അസുഖബാധിതയായി കിടപ്പിലായിരുന്ന ഉംറ തീർഥാടകയെ നാട്ടിലെത്തിച്ചു
text_fieldsഅസുഖബാധിതയായി കിടപ്പിലായിരുന്ന ഉംറ തീർഥാടകയെ കൊച്ചിയിലെത്തിച്ചപ്പോൾ, ആംബുലൻസിലേക്ക് മാറ്റുന്നു
മക്ക: സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തി രോഗത്തെത്തുടർന്ന് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന തീർഥാടകയെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. കോഴിക്കോട് നരിക്കുനി സ്വദേശി സഫിയ (57) കഴിഞ്ഞ ഡിസംബർ 18ന് ഭർത്താവിനോടൊപ്പം സ്വകാര്യ ഗ്രൂപ്പിൽ ഉംറക്ക് എത്തിയതായിരുന്നു. ദിവസങ്ങൾക്കകം അസുഖബാധിതയായി മക്കയിലെ കിങ് ഫൈസൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. അൽഐനിലുള്ള മകൻ മുനീർ പരിചരണത്തിന് മക്കയിലെത്തിയിരുന്നു.
ഒരു മാസത്തിലധികം മക്കയിൽ ചികിത്സ തേടിയ ഇവരുടെ തുടർചികിത്സക്കായി നാട്ടിലെത്തിക്കാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഈ മാസം അഞ്ചിന് ജിദ്ദയിൽനിന്നും കൊച്ചിയിലേക്കുള്ള സൗദി എയർലൈൻ വിമാനത്തിൽ സ്ട്രച്ചർ സൗകര്യമൊരുക്കി നാട്ടിൽ എത്തിക്കുകയായിരുന്നു. കൊച്ചിയിൽനിന്നും ഇവരെ നോർക്ക ആംബുലൻസ് വഴി കോഴിക്കോട് ഇഖ്റ ആശുപത്രിയിലെത്തിച്ചു. ഉംറ ഇൻഷുറൻസിലെ ചില അവ്യക്തതകൾ കാരണം ഇവരുടെ ഭീമമായ യാത്രാചെലവ് കുടുംബം വഹിക്കേണ്ടിവന്നു.
സൗദി ഇന്ത്യൻ ഹെൽത്ത് കെയർ ഫോറം എക്സിക്യൂട്ടിവ് അംഗവും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹികക്ഷേമ അംഗവുമായ മുഹമ്മദ് ഷമീം നരിക്കുനി ഇവർക്കുള്ള യാത്രാരേഖകൾ ശരിയാക്കുകയും കോഴിക്കോടുവരെ രോഗിയെ അനുഗമിക്കുകയും ചെയ്തു.
അസുഖബാധിതരായ തീർഥാടകർക്ക് നാട്ടിലേക്കു പോകാനുള്ള ചെലവ്, ജിദ്ദ വിമാനത്താവളത്തിലേക്ക് സൗജന്യ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തൽ, ഉംറ ഇൻഷുറൻസിലെ ആനുകൂല്യങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് പൂർണമായും തീർഥാടകർക്ക് പ്രയോജനപ്പെടുന്ന രീതിയിലാക്കാനുള്ള ഇടപെടലുകൾ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുഹമ്മദ് ഷമീം നരിക്കുനി കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, നോർക്ക എന്നിവർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

