കുമ്പസാരം
text_fields‘ചില യാത്രകൾ അങ്ങനെയാണ്. മറക്കാതിരിക്കാനായിട്ട് ഓർമയുടെ ഒരു നടുക്കഷണം ബാക്കിവെച്ചിട്ട് അങ്ങുപോകും. നമ്മള് മനുഷ്യന്മാര് ആ കഷണത്തിെൻറ പൊടിതട്ടിയും പഴമയുടെ മണം ശ്വസിച്ചും ശിഷ്ടം കഴിക്കേണ്ടിവരും’
‘പ്രകാശേട്ടാ, സജീവേട്ടന് കൊറേശെ സാഹിത്യം വന്നുതൊടങ്ങീട്ടുണ്ട്. അപ്പൊ വീട് പിടിക്കാറായീന്നു സാരം. ഇന്നിത്തിരി ഓവറായോ സജീവേട്ടാ?’
‘ലിജേഷേ, നിന്നോട് പലതവണ ഞാൻ പറഞ്ഞിട്ടുണ്ട് മിച്ചറിലെ കടല പെറ്ക്കാൻ വന്നാ പെറുക്കിത്തിന്നോണ്ട് മിണ്ടാതിരിക്കണംന്ന്. അല്ലാണ്ട് ഞങ്ങള് മൂത്തോര് സ്വൈരായി രണ്ടെണ്ണം കഴിക്ക്ന്ന സ്ഥലത്ത് വന്ന് സൊല്ല ഇണ്ടാക്കരുത് ന്. സജീവന് ഓവറായിട്ടൊന്നുല്ല. എപ്പോ തൊടങ്ങണം എപ്പോ നിർത്തണംനൊക്കെ എനിക്ക് നല്ല നിശ്ചയം ഇണ്ട്.’
അതായിക്കോട്ടെ. ന്നാലും സുമിത്രേച്ചി വീട്ടില് കാത്തിരിക്കുന്നുണ്ടാവില്ലേ, വീട്ടീകേറുവൊന്നും വേണ്ടേ? ഉണ്ണി ഇണ്ടാർന്നപ്പൊ ആണെങ്കില് ഒരു തൊണഇണ്ടാർന്നു. ഇതിപ്പോ അവനും ഇല്ലല്ലോ സജീവേട്ടാ അതോണ്ട് പറഞ്ഞതാ.’
‘പറഞ്ഞപോലെ പിള്ളാർക്കൊക്കെ വെക്കേഷനാണല്ലോ ഉണ്ണി വെക്കേഷനും വരാറില്ലേ സജീവാ?’
‘അവന്റെ കോഴ്സൊക്കെ കഴിഞ്ഞു പ്രകാശാ, ഒരു കാമ്പസ് സെലക്ഷനുംകൂടെ ഇണ്ട്. അത് നാളെയെങ്ങാണ്ടാണ്. അതും കഴിഞ്ഞ് നാളെത്തന്നെ തിരിക്കുംന്നാ പറഞ്ഞെ. അവനൊരു എൻജിനീയർ ആയിട്ടുവേണം എനിക്കീ തീയും പൊകയും കൊള്ളല് ഒന്ന് കൊറക്കാൻ. തീച്ചാമുണ്ഡി കെട്ടുന്നോര് ചോരവറ്റി ചാവുംന്ന് പണ്ട് അച്ഛൻ പറഞ്ഞുകേട്ടിട്ട്ണ്ട്. എന്നാലും അവർക്കും കൊല്ലത്തില് ഒരു കണക്കില്ലേ? എന്നാ ദേഹണ്ണക്കാര്ടെ തീച്ചാമുണ്ഡി അങ്ങനെയാണോ, കൊല്ലത്തോട് കൊല്ലല്ലേ.’
‘ഉണ്ണിക്ക് ഇപ്പൊ എത്ര വയസ്സായി?’
‘അപ്പൂന്റെ ഒരുവയസ്സിനു ഇളയതല്ലേ പ്രകാശാ, ഇപ്പൊ 22.’
