യമനിൽ രാഷ്ട്രീയ അഴിച്ചുപണി, ഡോ. ഷായ മുഹ്സിൻ സിന്ദാനി പുതിയ പ്രധാനമന്ത്രി
text_fieldsജിദ്ദ: ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ യമനിൽ നിർണ്ണായക ഭരണമാറ്റം. നിലവിലെ വിദേശകാര്യ മന്ത്രിയായ ഡോ. ഷായ മുഹ്സിൻ സിന്ദാനിയെ രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. നിലവിലെ പ്രധാനമന്ത്രി സാലിം സാലിഹ് ബിൻ ബ്രൈക്ക് രാജി സമർപ്പിച്ചതിനെത്തുടർന്ന് സൗദി അറേബ്യയുടെ പിന്തുണയുള്ള പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിലാണ് പുതിയ നിയമനം നടത്തിയത്. ഭരണസംവിധാനം ശക്തിപ്പെടുത്തുക, രാഷ്ട്രീയ സുസ്ഥിരത ഉറപ്പാക്കുകയാണ് ലക്ഷ്യം.
തെക്കൻ യമനിലെ വിഘടനവാദി ഗ്രൂപ്പായ സതേൺ ട്രാൻസിഷണൽ കൗൺസിലിെൻറ (എസ്.ടി.സി) സ്വാധീനം വർധിക്കുകയും സൗദി അതിർത്തി വരെ സംഘർഷം പടരുകയും ചെയ്ത സാഹചര്യത്തിലാണ് ഈ ഭരണമാറ്റം. സൗദി പിന്തുണയുള്ള സർക്കാർ സൈന്യം തന്ത്രപ്രധാന മേഖലകളുടെ നിയന്ത്രണം തിരിച്ചുപിടിച്ചതിന് പിന്നാലെയാണ് ഭരണതലത്തിൽ അഴിച്ചുപണി നടത്തിയത്. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത പരിഹരിക്കാനുള്ള പ്രസിഡൻഷ്യൽ കൗൺസിലിെൻറ നീക്കമായാണ് ഇതിനെ നിരീക്ഷകർ കാണുന്നത്.
പുതിയ പ്രധാനമന്ത്രിക്ക് മുന്നിൽ കടുത്ത വെല്ലുവിളികളാണുള്ളത്. വർഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധവും അത് സൃഷ്ടിച്ച മാനുഷിക പ്രതിസന്ധികളും പരിഹരിക്കുക, തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക, സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നൽകുന്ന സാമ്പത്തിക സഹായങ്ങൾ കൃത്യമായി വിനിയോഗിച്ച് സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമാക്കുക എന്നീ ദൗത്യങ്ങളാണ് മുന്നിലുള്ളത്. വരും ദിവസങ്ങളിൽ പുതിയ മന്ത്രിസഭ രൂപവത്കരിക്കുന്നതോടെ യമനിലെ രാഷ്ട്രീയ-ഭരണ രംഗങ്ങളിൽ കൂടുതൽ ക്രിയാത്മകമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് രാജ്യാന്തര സമൂഹം പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

