മുൻ ഫുട്ബാൾ താരം നജിമുദ്ദീന്റെ നിര്യാണത്തിൽ സിഫ് അനുശോചിച്ചു
text_fieldsകഴിഞ്ഞ ദിവസം നിര്യാതനായ മുൻ ഫുട്ബാൾ താരം നജിമുദ്ദീൻ
ജിദ്ദ: കേരളം കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിൽ ഒരാളും കളിക്കളത്തിൽ ഇന്ത്യൻ മറഡോണ എന്ന് വിശേഷിപ്പിക്കാവുന്ന ഫുട്ബാൾ താരവുമായിരുന്ന നജിമുദ്ദീന്റെ നിര്യാണത്തിൽ ജിദ്ദയിലെ സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) അനുശോചിച്ചു. 1973 ഡിസംബർ 27ന് തിങ്ങി നിറഞ്ഞ ജനങ്ങളെ സാക്ഷിയാക്കി എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ കോച്ച് സൈമൺ സുന്ദർ രാജിന്റെ ശിക്ഷണത്തിൽ പരിശീലനം നേടിയ കേരള ടീം, ക്യാപ്റ്റൻ മണിയുടെ ഹാട്രിക്കിലൂടെ ശക്തരായ റെയിൽവേസിനെ പരാജയപ്പെടുത്തി ആദ്യമായി സന്തോഷ് ട്രോഫിയിൽ മുത്തമിടുമ്പോൾ അന്ന് ആ ടീമിലെ ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനായിരുന്നു നജിമുദ്ദീൻ. അന്നത്തെ അദ്ദേഹത്തിന്റെ പ്രകടനം ഫുട്ബാൾ ആരാധകരുടെ മനസ്സിൽ എക്കാലവും ഓർമിപ്പിക്കപ്പെടുമെന്നും സിഫ് ഭാരവാഹികൾ അനുസ്മരിച്ചു.
അദ്ദേഹം ജിദ്ദയിലുണ്ടായിരുന്നപ്പോൾ സിഫിന്റെ ടെക്നിക്കൽ വിഭാഗം സ്തുത്യർഹമായി നിർവഹിച്ചതും സിഫ് സംഘടിപ്പിച്ച വെറ്ററൻസ് മത്സരങ്ങളിൽ പ്രായത്തെ മറികടന്നു മികച്ച പ്രകടനം നടത്തി ജിദ്ദയിലെ ഫുട്ബാൾ ആരാധകരെ ആവേശഭരതരാക്കിയതും അനുസ്മരണകുറിപ്പിൽ സൂചിപ്പിച്ചു. നജിമുദ്ദീൻ മലയാളി ഫുട്ബാൾ കൂട്ടായ്മകളിൽ നിറസാന്നിധ്യമായിരുന്നത് അദ്ദേഹത്തിനു കളിയോടുള്ള അഗാധമായ അഭിനിവേശമായിരുന്നെവെന്നും ഇന്ത്യ കണ്ട മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ അദ്ദേഹത്തിന്റെ വിയോഗത്തിൽ അതീവ ദു:ഖമുണ്ടെന്നും സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്രയും, ജനറൽ സെക്രട്ടറി നിസാം മമ്പാടും വാർത്താകുറിപ്പിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