‘സജീവേട്ടാ ഇനി നിക്കണ്ടാട്ടോ ഇന്ന് നല്ലോണായി. പോരാത്തേന് നല്ല മഴക്കോളുണ്ട്. ഞാൻ കൊണ്ടുവിടട്ടെ?’
‘വേണ്ട ലിജേഷേ ഞാൻ ഓക്കെ ആണ്. നീ വിട്ടോ. ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം.’
‘സജീവാ ലിജേഷ് കൊണ്ടാക്കട്ടടോ, പോന്നപോക്കില് തീർന്നുപോയാ ആ പെണ്ണ് സുമിത്ര വഴിയാധാരാവും. പൊട്ടബുദ്ധിക്ക് നിന്റൊപ്പം ഇറങ്ങിവന്നില്ലാരുന്നെങ്കി ഇങ്ങനെ ജീവിക്കണ്ടോളൊന്നും അല്ല അവള്.’
‘എനിക്കിപ്പോ ആ പേടിയൊന്നുല്ല പ്രകാശാ. ഞാനങ്ങുപോയാലും ഒന്നിനോളം പോന്നൊരു മോനുണ്ട്. പിന്നെ സമയാവുമ്പോ എല്ലാരും പോകും. ഓരോന്ന് ഓരോന്നിന് ഹേതു. ഇനിയീ മരണം എന്ന് പറയണത് ശരിക്കും മരണം തന്നെയാണോന്നും എനിക്കൊരു നിശ്ചയില്ല. വേഷങ്ങള് ഇങ്ങനെ കിടക്കുവല്ലേ...’
‘ഉം...എന്നാ അങ്ങനെയാവട്ടെ, അപ്പൊ രാത്രി യാത്രയില്ല.’
‘പുനരപി ജനനം പുനരപി മരണം
പുനരപി ജനനീ ജഡരേ ശയനം’
ഇടറുന്ന കാലുകളിൽ വേച്ചു വേച്ചു നടന്ന സജീവൻ തിരിഞ്ഞുനോക്കാതെ പറഞ്ഞതിൽ പാതിയും പിറുപിറുപ്പുമായി വന്ന മഴ കാറ്റ് കൊണ്ടുപോയി. ഇനിയും ഉറക്കം വന്നിട്ടില്ലാത്ത കല്യാണവീട് ഉറക്കച്ചടവഭിനയിച്ച് അയാളെ യാത്രയാക്കി. രണ്ടുദിവസത്തെ ഉറക്കക്ഷീണവും മദ്യത്തിന്റെ ലഹരിയും ഉമ്പായിയുടെ ഗസലും ചാറ്റൽ മഴയും നൈറ്റ് ഡ്രൈവും അയാളെ ‘കീറ്റ്സ്’ന്റെ കവിതയിലെ ദയയില്ലാത്ത സുന്ദരിയെ പോലെ ഒരു മാസ്മരിക ലോകത്തേക്കെത്തിച്ചിരുന്നു. കാർ പഴയ ഗോഡൗണിന് അടുത്തെത്തിയപ്പോൾ അയാളുടെ ഫോൺ ശബ്ദിച്ചു. അതയാളെ ആ ലോകത്തുനിന്നും ഒരു കാൽ പുറത്തേക്ക് വയ്പ്പിച്ചു.
ഉണ്ണിയാണ്. അയാളുടെ ചുണ്ടിന്റെ കോണിൽ ഒരു ചെറു പുഞ്ചിരി.
‘എന്താണ് ജൂനിയർ സജീവൻ, ഉറക്കമൊന്നും ഇല്ലേ?’
‘ഉറങ്ങും മുമ്പ് സീനിയർ സജീവനെ ഒന്ന് വിളിക്കാന്ന് കരുതി. എന്താണ് നാക്കിനൊക്കെ ഒരു വഴുക്കൽ? കല്യാണമോ അതോ പാലുകാച്ചലോ? നേരത്തെ വിളിച്ചപ്പോ മിസ്സിസ് പറഞ്ഞു ഓൺ ഡ്യൂട്ടി ആണെന്ന്. വീട്ടിൽ കേറാറൊന്നുല്ലേ?’
