സൗദി പണ്ഡിതസഭാംഗം ശൈഖ് സ്വാലിഹ് മുഹമ്മദ് അൽ ലുഹൈദാൻ അന്തരിച്ചു
text_fieldsജിദ്ദ: സൗദിയിലെ പ്രമുഖ പണ്ഡിതനും പണ്ഡിതസഭാ അംഗവുമായ ശൈഖ് സ്വാലിഹ് മുഹമ്മദ് അൽ ലുഹൈദാൻ അന്തരിച്ചു. അസുഖത്തെ തുടർന്ന് ഏതാനും ആഴ്ചകൾക്ക് മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശൈഖ് സ്വാലിഹ് ബുധനാഴ്ച പുലർച്ചെയാണ് റിയാദിൽ മരിച്ചത്. സൗദി അറേബ്യയിൽ നിരവധി ഉന്നത സ്ഥാനങ്ങൾ വഹിക്കുകയും നിരവധി പുസ്തകങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്.
ശരീഅത്ത് പണ്ഡിതനും മതപ്രഭാഷകനും ഇമാമുമായ ശൈഖ് സ്വാലിഹ് 1931ൽ ഖസീം മേഖലയിലെ ബുക്കൈരിയ നഗരത്തിലാണ് ജനിച്ചത്. 1959ൽ റിയാദിലെ ശരീഅ കോളജിൽ നിന്ന് ബിരുദം നേടി. മരണം വരെ ദഅ്‌വ, ശരീഅത്ത്, ജുഡീഷ്യറി മേഖലകളിൽ സേവനത്തിലേർപ്പെട്ടു. ബിരുദാനന്തരം മുൻ ഗ്രാൻഡ് മുഫ്തിയായിരുന്ന ശൈഖ് മുഹമ്മദ് ബിൻ ഇബ്രാഹിം അൽശൈഖിന്‍റെ സെക്രട്ടറിയായി പ്രവർത്തിച്ചു.
1963ൽ റിയാദിലെ സുപ്രീം കോർട്ട് തലവന്‍റെ അസിസ്റ്റൻറായി നിയമിതനായി. 1964ൽ കോടതി തലവനായി. 1970ൽ ജഡ്ജിയായും സുപ്രീം ജുഡീഷ്യൽ ബോർഡ് അംഗമായും നിയമിക്കപ്പെട്ടു. 2009 വരെ സുപ്രീം ജുഡീഷ്യൽ കൗൺസിലിന്‍റെ തലവനായി സേവനമനുഷ്ഠിച്ചു. ഹിജ്റ 1403ൽ സുപ്രീം ജുഡീഷ്യൽ കൗൺസിലിന്‍റെ സ്ഥിരം സമിതി ചെയർമാനായി. ഹിജ്റ 1391ൽ മുതിർന്ന പണ്ഡിത കൗൺസിൽ സ്ഥാപിതമായതു മുതൽ അംഗവും മുസ്ലിം വേൾഡ് ലീഗ് (റാബിത്വ) അംഗവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

