സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗ്
text_fieldsജിദ്ദ: സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിെൻറ ആഭിമുഖ്യത്തിൽ ജിദ്ദയിൽ നടന്നുവരുന്ന സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗിൽ ഇന്ന് എ ഡിവിഷനിലെ മത്സരങ്ങൾ സെമി ഫൈനൽ സാധ്യതകൾ നിർണയിക്കുന്ന അതിനിർണായക പോരാട്ടങ്ങളാകും. ഇന്ത്യൻ സൂപ്പർ താരങ്ങളായ സഹൽ അബ്ദുൽ സമദ്, റിസ്വാൻ അലി, അഫ്സൽ മുത്തു തുടങ്ങി വൻ താരനിരയാണ് വസീരിയ അൽ താവൂൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ ബൂട്ടണിയുക.
രാത്രി 11 മുതൽ ആരംഭിക്കുന്ന മത്സരങ്ങളിൽ ബാൻ ബേക്കറി മഹ്ജർ എഫ്.സി, യാംബു എഫ്.സി ടീമുമായും, റീം അൽ ഉല ഈസ്റ്റി സാബിൻ എഫ്.സി എൻകംഫർട് എ.സി.സി എ ടീമിനെയും നേരിടും. ഇന്ത്യൻ ഫുട്ബാളിലെ ശ്രദ്ധേയ മുഖങ്ങളായ സഹൽ അബ്ദുൽ സമദ്, മുഹമ്മദ് സുഹൈൽ, കേരള ബ്ലാസ്റ്റേഴ്സ് താരം റിസ്വാൻ അലി, ഐ ലീഗ് താരങ്ങളായ ഫാരിസ് റഹ്മാൻ, അർഷൽ എന്നിവരടങ്ങിയ ശക്തമായ നിരയാണ് മഹ്ജറിെൻറ കരുത്ത്.
മറുവശത്ത്, ആദ്യ മത്സരത്തിൽ ശക്തരായ സാബിൻ എഫ്.സിയെ അട്ടിമറിച്ചതിെൻറ ആത്മവിശ്വാസത്തിലാണ് യാംബു എഫ്.സി. കേരള സന്തോഷ് ട്രോഫി താരം അജ്മൽ കുന്നുമ്മൽ, ഐ ലീഗ് താരങ്ങളായ ഫായിസ്, ദിൽഷാദ്, ഡാനിഷ് തുടങ്ങിയ പ്രമുഖരാണ് യാംബുവിനു വേണ്ടി കളത്തിലിറങ്ങുന്നത്. രണ്ടാം മത്സരത്തിൽ ഒരു പോയിന്റ് മാത്രമുള്ള റീം അൽ ഉല ഈസ്റ്റി സാബിൻ എഫ്.സിക്ക് സെമി ഫൈനൽ സാധ്യത നിലനിർത്തണമെങ്കിൽ ഇന്ന് ജയം അനിവാര്യമാണ്.ഇന്ത്യൻ താരം മുഹമ്മദ് സനാൻ, കേരള സന്തോഷ് ട്രോഫി താരം അഫ്സൽ മുത്തു, നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, ബാംഗ്ലൂർ എഫ്.സി ടീമുകളിലെ മണിപ്പൂരി താരങ്ങളായ അല്ലൻ ക്യാമ്പർ, ഒവാനിജു പാജു, ദാമൻ ചൈൻ തുടങ്ങിയ പ്രമുഖരെ അണിനിരത്തിയാണ് സാബിൻ എഫ്.സി ഇറങ്ങുന്നത്. മറുപക്ഷത്ത്, സിഫ് ഫുട്ബാളിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻപട്ടം നേടിയ റെക്കോർഡുള്ള എൻകംഫർട് എ.സി.സി എ ശക്തമായ ടീമാണ്.
കൊൽക്കത്ത മുഹമ്മദൻസ് താരം ഹന്നാൻ, റഫ്ഹാത് റംസാൻ, ഐ ലീഗ് താരം ആസിഫ് ചെറുകുന്നൻ, സനൂപ്, ഷിഹാബ് തുടങ്ങിയ താരങ്ങളാണ് എ.സി.സി എയുടെ ശക്തികേന്ദ്രം. മത്സരങ്ങൾ വസീരിയ അൽ താവൂൻ സ്റ്റേഡിയത്തിൽ രാത്രി 11 മണിക്ക് ആരംഭിക്കുമെന്നും കാണികൾക്കായി നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും സിഫ് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

