഞ്ച് മത്സരങ്ങൾ. കിങ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ വൈകീട്ട് നാല് മണിക്ക് 17 വയസ്സിനു താഴെയുള്ള ജൂനിയർ താരങ്ങൾ മത്സരിക്കുന്ന ഡി ഡിവിഷനിലെ നിർണായക മത്സരത്തിൽ പവർ സ്പോട് ഫിറ്റ്നസ് സ്പോർട്ടിങ് യുനൈറ്റഡ് ജിദ്ദ, ഗ്രീൻ ബോക്സ് ലോജിസ്റ്റിക്‌സ് ടാലന്റ് ടീൻസ് അക്കാഡമിയെ നേരിടും.
അഞ്ച് മണിക്ക് ബി ഡിവിഷനിലെ ആദ്യ മത്സരത്തിൽ കാഫ് ലോജിസ്റ്റിക്‌സ് ഫ്രണ്ട്‌സ് ജൂനിയർ ആർച്ചുണ് അഡ്വെർടൈസിങ് ആൻഡ് ഇവന്റ്സ് എ.സി.സി എഫ്.സി ബി ടീമിനെയും, രണ്ടാം മത്സരത്തിൽ ബുക്കറ്റ് എഫ്.സി സോക്കർ ഫ്രീക്‌സ് സീനിയേഴ്‌സ്, അഹ്‌ദാബ് ഇന്റർനാഷനൽ സ്‌കൂൾ ചാംസ് ന്യൂ കാസിൽ എഫ്.സിയെയും നേരിടും. ബി ഡിവിഷനിലെ മൂന്നാം മത്സരത്തിൽ വിജയ് മസാല ബി.എഫ്.സി ജിദ്ദ ബ്ലൂസ്റ്റാർ സീനിയേഴ്‌സ്, വെൽ കണക്ട് ഐ.ടി ആൻഡ് സെക്യൂരിറ്റി സൊല്യൂഷൻസ് യൂത്ത് ഇന്ത്യ ക്ലബ്ബിനെ നേരിടും. ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ പ്രവേശനത്തിന് എല്ലാ ടീമുകൾക്കും വിജയം അനിവാര്യമായതിനാൽ എല്ലാ മത്സരങ്ങളിലും വാശിയേറിയ പോരാട്ടം ഉറപ്പാണ്.
ഒമ്പത് മണിക്ക് നടക്കുന്ന എ ഡിവിഷൻ ക്ലാസിക് പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരും നിലവിലെ റണ്ണേഴ്‌സ് അപ്പുമായ എച്ച്.എം.ആർ റിയൽ കേരള എഫ്.സി, ജിദ്ദയിലെ മഞ്ഞപ്പട എന്നറിയപ്പെടുന്ന അർകാസ് ബ്ലാസ്‌റ്റേഴ്‌സ് എഫ്.സിയെ നേരിടും. മുൻ ഇന്ത്യൻ താരം വി.പി സുഹൈറിന്റെ നേതൃത്വത്തിൽ ഐ.എസ്. എൽ താരങ്ങളായ യാഷിം മാലിക്, അമീൻ കോട്ടകുത്, മുബീൻ, ആദിൽ അമൻ തുടങ്ങി വമ്പൻ താരനിരയുമായി കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചു പിടിക്കാൻ കച്ചകെട്ടി ഇറങ്ങുന്ന എച്ച്.എം.ആർ റിയൽ കേരള എഫ്.സി ഒരു ഭാഗത്ത് അണിനിരക്കുമ്പോൾ, ഈസ്റ്റ് ബംഗാൾ താരം സുജേഷ് നെല്ലിപ്പറമ്പന്റെ നേതൃത്വത്തിൽ ഐ.എസ്.എൽ, സന്തോഷ് ട്രോഫി താരങ്ങളായ അൻസിൽ അഷ്റഫ്, മുഹമ്മദ് ആദിൽ ഷാൻ, മുഹമ്മദ് നബീൽ, മിദ്‌ലാജ് തുടങ്ങി പരിചയ സമ്പന്നരായ താരനിരയെ അണിനിരത്തി തങ്ങളുടെ കന്നി എ ഡിവിഷൻ കിരീടം സ്വന്തമാക്കാനുറച്ച് മറുവശത്ത് ആർക്കാസ് ബ്ലാസ്റ്റേഴ്‌സ് എഫ്.സി പോരാട്ടത്തിനിറങ്ങുമ്പോൾ മത്സരം തീപാറുമെന്നുറപ്പാണ്.
പ്രമുഖ യുടൂബ് കോമഡി താരങ്ങളായ 'കൊമ്പൻകാട് കോയയും കുഞ്ഞാപ്പു'വും ഇന്ന് സ്റ്റേഡിയത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കും. സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പെടെ മുഴുവൻ ഫുട്ബാൾ പ്രേമികൾക്കും മത്സരം കാണാനുള്ള സൗകര്യം സ്റ്റേഡിയത്തിലുണ്ടെന്നും സാൻഫോർഡും സിഫും സംയുക്തമായി നടത്തുന്ന ഭാഗ്യനറുക്കെടുപ്പിലെ വിജയികൾക്ക് ആകർഷണീയമായ സമ്മാനങ്ങൾ ലഭിക്കുമെന്നും സിഫ് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

