സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗ്; എ ഡിവിഷൻ ഫൈനൽ റൗണ്ട് പോരാട്ടങ്ങൾ നാളെ
text_fieldsജിദ്ദ: സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) സംഘടിപ്പിക്കുന്ന റബിഅ ടീ ചാമ്പ്യൻസ് ലീഗ് അന്ത്യത്തിലേക്ക്. വെള്ളിയാഴ്ച ജിദ്ദ വസീരിയയിലെ അൽ താവൂൻ സ്റ്റേഡിയത്തിൽ നടക്കുന്ന എ ഡിവിഷൻ അവസാന ഗ്രൂപ് മത്സരങ്ങളിലും ബി ഡിവിഷൻ ക്വാർട്ടർ ഫൈനലുകളിലും ഇന്ത്യൻ ഫുട്ബാളിലെ വമ്പൻ താരനിര അണിനിരക്കും.
ഇന്ത്യൻ ദേശീയ താരം വി.പി. സുഹൈർ, മലയാളി താരോദയം സുഹൈൽ, കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസ്‌വാൻ അലി, ഈസ്റ്റ് ബംഗാളിന്റെ അമൻ തുടങ്ങി പ്രമുഖ താരങ്ങൾ വിവിധ ടീമുകൾക്കായി ബൂട്ടണിയുന്നത് കാണാൻ വൻ ജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്.
എ ഡിവിഷനിലെ ആദ്യ മത്സരത്തിൽ ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ലക്ഷ്യമിട്ട് എച്ച്.എം.ആർ റിയൽ കേരള എഫ്.സി കരുത്തരായ എഫ്.സി യാംബുവിനെ നേരിടും. സെമി ഉറപ്പിച്ച റിയൽ കേരളക്ക് വേണ്ടി വി.പി. സുഹൈറും അമനും മുന്നേറ്റം നയിക്കുമ്പോൾ അമീൻ കോട്ടകുത്ത്, യാഷിം മാലിക് എന്നിവർ പ്രതിരോധക്കോട്ട കാക്കും. മറുവശത്ത് സെമി പ്രവേശനം ലക്ഷ്യമിടുന്ന എഫ്.സി യാംബു നിരയിൽ സൂരജ്, അഭിജിത്, മിജമൽ ഷാൻ എന്നിവർക്കൊപ്പം പ്രമുഖ താരങ്ങളായ ദിൽഷാദും ഡാനിഷും തിരിച്ചെത്തുന്നത് ആവേശം വർധിപ്പിക്കും. മറ്റൊരു പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബാൻ ബേക്കറി മഹ്ജർ എഫ്.സിയും അർകാസ് ബ്ലാസ്റ്റേഴ്‌സും ഏറ്റുമുട്ടും.
സഹൽ അബ്ദുൽ സമദ്, സുഹൈൽ, റിസ്‌വാൻ അലി തുടങ്ങിയ വമ്പൻ താരങ്ങളുമായി ഇറങ്ങുന്ന മഹ്ജർ എഫ്.സിയെ നേരിടാൻ ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാണ് ജിദ്ദയിലെ മഞ്ഞപ്പടയായ അർകാസ് ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്. ബി ഡിവിഷനിലെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളും നാളെ നടക്കും. ചാമ്പ്യന്മാരായ സൈക്ലോൺ മൊബൈൽ ഐ.ടി സോക്കർ എഫ്.സി, എ.സി.സി ബി ടീമുമായും ഡേ ബൈ ഡേ മാർക്കറ്റ് യാസ് എഫ്.സി, അൽഫിഫി ജിദ്ദയുമായും ഏറ്റുമുട്ടും.
അവസാന ക്വാർട്ടറിൽ എച്ച്.എം.ആർ ജെ.എസ്.സി ഫാൽക്കൺ എഫ്.സിയും റെഡ്‌സീ ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് മത്സരം. വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന മത്സരങ്ങൾ കാണാനെത്തുന്നവർക്കായി സ്കൈമോണ്ട് നൽകുന്ന സ്കൂട്ടി ഉൾപ്പെടെയുള്ള ആകർഷകമായ സമ്മാനങ്ങളും ഭാഗ്യ നറുക്കെടുപ്പിലൂടെ കാത്തിരിക്കുന്നുണ്ടെന്ന് സിഫ് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