‘എവിടെയാണ് മിസ്റ്റർ ഈ സാമ്പാദിച്ചു വെക്കുന്നെ?’
‘സാമ്പാദിച്ചു വെക്കുന്നത് നിന്റെ തന്ത. ഇത് ഇവിടെ അടുത്താടാ ഒരു കല്യാണം. അരമണിക്കൂർ അതിനുള്ളിൽ വീട് പിടിക്കും.’
‘എന്നാപ്പിന്നെ ലിജേഷേട്ടനോടോ ദീപൂനോടോ കൊണ്ടുവിടാൻ പറയാരുന്നില്ലേ അച്ഛന്?’
‘ഒന്ന് പോടാ.. നിൻറച്ഛൻ ഇപ്പോഴും ഡബിൾ സ്ട്രോങ് ആണ്. ലിജേഷ് കൊണ്ടുവിടാമെന്ന് പറഞ്ഞതാ. ഞാൻ വേണ്ടാന്നുപറഞ്ഞു. അല്ല അതുപോട്ടെ, വന്നുപോയിട്ടിപ്പോ എത്രയായി? വീടും കുടീം മറന്നോ? എന്താ അവിടെ ഉപേക്ഷിക്കാൻ പറ്റാത്തവിധം കേർവ് ചെയ്ത വല്ല സോ കാൾഡ് ഫ്രണ്ടോ മറ്റോ? എനിക്ക് ചെറിയ ഡൗട്ട് ഇല്ലാതില്ല. തന്തേനെ പോലെ ഫൈനൽ ഇയർ പൂർത്തിയാക്കുംമുമ്പ് കൂടെ പഠിക്കുന്ന വല്ലതിനേം കൊണ്ട് കുടുംബത്ത് വരാൻ വല്ല പ്ലാനും ഉണ്ടെങ്കിൽ നിന്റെ കാലു വെട്ടി ഞാൻ കാട്ടിൽ കളയും...
സജീവൻ ചിരിച്ചു.
‘എന്താന്ന് അറീല അച്ഛാ ധൈര്യായിട്ട് പ്രേമിക്കാമെന്നുള്ള ബോധം ഉള്ളോണ്ടാണോ എന്നറീല ഒരു താൽപര്യല്ലായ്മ. പ്രേമൊക്കെ ആകുമ്പോ ഒരു ത്രില്ലൊക്കെ വേണ്ടേ? കൊറച്ചു റൊമാൻസ്, കൊറച്ചു ഫൈറ്റ്, കൊറച്ചു ശോകം. എന്റെ അഭിപ്രായത്തിൽ ഇഷ്ടമുള്ള ആരേം കെട്ടാം എന്നുള്ള ആ ഒരു പ്രസ്താവന അത് ഇപ്പഴേ വേണ്ടീര്ന്നില്ല. നിങ്ങൾക്കത് മനസ്സിൽ വച്ചാൽ മതിയാർന്നു. അതാണെന്ന് തോന്നുന്നു എനിക്കീ വൈക്ലബ്യം.’
‘ഉം.. അതൊക്കെ പോട്ടെ, നാളെയല്ലേ നിന്റെ കാമ്പസ് ഇൻറർവ്യു, വല്ലതും നടക്കോ? നമുക്കീ കരീം പോകേം കൊള്ളല് ഒന്ന് കൊറഞ്ഞുകിട്ടോ? നിനക്ക് ജോലി കിട്ടീട്ട് വേണം നമുക്കീ പഴഞ്ചൻ വാഗണർ ഒക്കെ മാറ്റി ഒരു ഇന്നോവ എടുക്കാൻ.’
‘ഇന്നോവ എടുക്കാന്നാണ് അല്ലാതെ മോൻ നന്നാവാനല്ല. കൊള്ളാലോ പിതാവേ’
‘പിന്നല്ലാണ്ട്’ സജീവൻ ഉറക്കെ ചിരിച്ചു.
‘അച്ഛാ ഞാനൊരു കാര്യം ചോദിക്കട്ടെ?’
