ജിദ്ദയിൽ ആവേശപ്പോര്; സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ പോരാട്ടങ്ങൾ നാളെ
text_fieldsഎ ഡിവിഷൻ സെമി ഫൈനലിൽ മാറ്റുരക്കുന്ന ടീമുകൾ
ജിദ്ദ: സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) സംഘടിപ്പിക്കുന്ന ‘സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗി’ന്റെ സെമിഫൈനൽ പോരാട്ടങ്ങൾ വെള്ളിയാഴ്ച ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കും. വൈകീട്ട് നാലിന് ആരംഭിക്കുന്ന മത്സരങ്ങളിൽ ഇന്ത്യൻ ഫുട്ബാളിലെ പ്രമുഖ താരങ്ങളും മണിപ്പൂരി കരുത്തും മാറ്റുരയ്ക്കും. കാണികൾക്കായി ഭാഗ്യനറുക്കെടുപ്പിലൂടെ നാട്ടിൽ ഒരു സ്കൂട്ടി ഉൾപ്പെടെ നിരവധി സമ്മാനങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
വൈകീട്ട് നാലിന് നടക്കുന്ന ബി ഡിവിഷനിലെ ആദ്യ സെമിയിൽ അഹ്‌ദാബ് ഇന്റർനാഷനൽ സ്‌കൂൾ ചാംസ് ന്യൂ കാസിൽ എഫ്.സി, ആർച്ചുണ് അഡ്വെർടൈസിങ് ആൻഡ് ഇവെന്റ്സ് എ.സി.സി ബി ടീമിനെ നേരിടും. രണ്ടാം സെമിയിൽ ഡേ ബൈ ഡേ മാർക്കറ്റ് യാസ് എഫ്.സി, എച്ച്.എം.ആർ ജെ.എസ്.സി ഫാൽക്കൺ എഫ്.സിയുമായി ഏറ്റുമുട്ടും. മുഹമ്മദൻസ് താരം നിഷാദ് മാവൂർ, മണിപ്പൂരി താരം ഷാജഹാൻ മുഹമ്മദ്, തെലങ്കാന സംസ്ഥാന താരം ഇമാദ് നാസർ എന്നിവർക്കൊപ്പം സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ബി ഡിവിഷനിൽ അണിനിരക്കും.
ബി ഡിവിഷൻ സെമി ഫൈനലിൽ മാറ്റുരക്കുന്ന ടീമുകൾ
വൈകുന്നേരം 6.30-ന് നടക്കുന്ന എ ഡിവിഷനിലെ ആദ്യ സെമിയിൽ മുൻ ചാമ്പ്യന്മാരായ എച്ച്.എം.ആർ റിയൽ കേരള എഫ്.സി, അർകാസ് ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുമായി കൊമ്പുകോർക്കും. ഇന്ത്യൻ താരം വി.പി. സുഹൈർ, ഈസ്റ്റ് ബംഗാൾ താരം അമൻ, ഡ്രിബ്ലിംഗ് താരം ‘കുട്ടപ്പായി’ എന്ന ജിബിൻ വർഗീസ്, സന്തോഷ് ട്രോഫി താരം അമീൻ കോട്ടക്കുത്ത്, ഗോൾകീപ്പർ ഷിബിലി എന്നിവരാണ് റിയൽ കേരളയുടെ കരുത്ത്. മറുഭാഗത്ത് ഫോഴ്‌സ കൊച്ചി താരം മുർഷിദ്, നായകൻ ഇഖ്‌ബാൽ, അനീസ്, തൃശൂർ മാജിക് താരം മുഹമ്മദ് ജിയാദ്, അക്മൽ ഷാൻ, മലപ്പുറം എഫ്.സി താരം ഫസലുറഹ്‌മാൻ എന്നിവരടങ്ങുന്ന ശക്തമായ നിരയുമായാണ് ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്.
രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ബാൻ ബേക്കറി മഹ്ജർ എഫ്.സിയും മുൻ ചാമ്പ്യന്മാരായ റീം അൽ ഉല ഈസ്റ്റീ സാബിൻ എഫ്.സിയും തമ്മിലാണ് പോരാട്ടം. സഹൽ അബ്ദുൽ സമദ്, സുഹൈൽ, റിസ്‌വാൻ അലി, വിഷ്ണു (തിരുവനന്തപുരം കൊമ്പൻസ്), ജസിൽ പോറ്റമ്മൽ, രാഹുൽ വേണു തുടങ്ങിയ വമ്പൻ താരനിരയാണ് മഹ്ജർ എഫ്.സിക്കായി ബൂട്ടണിയുന്നത്. മണിപ്പൂരി താരങ്ങളായ അല്ലൻ ക്യാമ്പർ, ഒവാനിജു പാജു, ദാമൻ ചൈൻ എന്നിവർക്കൊപ്പം മുഹമ്മദ് സനാൻ, അഫ്ദൽ മുത്തു, അർജുൻ ജയരാജ്, ബിബിൻ ബോബൻ, നായകൻ അൻസിൽ എന്നിവർ സാബിൻ എഫ്.സിയുടെ വിജയത്തിനായി കളത്തിലിറങ്ങും.
കളി കാണാനെത്തുന്നവർക്കായി സാൻഫോർഡും സിഫും സംയുക്തമായി നിരവധി ആകർഷകമായ സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ സ്കൈമോണ്ട് നൽകുന്ന നാട്ടിൽ ഒരു സ്കൂട്ടി’ എന്ന മെഗാ പ്രൈസും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ടെന്ന് സിഫ് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

