നാല് പതിറ്റാണ്ടിന്റെ തിളങ്ങുന്ന ചരിത്രം; ന്യൂയോർക്കിലെ യു.എൻ ഹാളിൽ മിന്നിത്തിളങ്ങി ‘കഅ്ബയുടെ വാതിൽ വിരി’
text_fieldsസൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ മറ്റ് രാജ്യങ്ങളുടെ പ്രതിനിധികളോടൊപ്പം കഅ്ബയുടെ വാതിൽ വിരിയുടെ മുന്നിൽനിന്ന് ഫോട്ടോ എടുത്തപ്പോൾ
റിയാദ്: ന്യൂയോർക്ക് നഗരത്തിലെ നാഴികക്കല്ലായ ഐക്യരാഷ്ട്രസഭ ഹാളിൽ കഅ്ബയുടെ വാതിൽ വിരി മിന്നിത്തിളങ്ങാൻ തുടങ്ങിയിട്ട് നാല് പതിറ്റാണ്ടായി. ഖുർആൻ വാക്യങ്ങൾ ഉൾക്കൊള്ളുന്ന ഈ അമൂല്യ സൗദി സമ്മാനം ന്യൂയോർക്കിനെ പ്രകാശ പൂരിതമാക്കികൊണ്ടിരിക്കുന്നു. 24 കാരറ്റ് ശുദ്ധമായ സ്വർണത്തിൽ നെയ്ത കഅ്ബയുടെ വാതിൽ വിരിയുടെ ഒരു ഭാഗം 1983-ലാണ് സൗദി രാജാവ് ഫഹദ് ബിൻ അബ്ദുൽ അസീസ് ഐക്യരാഷ്ട്രസഭക്ക് സമർപ്പിക്കാൻ ഉത്തരവിട്ടത്.
ലോകമെമ്പാടുമുള്ള പ്രതിനിധികൾ എല്ലാ ദിവസവും നടന്നുപോകുന്ന പ്രധാന ഹാളിൽ അത് തൂക്കിയിടണമെന്ന അഭിലാഷമായിരുന്നു അതിനു പിന്നിൽ. അങ്ങനെയാണ് നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വേദികളിലൊന്നിൽ സമാധാന സന്ദേശമായി സൗദിയുടെ സമ്മാനമായി കഅ്ബയുടെ വാതിൽ വിരി അതിന്റെ മുദ്ര പതിപ്പിച്ചത്.
ഇത് കേവലം ഒരു കലാപരമോ മതപരമോ ആയ പ്രവൃത്തി മാത്രമായിരുന്നില്ല, മറിച്ച് നാഗരികതകൾ തമ്മിലുള്ള ആശയവിനിമയം പ്രകടിപ്പിക്കുകയും ആഗോള തീരുമാനമെടുക്കലിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നായ ന്യൂയോർക്ക് നഗരത്തിന്റെ ഹൃദയഭാഗത്താണെങ്കിൽ പോലും സമാധാനവും ഭക്തിയും ഒരു സ്ഥലത്ത് ഒരുമിച്ച് നിലനിൽക്കുമെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്ന ഒരു സൗദി സന്ദേശമായിരുന്നു.
ഐക്യരാഷ്ട്രസഭ മന്ദിരത്തിന്റെ ഹാളിലെത്തുന്നവർക്ക് സൗദിയുടെ സമ്മാനം ഏറെ കൗതുകവും അമൂല്യമായി നിലകൊണ്ടു. 2014-ൽ യു.എൻ ജനറൽ സെക്രട്ടേറിയറ്റ് കെട്ടിടത്തിലെ നവീകരണത്തിന്റെ ഭാഗമായി കഅ്ബയുടെ വാതിൽ വിരി ഐക്യരാഷ്ട്രസഭ നീക്കം ചെയ്തു. മക്കയിലെ കിസ്വ ഫാക്ടറിയിലേക്ക് തന്നെ അയച്ചു. കെട്ടിട നവീകരണത്തിനുശേഷം 2015-ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ മന്ദിരത്തിലെ ഇന്തോനേഷ്യൻ ലോബിയിൽ യഥാർഥ രൂപത്തിലേക്ക് അത് പുനഃസ്ഥാപിച്ചു.
ന്യൂയോർക്കിലേക്ക് വീണ്ടും കഅ്ബയുടെ വാതിൽ വിരി കൊണ്ടുവന്ന് യു.എൻ ഹാളിൽ പ്രതിഷ്ഠിച്ചത് അന്നത്തെ സെക്രട്ടറി ജനറൽ ബാൻ കി മൂണിന്റെയും ഐക്യരാഷ്ട്രസഭയിലെ സൗദി സ്ഥിരം പ്രതിനിധി അബ്ദുല്ല ബിൻ യഹ്യ അൽ മുഅ്ലമിയുടെയും നേതൃത്വത്തിൽ നയതന്ത്രജ്ഞരും വിശിഷ്ട വ്യക്തികളും വലിയ സംഘമാളുകൾ ആഘോഷിച്ചു. അന്ന് യു.എൻ സെക്രട്ടറി ജനറൽ നടത്തിയ പ്രസംഗത്തിൽ കഅ്ബയുടെ വാതിൽ വിരിയെ ഒരു സവിശേഷവും വിലപ്പെട്ടതുമായ സമ്മാനമാണെന്ന് വിശേഷിപ്പിച്ചു.