‘എന്താ ഇപ്പൊ ഒരു മുഖവുര? നീ ചോദിക്കെടാ’
‘പഠിത്തം ഫൈനൽ ഇയറിൽ നിർത്തി അച്ഛന്റെ ഡ്രീംസ് ഒക്കെ വേണ്ടാന്നുവച്ച് ഈ ഒരു ലൈഫിൽ ഒതുങ്ങിപ്പോയതിന് അച്ഛൻ എപ്പോഴെങ്കിലും റിഗ്രറ്റ് ചെയ്തിട്ടുണ്ടോ?’
സജീവന്റെ മുഖത്തെ ചിരി മാഞ്ഞു. ഇരുപത്തിരണ്ട് വയസ്സിൽ കുടുംബത്തിൽനിന്നും പുറത്താക്കപ്പെട്ടവന്റെ നിസ്സഹായത ഒരിക്കൽക്കൂടി അയാൾ അറിഞ്ഞു. കുറച്ചുസമയത്തേക്ക് അയാൾക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല. പിന്നീട് ഒരു ദീർഘനിശ്വാസത്തോടെ അയാൾ പറഞ്ഞു
‘ആദ്യമാദ്യമൊക്കെ ചിലപ്പോൾ. പക്ഷെ അതുകൊണ്ടല്ലെടാ എനിക്ക് നിന്നെ കിട്ടിയേ. നമ്മുടെ കുട്ടികൾ നമ്മുടെ കുട്ടികളല്ല, അവർ നമ്മിലൂടെ ഉണ്ടാകുന്നവരാണ് എന്നത് എവിടെയോ വായിച്ചതോർക്കുന്നു. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം നിന്നിൽ ഞാൻ കാണുന്നത് എന്നെത്തന്നെയാണ്. നിന്നിലൂടെ ജീവിക്കുന്നത് ഞാൻതന്നെയല്ലേ? നീ ഞാനല്ലേ?
ഈ പുത്രദുഃഖം എന്ന് പറയുന്നത് വല്ലാത്തൊരു ഇരുതല പാമ്പാണ്. നീ നമ്മുടെ പ്രകാശേട്ടനെ കാണുന്നില്ലേ എന്തിന്റെ കൊറവുണ്ടായിട്ടാ അപ്പൂന്? വെള്ളമടീടെ കൂടെ ഇപ്പൊ കഞ്ചാവും മേമ്പൊടിയാന്നാണ് കേട്ടെ. അതൊക്കെ നോക്കുമ്പോ ഇത്ര ബ്രില്യൻറ് ആൻഡ് സ്മാർട്ട് ആയ മോനേം സീരിയൽ കണ്ട് കരയുന്ന ഭാര്യേം കിട്ടിയ ഞാനല്ലെടാ ഏറ്റവും ഭാഗ്യവാൻ? ഉം... മതി മതി നേരം കൊറേ ആയി. ഇനി പോയി കെടന്നൊറങ്ങാൻ നോക്ക്. എന്നിട്ട് നാളെ നന്നായിട്ട് അറ്റൻഡ് ചെയ്യണം.’
മഴയ്ക്ക് ശക്തിയേറി വന്നു.
പാലത്തിനടുത്ത വളവു തിരിഞ്ഞപ്പോൾ എതിരെ വരുന്ന വാഹനത്തിന്റെ പ്രകാശത്തിൽ അയാളുടെ കണ്ണൊന്നുചിമ്മി. കയ്യിലിരുന്ന ഫോൺ തെറിച്ചു. കുറച്ചു സെക്കൻഡുകൾ എന്താണ് നടക്കുന്നതെന്ന് അയാൾക്ക് മനസ്സിലായില്ല. എന്തോ സംഭവിച്ചിരിക്കുന്നു. അയാൾ ഗ്ലാസ് താഴ്ത്തി പുറത്തേക്കുനോക്കി. ഒരു ബൈക്കും മനുഷ്യനും വീണുകിടക്കുന്നു.
