മനം നിറഞ്ഞ് പാടാൻ ശിഖ പ്രഭാകരൻ
text_fieldsജുബൈൽ: പ്രവാസലോകത്തിന് ആവേശം പകർന്ന് സൗദിയിലെ തണുപ്പുള്ള രാവിൽ സംഗീത പെരുമഴ പെയ്യിക്കാൻ ‘ഹാർമോണിയസ് കേരള’യിൽ പ്രശസ്‌ത പിന്നണി ഗായിക ശിഖ പ്രഭാകരനും എത്തുന്നു. സുപ്രസിദ്ധ ഗായകൻ എം.ജി. ശ്രീകുമാറിനോടും പുതിയ തലമുറയിലെ ഗായകർക്കുമൊപ്പം ശിഖ സംഗീത വിരുന്നൊരുക്കും.
പ്രകൃതിയിൽ അലിഞ്ഞുചേർന്ന സംഗീതത്തെ സങ്കീർണതകളുടെ കെട്ടുപാടുകളില്ലാതെ സ്വതഃസിദ്ധമായ ശബ്ദത്തിലൂടെ സ്വാംശീകരിക്കുന്ന ശിഖയുടെ ആലാപന ശൈലി മലയാളി പ്രേക്ഷകർക്ക് വേറിട്ടൊരു അനുഭവമായിരിക്കും.ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയാണ് ശിഖ പ്രഭാകരൻ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയത്.
‘ഞാനും ഞാനുമെൻറാളും’ എന്ന സൂപ്പർഹിറ്റ് ഗാനം കേരളക്കരക്ക് സമ്മാനിച്ച സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഫൈസൽ റാസിയാണ് ശിഖയുടെ ജീവിത പങ്കാളി. ഇരുവരും ചേർന്ന് ഒരു മ്യൂസിക്കൽ ബാൻഡും തുടങ്ങിയിരുന്നു. എറണാകുളം മഹാരാജാസ് കോളജിലായിരുന്നു ശിഖയുടെ സംഗീത പഠനം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രമുഖ ഗായകർക്കൊപ്പം നിരവധി സ്റ്റേജ് ഷോകളിൽ പങ്കെടുത്ത് പരിചയസമ്പത്തുള്ള ശിഖ, സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. താരം പങ്കുവെക്കാറുള്ള സംഗീത വീഡിയോകൾക്കും ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും വലിയ ആരാധക പിന്തുണയാണുള്ളത്. തൃശൂർ സ്വദേശിനിയായ ശിഖ ഇതുവരെ നിരവധി ചിത്രങ്ങളിൽ പാടിക്കഴിഞ്ഞു.
മെലഡികളുടെ രാജകുമാരൻ എം.ജി. ശ്രീകുമാർ നയിക്കുന്ന ഷോയിൽ പാർവതി തിരുവോത്ത്, അർജുൻ അശോകൻ തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്. ഗായകരായ നിത്യ മാമ്മൻ, ലിബിൻ സഖറിയ, ഗോകുൽ ഗോപകുമാർ, നർത്തകൻ റംസാൻ മുഹമ്മദ്, മിമിക്രി താരം സിദ്ദീഖ് റോഷൻ എന്നിവരും സംഘത്തിലുണ്ട്. മിഥുൻ രമേശാണ് അവതാരകനായെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

