പാകിസ്താനി ഷാഹിദിന് മലയാളം പച്ചവെള്ളം പോലെ; കേരള രാഷ്ട്രീയത്തിലും തൽപരൻ
text_fieldsജിദ്ദ: മലയാളികളോടൊപ്പം ജോലി ചെയ്യുന്ന പാകിസ്താൻ സ്വദേശി മലയാള ഭാഷ വശത്താക്കി മലയാളികളെ അത്ഭുതപ്പെടുത്തുന്നു. ജിദ്ദയിലെ മക്ക റോഡിലെ കിലോ ആറിൽ യമാനി ബേക്കറിയിലെ ജോലിക്കാരനാണ് ഷാഹിദ്. ഏതാനും വർഷങ്ങൾക്ക് മുമ്പാണ് മലയാളികൾ കൂടുതലുള്ള യമാനി ബേക്കറിയിൽ ഷാഹിദ് ജോലിക്ക് ചേരുന്നത്.
ഉറുദു പഠിക്കാനുള്ള മലയാളികളുടെ താൽപര്യമില്ലായ്മ അവരുമായുള്ള സഹവാസത്തിൽ നിന്നും മനസ്സിലാക്കിയ ഷാഹിദ് മലയാളികളുമായി ആശയ വിനിമയം നടത്താൻ മലയാളം പഠിക്കുകയല്ലാതെ രക്ഷയില്ലെന്ന് കണ്ടതോടെയാണ് അത് പഠിക്കാൻ തീരുമാനിച്ചത്. ഉറുദു അറിയാത്ത ഞങ്ങളുമായി ആദ്യമൊക്കെ വലിയ പ്രയാസപ്പെട്ടാണ് ഷാഹിദ് ആശയ വിനിമയം ചെയ്തിരുന്നതെന്ന് മലയാളി സുഹൃത്തുക്കളായ അൻവർ മാട്ടിൽ, മൻസൂർ മനയങ്ങാട്ടിൽ എന്നിവർ പറഞ്ഞു. പിന്നീട് അറബിയും മലയാളവും ചേർന്ന ഒരു സങ്കര ഭാഷ രൂപപ്പെടുത്തി ആശയം വിനിമയം നടത്തിയ ഷാഹിദ് ഇപ്പോൾ പച്ചവെള്ളം പോലെ മലയാളം സംസാരിക്കും. ജോലിയിൽ സ്ഥിരോൽസാഹിയും ആത്മാർഥതയുമുള്ള ഷാഹിദ് മലയാളം വശത്താക്കിയതോടെ മലയാളികളുടെ ഉറ്റ തോഴനായി.
സുഹൃത്തുക്കളോടൊപ്പം മലയാളം ചാനലുകൾ കാണുന്നതിലും അതുവഴി കേരള രാഷ്ട്രീയത്തിലും ഷാഹിദ് ഉൽസുകനാണ്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും മുസ്ലിംലീഗിെൻറ സാരഥി കുഞ്ഞാലികുട്ടിയുമെല്ലാം ഷാഹിദിന് ചിരപരിചിതരാണ്. പക്ഷെ, അറബി, ഇംഗ്ലീഷ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന മലയാളികൾ ഉർദു ഭാഷയോട് താൽപര്യം കാണിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്ന് ഷാഹിദ് പരിഭവിക്കുന്നു. കുടുംബ സമേതം ജിദ്ദയിൽ കഴിയുന്ന ഷാഹിദിന് മലയാളി സുഹൃത്തുക്കളെ കുറിച്ച് നല്ലത് മാത്രമേ ഓർമ്മിക്കാനുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