മഴവെള്ളത്തിന് ചുവപ്പുനിറം. എന്തുചെയ്യണം? അയാൾക്ക് ജീവനുണ്ടോ? ഉണ്ട്. ചെറിയൊരു പിടച്ചിൽ. സജീവൻ കാറിൽനിന്നിറങ്ങി. പക്ഷേ ആ മനുഷ്യന്റെ അടുത്തേക്ക് പോകാൻ ഭയം അയാളെ അനുവദിച്ചില്ല. എങ്ങാനും ആശുപത്രിയിൽ എത്തും മുമ്പ് മരിച്ചാൽ? ഇല്ല അയാൾ തിരിച്ചു കാറിൽ കയറി.
‘കഴിച്ചിട്ടാണോ വന്നേ അതോ കഞ്ഞി എടുക്കട്ടെ?’
സുമിത്ര ചോദിച്ചതിന് അയാൾ ഉത്തരമൊന്നും പറഞ്ഞില്ല. പാപഭാരവും ഭയവും തമ്മിലെ യുദ്ധത്തിൽ അയാൾ തീരെ തളർന്നിരുന്നു. സജീവൻ നേരെ കുളിമുറിയിൽ കയറി. അയാൾക്കൊന്ന് കരയണമെന്ന് തോന്നി. കരയാൻ ശ്രമിച്ചു. എന്നാൽ പാപബോധമോ ഭയമോ അയാളുടെ കണ്ണുകളെ തടഞ്ഞു. കുളി കഴിഞ്ഞ് സുമിത്ര എടുത്തുവച്ച കഞ്ഞിക്കുമുമ്പിൽ അയാൾ ഇരുന്നു.
‘നിങ്ങളെ ഉണ്ണി വിളിച്ചിരുന്നോ? കുറച്ചുനേരത്തെ അവൻ എന്നെ വിളിച്ചിരുന്നു. ഇന്നാരുന്നു അവന്റെ ഇൻറർവ്യു. ഉണ്ണി സെലക്ട് ആയി സജീവേട്ടാ. നിങ്ങളോട് ഇപ്പൊ പറയണ്ടാന്ന് പറഞ്ഞിരുന്നതാ. പക്ഷേ അവൻ ഇന്ന് ഉച്ചയ്ക്ക് തിരിച്ചതാ. ടൗണിൽ പോയി സ്വീറ്റ്സ് വാങ്ങീട്ടേ എത്തൂന്ന് പറഞ്ഞിരുന്നു. ന്നാലും ഇതിപ്പോ എത്തേണ്ട നേരൊക്കെ കഴിഞ്ഞു. നിങ്ങളൊന്ന് അവനെ വിളിച്ചു നോക്കിയേ.’
സജീവന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി. പുറത്ത് ബാധ കയറിയ മഴ അയാളെ കളിയാക്കി ആർത്തുചിരിച്ചുകൊണ്ടിരുന്നു. അയാൾ വിയർത്തു വിറച്ചു. പൊടുന്നനെയുള്ള ലാൻഡ്ഫോൺ റിങ് കേട്ട് അയാൾ ഞെട്ടി. വിഷ്ണു സജീവ്, ആക്സിഡന്റ്, ടൗൺ ഹോസ്പിറ്റൽ. ഈ മൂന്നുവാക്കുകൾ അയാളുടെ തലച്ചോറിൽ തുളഞ്ഞു.
കാലം അത് യുവാവിന്റെ ചർമ്മമുള്ള കിഴവൻ മുത്തച്ഛനാണ്. കാഴ്ചകൾ കണ്ട് മരവിച്ച കണ്ണുകളുള്ള കിഴവൻ മുത്തച്ഛൻ. കാലത്തിന് മുറിവുകളെ ഉണക്കാൻ കഴിയുമോ?
ചിലപ്പോൾ. ചിലപ്പോൾ മാത്രം... വേദനകൊണ്ട് പുളയുമ്പോൾ ചിലപ്പോഴൊക്കെ ആ കിഴവൻ മുത്തച്ഛൻ നമ്മളോട് പറയും. ‘പോട്ടെ സാരില്ല. നീ മാത്രമല്ല. എനിക്കറിയാം. ഞാൻ കണ്ടിട്ടുണ്ട്. ഇനി കാണാനും ഇടയുണ്ട്.’
