മാധ്യമ സാക്ഷരതയാണ് പൊതുബോധ നിർമിതിക്ക് ബദൽ: കേളി സംവാദം
text_fieldsകേളി സാംസ്കാരിക വിഭാഗം മാധ്യമ സംവാദ പരിപാടിയിൽനിന്ന്
റിയാദ്: പൊതുബോധം എങ്ങനെ രൂപപ്പെടുന്നു, അത് ആരുടെ താൽപര്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്, മാധ്യമങ്ങളും സാമൂഹിക സംവിധാനങ്ങളും പൊതുധാരണകളെ എങ്ങനെ സ്വാധീനിക്കുന്നു തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത് കേളി സാംസ്കാരിക വിഭാഗം ‘പൊതുബോധ നിർമിതിയുടെ പുകമറ: മിഥ്യയും യാഥാർഥ്യവും’ എന്ന വിഷയത്തിൽ തുറന്ന സംവാദം സംഘടിപ്പിച്ചു.
സമകാലിക കേരളത്തിെൻറ പശ്ചാത്തലത്തിൽ നടന്ന ചർച്ചയിൽ, സമൂഹത്തിൽ ചില വിഭാഗങ്ങളെ നിരന്തരം പാർശ്വവൽക്കരിക്കുകയും അരികുവൽക്കരിക്കുകയും ചെയ്യുന്ന രീതികൾ പൊതുബോധ നിർമിതിയുടെ ഭാഗമായി എങ്ങനെ രൂപപ്പെടുന്നുവെന്ന് വിലയിരുത്തപ്പെട്ടു‘ഞങ്ങൾ’ എന്നും ‘നിങ്ങൾ’ എന്നും സമൂഹത്തെ വിഭജിക്കുന്ന ധാരണകൾ എങ്ങനെ രൂപപ്പെടുന്നുവെന്നും, ചില ആശയങ്ങളും ധാരണകളും മാധ്യമങ്ങളിലൂടെയും സാമൂഹിക സംവിധാനങ്ങളിലൂടെയും ആവർത്തിക്കപ്പെടുമ്പോൾ അവ സ്വാഭാവികമായ പൊതുബോധമായി മാറുന്ന പ്രക്രിയയും ചർച്ചയിൽ വിശദീകരിച്ചു.
വാർത്തകളുടെ തിരഞ്ഞെടുപ്പ്, വാർത്തക്ക് നൽകുന്ന പ്രാധാന്യം, തലക്കെട്ട്, അവതരണ രീതി എന്നിവ ജനങ്ങളുടെ ധാരണകളെ സ്വാധീനിക്കുന്നതിനെക്കുറിച്ചും, ഒരു വാർത്ത എന്തുകൊണ്ട് വാർത്തയാകുന്നു എന്നതിനൊപ്പം എന്തൊക്കെയാണ് വാർത്തയാകാതെ പോകുന്നത് എന്നതും തിരിച്ചറിയേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ചും മാധ്യമപ്രവർത്തകർ സംസാരിച്ചു.
ഇഇടതുപക്ഷ രാഷ്ട്രീയവും ഇത്തരം പൊതുബോധ നിർമിതിയുടെ ലക്ഷ്യമായി മാറുന്നുവെന്ന അഭിപ്രായങ്ങൾ ഉയർന്ന ചർച്ചയിൽ വിവിധ മാധ്യമങ്ങളുടെയും സാമൂഹിക സംവിധാനങ്ങളുടെയും ഇടപെടലുകൾ പരിശോധിച്ചുകൊണ്ട് വിഷയത്തെ വ്യത്യസ്ത വീക്ഷണങ്ങളിൽ നിന്നാണ് സമീപിച്ചത്. കേളി സാംസ്കാരിക കമ്മിറ്റി അംഗം നാസർ കാരക്കുന്ന് മോഡറേറ്ററായ ചർച്ചയിൽ മാധ്യമപ്രവർത്തകരായ നജീം കൊച്ചുകലുങ്ക്, ജയൻ കൊടുങ്ങല്ലൂർ, നൗഫൽ പാലക്കാടൻ, ഷമീർ കുന്നുമ്മൽ എന്നിവർ പങ്കെടുത്തു. സതീഷ് വളവിൽ സ്വാഗതവും അനസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

