സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗ്; ഡി ഡിവിഷനിൽ ടാലന്റ് ടീൻസും ജെ.എസ്.സിയും ഫൈനലിൽ
text_fieldsന്യൂ കാസിൽ എഫ്.സി, ബി.എഫ്.സി മത്സരത്തിൽ നിന്ന്, ടാലന്റ് ടീൻസ്, സ്പോർട്ടിങ് യുനൈറ്റഡ് ക്ലബ് മത്സരത്തിൽ നിന്ന്
ജിദ്ദ: സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) ജിദ്ദയിൽ സംഘടിപ്പിച്ചുവരുന്ന സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗിൽ ആവേശകരമായ പോരാട്ടങ്ങൾ തുടരുന്നു. 17 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഡി ഡിവിഷനിൽ ടാലന്റ് ടീൻസ് അക്കാദമിയും ജെ.എസ്.സി സോക്കർ അക്കാദമിയും ഫൈനലിൽ പ്രവേശിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ആദ്യ സെമിഫൈനലിൽ പവർ സ്പോട്ട് ഫിറ്റ്നസ് സ്പോർട്ടിങ് യുനൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ടാലന്റ് ടീൻസ് ഫൈനലുറപ്പിച്ചത്. രണ്ട് ഗോളുകളും നേടിയ മുഹമ്മദ് ഷിഹാൻ ആണ് പ്ലെയർ ഓഫ് ദി മാച്ച്. രണ്ടാം സെമിഫൈനലിൽ ലിങ്ക് ടെലികോം സോക്കർ ഫ്രീക്സ് ജൂനിയറിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് ജെ.എസ്.സി സോക്കർ അക്കാദമി കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചതിനെത്തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ മുഹമ്മദ് റിദാനിലൂടെ സോക്കർ ഫ്രീക്സ് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ മുഹമ്മദ് നിഷാൻ നേടിയ രണ്ട് ഗോളുകളിലൂടെ ജെ.എസ്.സി തകർപ്പൻ തിരിച്ചുവരവ് നടത്തുകയായിരുന്നു. മുഹമ്മദ് നിഷാനാണ് കളിയിലെ താരം.
ബി ഡിവിഷൻ ആദ്യ ക്വാർട്ടർ ഫൈനലിൽ വിജയ് മസാല ബി.എഫ്.സി ജിദ്ദയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി അഹ്ദാബ് ഇന്റർനാഷനൽ സ്കൂൾ ന്യൂകാസിൽ എഫ്.സി സെമിഫൈനലിൽ പ്രവേശിച്ചു. രണ്ടുതവണ പിന്നിലായ ശേഷമായിരുന്നു ന്യൂകാസിലിന്റെ ഉജ്ജ്വല തിരിച്ചുവരവ്. ബി.എഫ്.സിക്കായി അമൻ തോട്ടശ്ശേരി, മുഹമ്മദ് അൻസ എന്നിവർ ഗോളുകൾ നേടിയപ്പോൾ, ന്യൂകാസിലിനായി നിബിൽ, മുഹമ്മദ് അനീസ് എന്നിവരും തിരൂർ സാറ്റ് എഫ്.സി താരം മുഹമ്മദ് നിബ്രാസും (2) ലക്ഷ്യം കണ്ടു. മുഹമ്മദ് നിബ്രാസിനെ പ്ലെയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു.
ബി ഡിവിഷനിലെ മറ്റൊരു മത്സരത്തിൽ റബിഅ ടീ ബ്ലൂസ്റ്റാർ എ ടീമും എം.എസ്.ഐ കോൾഡ് ചെയിൻ ടെക്നോളജീസ് റെഡ്സീ ബ്ലാസ്റ്റേഴ്സും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. റെഡ്സീ ബ്ലാസ്റ്റേഴ്സിനായി ഷാനിഫ്, സുബിൻ കൃഷ്ണ എന്നിവരും ബ്ലൂസ്റ്റാറിനായി സുഫൈദ്, മുഹമ്മദ് സഫ്നീദ് എന്നിവരും സ്കോർ ചെയ്തു. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് ജയവും ഒരു സമനിലയുമടക്കം ഏഴ് പോയിന്റോടെ റെഡ്സീ ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടർ ഫൈനലിലെത്തി. ഷാനിഫ് ആണ് കളിയിലെ താരം.
എ ഡിവിഷനിലെ അവസാന ലീഗ് മത്സരങ്ങളിൽ അടുത്ത വെള്ളിയാഴ്ച എച്ച്.എം.ആർ റിയൽ കേരള എഫ്.സി, എഫ്.സി യാംബുവിനെയും, ബാൻ ബേക്കറി മഹ്ജർ എഫ്.സി, അർകാസ് ബ്ലാസ്റ്റേഴ്സിനെയും നേരിടും. ബി ഡിവിഷൻ ക്വാർട്ടർ ഫൈനൽ മത്സരങ്ങളും അന്ന് നടക്കും.
ഐ.എസ്.എൽ, ഐ-ലീഗ് താരങ്ങൾ അണിനിരക്കുന്ന മത്സരങ്ങൾ കാണാനെത്തുന്നവർക്കായി സാൻഫോർഡ് നൽകുന്ന ആകർഷകമായ സമ്മാനങ്ങളും സ്കൈമോണ്ട് നൽകുന്ന 'നാട്ടിൽ ഒരു സ്കൂട്ടി' ബമ്പർ സമ്മാനവും നറുക്കെടുപ്പിലൂടെ നൽകുമെന്ന് സിഫ് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