ഈ സുപ്രധാനമായ പ്രവൃത്തിക്ക് സൗദിക്ക് അദ്ദേഹം നന്ദി പറഞ്ഞു. യു.എൻ ഹാളുകളിൽ ഒന്നിൽ കഅ്ബ വാതിലിന്റെ വിരി സ്ഥാപിക്കാനായതിൽ ബഹുമതിയും അഭിമാനവും അദ്ദേഹം പ്രകടിപ്പിച്ചു. മതപരവും സാംസ്കാരികവുമായ മൂല്യം കണക്കിലെടുക്കുമ്പോൾ ഈ ഹാൾ പ്രതിനിധി സംഘങ്ങളുടെ ഒരു സംഗമ സ്ഥലമായും ലോകത്തിലെ സമാധാനത്തിനും അനുരഞ്ജനത്തിനും പ്രചോദനമായും വർത്തിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കിസ്വയുടെ വാതിരിൽ വിരി പ്രതിഷ്ഠിച്ച യു.എൻ ഹാൾ ഇതിനകം നിരവധി യോഗങ്ങൾക്കും പരിപാടികൾക്കും സാക്ഷിയായിട്ടുണ്ട്. ഇതുപോലെ സമ്മാനമായി ലഭിച്ച പല രാജ്യങ്ങളുടെയും മാസ്റ്റർ പീസുകൾ അവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. അതിലേറ്റവും അമൂല്യവും ആദരണീയവുമാണ് സൗദി സമ്മാനിച്ച ഈ സമ്മാനം. അടുത്തിടെ സൗദിയും ഫ്രഞ്ചും ചേർന്ന് ഒരുക്കിയ ഫലസ്തീൻ ദ്വിരാഷ്ട്ര പരിഹാര സമ്മേളനത്തിൽ പങ്കെടുത്തവർ ഒത്തുകൂടിയതും യു.എൻ ഹാളിൽ തൂക്കിയിട്ടിരിക്കുന്ന സൗദി സമ്മാനിച്ച ഈ കഅ്ബ വാതിൽ വിരിക്ക് ചുറ്റുമാണ്. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ സമ്മേളനത്തിൽ പങ്കെടുത്തവർക്കൊപ്പം ആ വാതിൽ വിരിയുടെ അരികിൽനിന്ന് ഫോട്ടോക്ക് പോസ് ചെയ്തിരുന്നു. ആ ഫോട്ടോ അറബ് മാധ്യമങ്ങൾ ഏറ്റെടുക്കുകയും നാല് പതിറ്റാണ്ടായി ന്യൂയോർക്കിൽ തിളങ്ങുന്ന സൗദി അറേബ്യ യു.എന്നിന് സമ്മാനിച്ച അമൂല്യ സമ്മാനത്തിന്റെ കഥ വീണ്ടും വായനക്കാരെ ഓർമിപ്പിക്കുകയുണ്ടായി.
ആ വാതിൽ വിരിയുടെ സാന്നിധ്യവും അവിടെ വെച്ച് സമ്മേളനത്തിൽ പങ്കെടുത്തവരുമായി സൗദി വിദേശകാര്യ മന്ത്രി എടുത്ത ഫോട്ടോയും യാദൃശ്ചികമായിരുന്നില്ല, മറിച്ച് ആഴത്തിലുള്ള ഒരു രാഷ്ട്രീയവും മാനുഷികവുമായ മാനം അതു ഉൾക്കൊള്ളുന്നു. കാരണം അത് ന്യായമായ ലക്ഷ്യങ്ങളോടുള്ള സൗദിയുടെ ഉറച്ച പ്രതിബദ്ധതയെ പ്രത്യേകിച്ച് അവയിൽ ഏറ്റവും പ്രധാനമായ ഫലസ്തീൻ ലക്ഷ്യത്തെ പ്രതിഫലിപ്പിക്കുന്നു. വാക്കുകൾക്കതീതമായ സമാധാന സന്ദേശം നൽകുന്നതിനുള്ള സൗദി സമീപനത്തെ ഇത് പ്രതീകപ്പെടുത്തുന്നു. നാലുപതിറ്റാണ്ടിന് മുമ്പ് സൗദി സമ്മാനിച്ച ആ ചരിത്ര സമ്മാനത്തിലേക്ക് അത് വീണ്ടും ശ്രദ്ധ ആകർഷിച്ചു. അങ്ങനെ ലോകത്തിലെ ഏറ്റവും പ്രതീകാത്മകമായ സ്ഥലങ്ങളിലൊന്നായി അത് ഇന്നും നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