പക്ഷെ ചില മുറിവുകൾ ഭ്രാന്തന്റെ കാലിലെ ചങ്ങലപ്പൊട്ടുപോലെയാണ്. പഴകുംതോറും ചങ്ങലക്കണ്ണി തട്ടി ആഴം കൂടുന്ന ദുർഗന്ധമുള്ള മുറിവ്. അതുണക്കാൻ കാലത്തിന് കെൽപ്പില്ല. അതിനാൽ കാലം ഒരു നിസ്സംഗതയോടെ അയാളിലും രണ്ടുതവണ കടന്നുപോയി. അയാൾ ആകെ മാറിയിരിക്കുന്നു. ഒരു കുമ്പസാരത്തിന് മാത്രമായാണ് താൻ ജീവിക്കുന്നതെന്ന് അയാൾ വിശ്വസിച്ചു. അയാളുടെ രാത്രികൾ ഉറങ്ങാതെ കടന്നുപോയി. അയാൾ പലതും മറന്നുപോയി ചിരിക്കാൻ, കരയാൻ, പഴയപോലെ സംസാരിക്കാൻ എല്ലാം. അയാൾ എന്നും തല കുമ്പിട്ടുമാത്രം നടന്നു. ആർക്കും മുഖംകൊടുക്കാതെ.
‘എല്ലാം ശരിയാകും സജീവേട്ടാ’ ചില രാത്രികളിൽ അയാളുടെ കൈത്തണ്ടയിൽ അമർത്തിക്കൊണ്ട് സുമിത്ര പറയുമ്പോൾ അയാൾ അവളുടെ കൈയിൽനിന്ന് ഊർന്നുമാറി പുതപ്പിനുള്ളിൽ ഒളിച്ചു. അയാൾ ഇരുട്ടിനെ സ്നേഹിച്ചു. ഉണ്ണിയുടെ ചികിത്സ മുടങ്ങാതിരിക്കാൻ മാത്രം അയാൾ എന്നും ജോലിക്കുപോയി. ഇടയ്ക്കിടയ്ക്കുള്ള മദ്യസഭകൾ അയാൾ നിർത്തി. മദ്യത്തെക്കാൾ വലുതായിരുന്നു അയാളിലെ വേദനയുടെ ലഹരി.
രാത്രി ഒരുമണി ആയിക്കാണും. സജീവൻ ക്ലോക്കിലേക്ക് നോക്കി. അരണ്ട വെളിച്ചത്തിൽ ആരെയും കാത്തുനിൽക്കാതെ ഓടിക്കൊണ്ടിരിക്കുന്ന സൂചി. സുമിത്ര അരികിൽ ഉറങ്ങുന്നു. അയാൾ ഉണ്ണിയുടെ മുറിക്കരികിലെത്തി. കുറച്ചുകാലമായി സാക്ഷയിടാത്ത വാതിൽ... അയാൾ അകത്തുകടന്നപ്പോൾ പുറത്ത് മഴ തിമിർക്കുന്നുണ്ടായിരുന്നു. കട്ടിലിന്റെ കാൽക്കൽ മുട്ടിലിരുന്ന് സജീവൻ ഉണ്ണിയുടെ പുതപ്പിന്റെ കീഴറ്റത്തു മുഖം ചേർത്ത് കിടന്നു. മകന്റെ കാൽക്കലെന്നോണം. ഇത് അയാൾക്ക് കുമ്പസാരത്തിന്റെ സമയമാണ്. വർഷങ്ങൾക്കുമുൻപ് ചെയ്തുപോയ പാപത്തിന്റെ ഏറ്റുപറച്ചിൽ. ഭയം അയാളെ വീണ്ടും കീഴ്പ്പെടുത്തുംമുൻപ് അയാൾക്ക് അത് ചെയ്തുതീർക്കേണ്ടതുണ്ട്.
‘അച്ഛാ’
‘മോൻ ഉറങ്ങീലെ?’
