ശാലിനി രജിത്തിന് നവോദയ യാംബു ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി
text_fieldsയാംബുവിൽനിന്ന് യു.കെയിലേക്ക് ജോലി മാറിപ്പോകുന്ന ശാലിനി രജിത്തിനുള്ള നവോദയയുടെ ഉപഹാരം ശ്രീകാന്ത് നൽകുന്നു
യാംബു: യാംബുവിൽനിന്ന് യു.കെയിലേക്ക് ജോലി മാറിപ്പോകുന്ന കണ്ണൂർ സ്വദേശിനി ശാലിനി രജിത്തിന് നവോദയ യാംബു ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. 2015ൽ യാംബു ജനറൽ ആശുപത്രിയിൽ നഴ്സ് ആയി ആതുരസേവനം തുടങ്ങിയ ശാലിനി യാംബു അൽ നഖ്ലിലും മദീനയിലുമുള്ള ആശുപത്രികളിലും സേവനം ചെയ്തിരുന്നു.
കോവിഡ് മഹാമാരിക്കാലത്ത് നിസ്വാർഥസേവനം കാഴ്ചവെച്ച ശാലിനി ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള നഗാദി യൂനിറ്റിലെ അംഗമാണ്. കോവിഡ് കാലത്ത് നവോദയ ചെയ്ത ആതുര ജനസേവന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ശാലിനി നവോദയ സംഘടിപ്പിച്ച കലാ സാംസ്കാരിക വേദികളിലും സജീവമായി രംഗത്തുണ്ടായിരുന്നു.
നഗാദി യൂനിറ്റ് എക്സിക്യൂട്ടിവ് അംഗമായ രജിത്ത് മനോഹരൻ ആണ് ഭർത്താവ്. ഇവരുടെ വസതിയിൽ നടന്ന യാത്രയയപ്പ് പരിപാടിയിൽ ശാലിനിക്കുള്ള നവോദയയുടെ ഉപഹാരം ഏരിയ ജോയന്റ് സെക്രട്ടറിയും നഗാദി യൂനിറ്റ് സെക്രട്ടറിയുമായ ശ്രീകാന്ത് നൽകി. യാംബു ഏരിയ സെക്രട്ടറി അജോ ജോർജ്, ഏരിയ ട്രഷറർ സിബിൾ ഡേവിഡ് ബേബി, ഏരിയ യുവജനവേദി കൺവീനർ നൗഷാദ് തായത്ത് എന്നിവർ സംസാരിച്ചു. യാംബുവിലെ പ്രവാസജീവിതം മധുരിക്കുന്ന ഓർമകൾ സമ്മാനിക്കുന്നതാണെന്നും നവോദയയോടൊത്തുള്ള സേവന സാംസ്കാരിക പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം തോന്നുന്നതായും യാംബുവിലെ സൗഹൃദ ബന്ധങ്ങൾ ജീവിതത്തിൽ കൂടുതൽ സന്തോഷം നൽകിയതായും മറുപടിപ്രസംഗത്തിൽ ശാലിനി പറഞ്ഞു.