ഷാഹുൽ ഹമീദ്: വിടവാങ്ങിയത് യാംബുവിലെ കാരണവർ
text_fieldsഷാഹുൽ ഹമീദ്
യാംബു: ഞായറാഴ്ച നിര്യാതനായ തിരുവനന്തപുരം ആറ്റിങ്ങൽ കവലയൂർ ഫാഹിസ് മൻസിലിൽ ഷാഹുൽ ഹമീദ് (67) നാലര പതിറ്റാണ്ട് നീണ്ട പ്രവാസത്തിനിടയിൽ യാംബു മലയാളി സമൂഹത്തിലെ കാരണവരായി മാറുകയായിരുന്നു. 1981ലാണ് ആദ്യമായി സൗദിയിലെത്തിയത്. 23ാമത്തെ വയസ്സിൽ ആരംഭിച്ച് നാലര പതിറ്റാണ്ടിലേക്ക് നീങ്ങുന്ന പ്രവാസം മതിയാക്കാൻ ഇഷ്ടമല്ലാത്ത ഷാഹുൽ ഹമീദ് റീ എൻട്രി വിസയിൽ രണ്ടാഴ്ച മുമ്പാണ് ചില അസുഖങ്ങൾക്ക് ചികിത്സ തേടി യാംബുവിൽനിന്ന് ഭാര്യ റുഖിയക്കും മകൻ നസീറിനുമൊപ്പം നാട്ടിലേക്ക് പോയത്. നാട്ടിൽവെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
റഫ്രിജറേറ്റർ, എയർക്കണ്ടീഷൻ റിപ്പയറിങ്ങിൽ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയാണ് ഹമീദ് സൗദിയിലെത്തിയത്. ബദ്റിൽ കൺസ്ട്രക്ഷൻ മേഖലയിൽ തുടങ്ങിയ പ്രവാസം പിന്നീട് കമ്പനികളിൽ റഫ്രിജറേറ്റർ, എയർ കണ്ടീഷൻ മെക്കാനിക്കായും ശേഷം വർക്ക് ഷോപ്പ് സ്ഥാപിച്ചും യാംബുവിൽ ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരുമായ നിരവധിയാളുകൾക്ക് സൗദിയിലെത്തി ഉപജീവനം കണ്ടെത്താൻ സഹായിച്ചിരുന്നു.
അദ്ദേഹം മുഖേനയാണ് താനടക്കം കുടുംബത്തിലെയും നാട്ടിലെയും നിരവധിയാളുകൾ സൗദിയിൽ എത്തിയതെന്നും എല്ലാവരും പ്രവാസത്തിൽ നല്ല ജീവിതം ലഭിച്ചെന്നും ഷാഹുൽ ഹമീദിെൻറ യാംബുവിലുള്ള സഹോദരൻ അബ്ദുൽ ഗഫൂർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
കുടുംബത്തോടൊപ്പം വർഷങ്ങളായി യാംബുവിൽ കഴിയുകയായിരുന്ന യാംബു മലയാളികളുടെ പ്രിയപ്പെട്ട ‘ഹമീദ്ക്ക’യുടെ വിയോഗം പരിചിത വൃത്തത്തിൽ നോവ് പടർത്തി. തിരികെവരാമെന്ന് യാത്ര പറഞ്ഞുപോയ യാംബുവിലെ ഈ കാരണവർ ഇനി മടങ്ങില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ പ്രയാസപ്പെടുകയാണ് യാംബുവിലെ സുഹൃത്തുക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

