കപ്പൽചാലുകൾ അടയുന്നു; നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത കടുത്ത പ്രതിസന്ധിയിൽ
text_fieldsദമ്മാം: പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധം രൂക്ഷമായതോടെ സാധാരണക്കാരുടെ ജീവിതം കടുത്ത പ്രതിസന്ധിയിലേക്ക്. ചരക്ക് ഇറക്കുമതി മേഖല നേരിടുന്ന പ്രയാസങ്ങൾ വിപണിയെയും അതുവഴി ജനജീവിതത്തെയും നേരിട്ട് ബാധിച്ചു തുടങ്ങിയിരിക്കുകയാണ്. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് എത്തിയിരുന്ന ബസുമതി അരി ഉൾപ്പെടെയുള്ള ഭക്ഷ്യ-ഭക്ഷ്യേതര നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഗണ്യമായി കുറഞ്ഞു. പ്രധാന കപ്പൽചാലായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുഗതാഗതം തടസ്സപ്പെട്ടതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
ഹുർമുസ് കടലിടുക്ക് അടഞ്ഞതോടെ ബാബ് അൽ മന്ദബ് വഴി ജിദ്ദ, യാംബു തുറമുഖങ്ങൾ മാർഗമാണ് നിലവിൽ ചരക്കുകൾ എത്തിക്കുന്നത്. എന്നാൽ ജിദ്ദ തുറമുഖങ്ങളിലേക്ക് കണ്ടെയ്നറുകളുടെ ഒഴുക്ക് വർദ്ധിച്ചതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മുമ്പുണ്ടായിരുന്ന രണ്ടാഴ്ചയ്ക്ക് പകരം ഇപ്പോൾ ഒരു മാസത്തോളം സമയം എടുക്കുന്നുണ്ട്. തുടർന്ന് പല കണ്ടെയ്നറുകളും ജിസാൻ തുറമുഖത്തേക്ക് തിരിച്ചുവിട്ടു.
ജിദ്ദയിൽനിന്ന് റോഡ് മാർഗ്ഗം ദമ്മാമിലേക്ക് ഒരു കണ്ടെയ്നർ എത്തിക്കാൻ മുൻപ് 7,000 റിയാൽ ചെലവായിരുന്നെങ്കിൽ, ജിസാനിൽനിന്ന് ഇത് 12,000 റിയാലായി ഉയർന്നു. കണ്ടെയ്നർ ഫീസ് മുൻപുണ്ടായിരുന്ന 2,500 ഡോളറിൽനിന്ന് 6,000 ഡോളറായി വർദ്ധിച്ചു. ഇതിനുപുറമേ, ‘വാർ റിസ്ക്’ ചാർജായി 2,500 ഡോളർ അധികമായും ഈടാക്കുന്നുണ്ട്. ഈ വലിയ തുക ഉൽപ്പന്നങ്ങളുടെ വിലയിൽ വർദ്ധനവ് വരുത്തി ഈടാക്കുകയല്ലാതെ വ്യാപാരികൾക്ക് മറ്റു മാർഗങ്ങളില്ല.
കഴിഞ്ഞ ദിവസങ്ങളിൽ ബാബ് അൽ മന്ദബ് വഴിയുള്ള ഗതാഗതത്തിനും തടസ്സം നേരിട്ടതോടെ പ്രതിസന്ധി ഇരട്ടിച്ചു. ഒമാനിൽനിന്നുള്ള കരമാർഗ്ഗമുള്ള ചരക്കുനീക്കമാണ് നിലവിൽ ഏക ആശ്രയം. എന്നാൽ ഇത് ചെലവ് ഇനിയും വർദ്ധിപ്പിക്കാനാണ് സാധ്യത. ചെറുകിട ഇറക്കുമതി കമ്പനികൾ ഭൂരിഭാഗവും നിലവിൽ സാധനങ്ങൾ എത്തിക്കുന്നത് പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്.
എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് എത്തുന്ന കണ്ടെയ്നറുകൾക്ക് അപ്രതീക്ഷിത അധികച്ചെലവ് നേരിടേണ്ടി വരുന്നതായി ഭക്ഷ്യ-ഭക്ഷ്യേതര ഇറക്കുമതി മേഖലയിൽ പ്രവർത്തിക്കുന്ന റൂട്ടക്സ് ബി.ഡി.എം മുഷാൽ തഞ്ചേരി വ്യക്തമാക്കി. നിലവിൽ ഗോഡൗണുകളിൽ സാധനങ്ങളുടെ ശേഖരം കുറഞ്ഞുവരികയാണ്. മിക്ക ചെറുകിട കമ്പനികളും വിതരണം നിർത്തിക്കഴിഞ്ഞു. ചരക്കുനീക്കം തുടർന്നും തടസ്സപ്പെട്ടാൽ ഞങ്ങൾക്ക് വിതരണം നിർത്തിവെക്കേണ്ടി വരും. ബസുമതി അരിയുടെ ഇറക്കുമതിയിലാണ് ഏറ്റവും വലിയ പ്രതിസന്ധി. ഇപ്പോൾ തന്നെ വില വർദ്ധിപ്പിച്ച് വിൽക്കേണ്ട സാഹചര്യമാണ് ഉള്ളത്. യുദ്ധ സാഹചര്യം തുടർന്നാൽ അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്ക് വില ഇനിയും വൻതോതിൽ ഉയർന്നേക്കാം -അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിമാസം മുന്നൂറിലധികം കണ്ടെയ്നറുകൾ ഇറക്കുമതി ചെയ്യുന്ന കമ്പനിയാണ് റൂട്ടക്സ്. യുദ്ധം നീണ്ടുപോയാൽ വിപണിയിൽ വൻതോതിലുള്ള ക്ഷാമവും വിലക്കയറ്റവും ഉണ്ടാകുമെന്ന ആശങ്കയിലാണ് പ്രവാസി സമൂഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

