സയാമീസ് വേർപ്പെടുത്തൽ; യാരയുടെയും ലാറയുടെയും ആരോഗ്യനില തൃപ്തികരം -ഡോ. അൽറബീഅ
text_fieldsസൗദി സയാമീസ് ഇരട്ടകളായ യാരയും ലാറയും
റിയാദ്: ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപിരിഞ്ഞ സൗദി സയാമീസ് ഇരട്ടകളായ യാരയുടെയും ലാറയുടെയും ആരോഗ്യനില സ്ഥിരവും
തൃപ്തികരവുമാണെന്ന് ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ ആൻഡ് സർജിക്കൽ ടീം തലവൻ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. ഇരട്ടകളുടെ എല്ലാ സുപ്രധാന ലക്ഷണങ്ങളും സാധാരണവും ആശ്വാസകരവുമാണ്, ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ കൃത്രിമ ശ്വസനത്തിലാണെന്നും അൽറബീഅ സൂചിപ്പിച്ചു.
ശസ്ത്രക്രിയക്കുശേഷം ഇരട്ടകൾ വീണ്ടും സജീവമാകാൻ തുടങ്ങി. മൂക്കിൽനിന്ന് വയറ്റിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന ഒരു ട്യൂബ് വഴി ഭക്ഷണം ക്രമേണ അവർക്ക് നൽകും. ഇരട്ടകൾ കർശനമായ മേൽനോട്ടത്തിലാണ്. അണുബാധ തടയുന്നതിനായി ആന്റിബയോട്ടിക്കുകൾ നൽകുന്നുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്നും അടുത്ത നാലു ദിവസത്തിനുള്ളിൽ അവരെ വെന്റിലേറ്ററിൽനിന്ന് മാറ്റാൻ സാധ്യതയുണ്ടെന്നും അൽറബീഅ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച (ജൂലൈ 17) ആണ് സൗദി സയാമീസ് ഇരട്ടകളായ യാരയുടെയും ലാറയുടെയും വേർപ്പെടുത്തൽ ശസ്ത്രക്രിയ നടന്നത്. അടിവയറും പെൽവിസും ചെറുകുടലിന്റെ താഴത്തെ ഭാഗവും വൻകുടലും മൂത്രാശയ, പ്രത്യുത്പാദന ഭാഗങ്ങളും ഒട്ടിച്ചേർന്ന നിലയിലായിരുന്ന ഇരട്ടകളുടെ
ശസ്ത്രക്രിയ സങ്കീർണമായിരുന്നു. 12.5 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ ഒമ്പത് ഘട്ടങ്ങളിലായാണ് നടന്നത്. അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പീഡിയാട്രിക് യൂറോളജി, പ്ലാസ്റ്റിക് സർജറി, ഓർത്തോപീഡിക്സ് എന്നിവയിലെ കൺസൾട്ടന്റുമാരും വിദഗ്ധരും നഴ്സിങ്, സാങ്കേതിക ജീവനക്കാർ എന്നിവരടങ്ങുന്ന 38 അംഗ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയയിൽ
പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

