ഫിജിയിൽ നിന്നുള്ള സയാമീസ് ഇരട്ടകൾ റിയാദിലെത്തി; ശസ്ത്രക്രിയാ സാധ്യത പരിശോധിക്കും
text_fieldsറിയാദ്: അപൂർവമായി ഒട്ടിച്ചേർന്ന നിലയിൽ ജനിച്ച ഫിജി സ്വദേശികളായ സയാമീസ് ഇരട്ടകൾ ‘ജെസിബെൽ’, ‘ഡിസീസിയ’ എന്നിവരെ വേർപ്പെടുത്തൽ സാധ്യത പരിശോധിക്കാനായി റിയാദിലെത്തിച്ചു.
സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറയും പ്രത്യേക നിർദേശത്തെത്തുടർന്നാണ് കുട്ടികളെയും കുടുംബത്തെയും റിയാദിലെത്തിച്ചത്. വെള്ളിയാഴ്ച റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവരെ, സൗദി നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റി. ‘സൗദി കൺജോയിൻഡ് ട്വിൻസ് പ്രോഗ്രാമിന്’ കീഴിൽ കുട്ടികളുടെ ആരോഗ്യനില വിശദമായി വിലയിരുത്തുകയും, അതിനുശേഷം ശസ്ത്രക്രിയയിലൂടെ വേർപെടുത്താനുള്ള സാധ്യതകൾ പരിശോധിക്കുകയും ചെയ്യും.
സൗദി അറേബ്യ നടപ്പാക്കുന്ന മാനുഷികവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങളുടെ തെളിവാണ് ഈ നടപടിയെന്ന് കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ്. റിലീഫ്) സൂപ്പർവൈസർ ജനറലും സൗദി മെഡിക്കൽ ആൻഡ് സർജിക്കൽ ടീം തലവനുമായ ഡോ. അബ്ദുല്ല അൽ റബീഅ പ്രസ്താവിച്ചു. ഭരണനേതൃത്വത്തിെൻറ ഈ ഉദാരമായ തീരുമാനത്തിന് അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തി.
യാതൊരുവിധ വേർതിരിവുകളുമില്ലാതെ ലോകമെമ്പാടുമുള്ള നിർധനർക്ക് ആവശ്യമായ വൈദ്യസഹായവും കരുതലുമെത്തിക്കുന്ന സൗദിയുടെ ദീർഘവീക്ഷണമാണ് ഈ പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഒട്ടിച്ചേർന്ന ഇരട്ടകളെ വേർപെടുത്തുന്നതിൽ സൗദി കൈവരിച്ച ആഗോള മികവും നേതൃത്വ സ്ഥാനവും നിരന്തരമായ പിന്തുണയുടെയും ആസൂത്രണത്തിെൻറയും ഫലമാണ്. സങ്കീർണമായ ഇത്തരം മെഡിക്കൽ അവസ്ഥ നേരിടുന്ന കുടുംബങ്ങൾക്ക് സൗദിയുടെ വിദഗ്ധ മെഡിക്കൽ സംഘം വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ കുഞ്ഞുങ്ങൾക്ക് നൽകിയ വേഗത്തിലുള്ള സഹായത്തിനും പരിചരണത്തിനും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കൾ സൗദി ഭരണകൂടത്തോടും ജനങ്ങളോടും ആഴമേറിയ നന്ദിയും കടപ്പാടും അറിയിച്ചു. റിയാദിലെത്തിയ നിമിഷം മുതൽ തങ്ങൾക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണവും നൽകുന്ന പ്രത്യേക ശ്രദ്ധയും തങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നതെന്ന് അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

