സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയ; ലോകത്തിന് മാതൃകയായി സൗദി
text_fieldsസയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ മെഡിക്കൽ ടീം
റിയാദ്: സൗദിയുടെ ആതുര സേവന രംഗത്തെ ശ്രദ്ധേയമായൊരു നേട്ടമാണ് സയാമീസ് ഇരട്ടകൾക്ക് ശസ്ത്രക്രിയയിലൂടെ പുതു ജീവിതം സമ്മാനിക്കുന്ന പദ്ധതി. ഒട്ടിച്ചേർന്ന ശരീരവുമായി ജനിക്കുന്ന സയാമീസ് ഇരട്ടകൾക്ക് സൗദിയുടെ ജീവകാരുണ്യ പദ്ധതി വഴി പുതിയ ജീവിത വഴി തുറന്നു നൽകുന്ന ഈ മഹത്തരമായ സേവനം ഇതിനകം തന്നെ ആഗോള ശ്രദ്ധനേടിയിട്ടുണ്ട്. ജാതിയോ,മതമോ, അതിർത്തിയോ നോക്കാതെ ലോകത്തിന്റെ വിവിധ കോണുകളിൽനിന്നുള്ളവർക്ക് പൂർണമായും സൗജന്യമായാണ് ഈ ചികിത്സ നൽകുന്നത്. 'സൗദി കൺജോയിൻഡ് ട്വിൻസ് പ്രോഗ്രാം' വൈദ്യ ശാസ്ത്ര രംഗത്തെ ആഗോള തലത്തിൽ ഏറ്റവും വലിയ മാനുഷിക ദൗത്യങ്ങളിലൊന്നായി ഇതിനകം മാറിയിട്ടുണ്ട്.
1990 ഡിസംബറിൽ സുഡാനിൽ നിന്നുള്ള സമാഹ്, ഹിബ എന്നീ ഇരട്ടകുട്ടികളെ വിജയകരമായി വേർപ്പെടുത്തിക്കൊണ്ടാണ് സൗദി ഈ ചരിത്ര ദൗത്യത്തിന് നാന്ദി കുറിച്ചത്. അന്നത്തെ സൗദി ഭരണാധികാരി ഫഹദ് രാജാവിന്റെ നിർദേശപ്രകാരം തുടക്കം കുറിച്ച ഈ പദ്ധതി പിന്നീട് വന്ന ഭരണാധികാരികളും തുടർന്ന് പോന്നു. ഇപ്പോൾ സൗദി കിരീടാവകാശിയും പ്രധാന മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ കൂടുതൽ വിപുലമായി ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോവുകയാണ്. കഴിഞ്ഞ 36 വർഷത്തിനിടെ അഞ്ച് ഭൂഖണ്ഡങ്ങളിലെ 28 രാജ്യങ്ങളിൽ നിന്നായി 159 ഇരട്ടകൾക്ക് പരിചരണം നൽകാൻ സൗദിക്ക് കഴിഞ്ഞു. ശസ്ത്രക്രിയ പദ്ധതിയുടെ ഭാഗമായുള്ള 74-ാമത്തെ ശസ്ത്രക്രിയയാണ് കഴിഞ്ഞ ദിവസം ഫിജിയിൽ നിന്നുള്ള ഇരട്ടക്കുട്ടികളുടേത് പൂർത്തിയായത്.
വമ്പിച്ച ചെലവ് വരുന്ന അതീവ സങ്കീർണമായ സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ ശസ്ത്രക്രിയ സൗദി ഗവണ്മെന്റ് പൂർണമായും സൗജന്യമായാണ് നിർവഹിക്കുന്നത്. കുട്ടികളുടെയും മാതാപിതാക്കളുടെയും യാത്രാക്കൂലി, താമസം, ശസ്ത്രക്രിയക്ക് ശേഷമുള്ള പുനരധിവാസം എന്നിവയുൾപ്പെടെയുള്ള എല്ലാ ചെലവുകളും സൗദി തന്നെയാണ് വഹിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒട്ടനവധി കുടുംബങ്ങൾക്കാണ് ഈ പദ്ധതി പ്രത്യാശയുടെ വെളിച്ചമാകുന്നത്. വിദഗ്ധ മെഡിക്കൽ സംഘവും അത്യധുനിക സൗകര്യങ്ങളും ഇതിനായി രാജ്യം ഒരുക്കിയിട്ടുണ്ട്.
പ്രശസ്ത പീഡിയാട്രിക് സർജനും കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റബീഅയുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘമാണ് ഈ ദൗത്യങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. അനസ്തേഷ്യ, പ്ലാസ്റ്റിക് സർജറി, ഓർത്തോപീഡിക്സ് തുടങ്ങി വിവിധ മേഖലകളിലെ മുപ്പതിലധികം സൗദി ഡോക്ടർമാരും സാങ്കേതിക വിദഗ്ദ്ധരും അടങ്ങുന്ന സംഘം റിയാദിലെ കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ അത്യാധുനിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാണ് ഈ ജീവൻരക്ഷാ ദൗത്യം വിജയകരമായി നിർവ്വഹിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

