സിഫ് റബീഅ ടീ ചാമ്പ്യൻസ് ലീഗ് കൊട്ടിക്കലാശം ഇന്ന്
text_fieldsജിദ്ദ: സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം സംഘടിപ്പിക്കുന്ന ‘സിഫ് റബീഅ ടീ ചാമ്പ്യൻസ് ലീഗി’ന് ഇന്ന് കലാശക്കൊട്ട്. വസീരിയയിലെ അൽ താവൂൻ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച രാത്രി എട്ട് മുതൽ മൂന്ന് ഡിവിഷനുകളിലായി നടക്കുന്ന ഫൈനലിൽ പ്രമുഖ ഇന്ത്യൻ താരങ്ങളും പ്രാദേശിക പ്രതിഭകളും ഏറ്റുമുട്ടും.
വി.പി സുഹൈറും മുഹമ്മദ് സനാനും നേർക്കുനേർ ഏറ്റുമുട്ടുന്ന എ ഡിവിഷൻ ഫൈനലിൽ രാത്രി 10ന് മുൻ ചാമ്പ്യന്മാരായ എച്ച്.എം.ആർ റിയൽ കേരള എഫ്.സിയും റീം അൽ ഉല ഈസ്റ്റീ സബീൻ എഫ്.സിയും തമ്മിൽ മാറ്റുരക്കും. വി.പി. സുഹൈർ നയിക്കുന്ന റിയൽ കേരള നിരയിൽ ഈസ്റ്റ് ബംഗാളിന്റെ അമൻ, ജിദ്ദയിലെ ഡ്രിബ്ലിങ് സ്റ്റാർ കുട്ടപ്പായി എന്ന ജിബിൻ വർഗീസ്, സന്തോഷ് ട്രോഫി താരം അമീൻ കോട്ടകുത്ത്, ഗോൾവല കാക്കാൻ വിശ്വസ്ത കരങ്ങളായ ഷിബിലി എന്നിവരോടൊപ്പം ലൈറ്റ് സൈനിങ് ആയി എഫ്.സി ഗോവ താരം മുഹമ്മദ് നെമിൽ തുടങ്ങിയ വമ്പൻ താരങ്ങളുണ്ട്.
മറുഭാഗത്ത് സെമിയിൽ നിലവിലെ ചാമ്പ്യന്മാരെ അട്ടിമറിച്ചെത്തുന്ന സബീൻ എഫ്.സിക്കായി യുവതാരം മുഹമ്മദ് സനാൻ, കേരള സന്തോഷ് ട്രോഫി താരം അഫ്ദൽ മുത്തു, ഗോകുലം എഫ്.സിയുടെ ബിബിൻ ബോബൻ, നോർത്ത് ഈസ്റ്റ യുനൈറ്റഡിെൻറ മണിപ്പൂരി താരങ്ങളായ അലൻ ക്യാമ്പർ, ഒവാനിജു പാജു, ദാമൻ ചൈൻ, സെമിഫൈനലിൽ നിർണായക ഗോളടിച്ച് ടീമിനെ ഫൈനലിലെത്തിച്ച നായകൻ അൻസിൽ എന്നിവർക്കൊപ്പം ലൈറ്റ് സൈനിങ് ആയി കേരള ബ്ലാസ്റ്റേഴ്സ് താരം നിഹാൽ സുധീഷും മലപ്പുറം എഫ്.സിയുടെ ഗോൾകീപ്പർ അജ്മലും കൂടി അണിനിരക്കുന്നതോടെ പോരാട്ടം കനക്കും. ബി ഡിവിഷൻ ഫൈനലിൽ രാത്രി ഒമ്പതിന് ഡേ ബൈ ഡേ യാസ് എഫ്.സിയും അഹ്ദാബ് ഇൻറർനാഷനൽ സ്കൂൾ ചാംസ് ന്യൂകാസിൽ എഫ്.സിയും ഏറ്റുമുട്ടും.
മണിപ്പൂരി താരം ഷാജഹാൻ മുഹമ്മദ്, ഹൈദരാബാദ് താരം ഇമാദ് ഷംലാൻ, മലപ്പുറം ജില്ലാ താരങ്ങളായ അമൻ മായൻ, ഫാസിൽ കൊണ്ടോട്ടി, മാഹിൻ ഹുസൈൻ തുടങ്ങി താരങ്ങൾ യാസ് എഫ് സിക്ക് വേണ്ടിയും, മുഹമ്മദൻസ് താരം നിഷാദ് മാവൂർ, കെ.പി.എൽ താരങ്ങളായ നിമേഷ് ആന്റോ, മുഹമ്മദ് ബാസിത്, മുഹമ്മദ് അമീൻ, നിബ്രാസ് തുടങ്ങിയ താരങ്ങൾ ന്യൂകാസിൽ എഫ്.സിക്ക് വേണ്ടിയും കളത്തിലിറങ്ങുന്നു. സെമി ഫൈനലിൽ ശക്തരായ എതിരാളികളെ വീഴ്ത്തിയെത്തിയ ഇരു ടീമുകളും കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.
ഭാവി താരങ്ങൾ അണിനിരക്കുന്ന ഡി ഡിവിഷൻ (അണ്ടർ-17) ഫൈനലിൽ രാത്രി എട്ടിന് ഇ.എഫ്.എസ് ലോജിസ്റ്റിക്സ് ജെ.എസ്.സി സോക്കർ അക്കാദമി, ഗ്രീൻ ബോക്സ് ലോജിസ്റ്റിക്സ് ടാലന്റ് ടീൻസ് ഫുട്ബാൾ അക്കാദമിയുമായി ഏറ്റുമുട്ടും. സുബ്രതോ കപ്പ് നാഷനൽ ചാമ്പ്യൻഷിപ്പിൽ സൗദിയെ പ്രതിനിധീകരിച്ച മിന്നും താരങ്ങളാണ് ഇരു ടീമുകളിലുമായി അണിനിരക്കുന്നത്. പ്രഫഷനൽ കോച്ചുമാരുടെ കീഴിൽ പരിശീലനം നേടിയ കുട്ടികളുടെ പോരാട്ടം നേരിൽ കാണാൻ വലിയൊരു കായികപ്രേമികളെയാണ് വസീരിയയിലേക്ക് സംഘാടകർ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