‘ഇല്ല, തൊട്ടാലറിയാൻ എനിക്കവിടെ ഒന്നുല്ലാന്നുള്ളത് മറന്നോ മിസ്റ്റർ സജീവൻ? ഇങ്ങോട്ടുവരൂ’
അയാൾ എഴുന്നേറ്റില്ല. അയാൾക്ക് മകന്റെ മുഖത്തേക്ക് നോക്കാൻ സാധിക്കില്ലാരുന്നു. ജനലിലൂടെ പുറത്ത് ആർത്തുപെയ്യുന്ന മഴയുടെ ഇരുട്ടിലേക്കുനോക്കി സജീവൻ പറഞ്ഞു. മോനോട് അച്ഛനൊരുകാര്യം പറയാനുണ്ട്. അതുകേട്ടാ മോൻ അച്ഛനെ ശപിക്കും. ശപിക്കരുതെന്ന് അച്ഛൻ പറയില്ല. മോൻ അച്ഛനെ ശപിക്കണം. അച്ഛനെ വെറുക്കണം. മോൻ മാത്രല്ല എല്ലാരും. സ്നേഹമാണ് അച്ഛന് സഹിക്കാൻ പറ്റാത്തത്. എന്നാലും ഉണ്ണീ നീ അച്ഛനെ വെറുക്കോ?’
‘അച്ഛന് പറയാനുള്ളത് എന്താന്ന് എനിക്കറിയാം. അച്ഛൻ പറഞ്ഞ് എനിക്കത് കേൾക്കണ്ട. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ എന്റെ അവസാനത്തെ ഓർമ നമ്മുടെ വാഗണറിന്റെ നമ്പറാണ്.’
‘അച്ഛാ, ഇനിയെങ്കിലും അച്ഛനൊന്നു കരഞ്ഞൂടെ?’
അയാൾക്ക് എന്തുപറയണമെന്ന് അറിയില്ലായിരുന്നു. അല്ലെങ്കിലും മനോവ്യാപരങ്ങളെ, വികാരങ്ങളെ പൂർണമായി ഉൾക്കൊള്ളാവുന്ന വാക്കുകളുണ്ടോ?
കുറച്ചുനിമിഷത്തെ നിശ്ശബ്ദതയ്ക്കുശേഷം അയാൾ മകനോട് ചോദിച്ചു.
‘മോന് അച്ഛനോട് എന്നെങ്കിലും പൊറുക്കാൻ പറ്റുവോ?’
‘ഇവിടെ പൊറുക്കലിന്റെ കാര്യം വരുന്നുണ്ടോ അച്ഛാ? കാഴ്ചയിൽ അനുഭവിക്കുന്നത് ഞാനാണെങ്കിലും എന്നെക്കാൾ അനുഭവിക്കുന്നതും ദുഃഖിക്കുന്നതും അച്ഛനാണെന്നെനിക്കറിയാം. അച്ഛൻ പറയാറുള്ളപോലെ അച്ഛൻ തന്നെയല്ലേ ഞാൻ?’
വർഷങ്ങൾക്കുശേഷം അയാൾ കരഞ്ഞു. ആർത്താർത്തു കരഞ്ഞു. പുറത്തെ മഴ ആർത്താർത്തു ചിരിച്ചു. കരച്ചിലും ചിരിയും... അവ തമ്മിൽ തമ്മിൽ വേർതിരിച്ചറിയാനാകാത്തവിധം ലയിച്ചുചേർന്നു. കരഞ്ഞുകൊണ്ട് ഒരു കുഞ്ഞിനെപോലെ അയാൾ മകന്റെ നെഞ്ചിൽ കിടന്നു. മകൻ അച്ഛന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു.
കുറച്ചു നിമിഷങ്ങൾ...
അയാളുടെ കണ്ണുകളടഞ്ഞു. അയാൾ ഉറങ്ങി. അയാളുടെ മുഖം അപ്പോൾ ശാന്തമായിരുന്നു. ഉണ്ണി അപ്പോഴും അച്ഛന്റെ തലയിൽ തടവിക്കൊണ്ടിരിക്കുകയായിരുന്നു. അവന്റെ കണ്ണുകൾക്കിരുവശത്തുനിന്നും കണ്ണുനീർ തുള്ളികൾ അടർന്നു. പുറത്ത് മഴയ്ക്ക് ശക്തി കുറഞ്ഞു...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

