നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം; മൂന്ന് പതിറ്റാണ്ടത്തെ ഐ.എൻ.എൽ ബന്ധം ഉപേക്ഷിച്ച് എ.എം. അബ്ദുല്ലക്കുട്ടി
text_fieldsജിദ്ദ: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ പ്രവർത്തനത്തിന് വിരാമമിട്ട് എ.എം. അബ്ദുല്ലക്കുട്ടി ഐ.എൻ.എല്ലിൽ നിന്നും പ്രവാസി ഘടകമായ ഐ.എം.സി.സിയിൽ നിന്നും രാജിവെച്ചു. ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് 32 വർഷത്തെ ബന്ധം അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹം പ്രാഥമിക അംഗത്വത്തിൽ നിന്നടക്കമുള്ള രാജി പ്രഖ്യാപിച്ചത്.
പാർട്ടി നിലവിൽ എൽ.ഡി.എഫിെൻറ സ്തുതിപാഠകരായി മാറിയെന്നും ഇബ്രാഹിം സുലൈമാൻ സേട്ടിെൻറ അനുയായികൾക്ക് തലയുയർത്തി നടക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിയുടെ അസ്തിത്വം നഷ്ടപ്പെട്ട സാഹചര്യത്തിൽ ഇനിയും തുടരുന്നത് മനസ്സാക്ഷിയോടുള്ള വഞ്ചനയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
നേതൃത്വത്തിനിടയിലെ വിഭാഗീയതയും വിശ്വാസമില്ലായ്മയും പാർട്ടിയെ സ്തംഭിപ്പിച്ചിരിക്കുകയാണ്. സമുദായം നേരിടുന്ന വെല്ലുവിളികളിൽ നിശബ്ദത പാലിക്കുന്ന നേതൃത്വം, വർഗീയ നിലപാടുകൾക്കെതിരെ പ്രതികരിക്കാതെ മറ്റുള്ളവരുടെ ആജ്ഞാനുസരണം വിട്ടുവീഴ്ചകൾ ചെയ്യുകയാണ്. സമീപകാലത്ത് വെള്ളാപ്പള്ളി നടേശൻ നടത്തിയ വർഗീയ പരാമർശങ്ങൾക്കെതിരെ മതേതര സമൂഹം ഒന്നടങ്കം രംഗത്തുവന്നപ്പോഴും നാഷനൽ ലീഗ് സ്വീകരിച്ച നിലപാട് ആപൽക്കരമായിരുന്നുവെന്നും മറ്റാരുടെയോ നിർദ്ദേശപ്രകാരം അദ്ദേഹത്തെ ന്യായീകരിക്കാൻ ശ്രമിച്ചത് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കിയെന്നും അബ്ദുല്ലക്കുട്ടി കുറ്റപ്പെടുത്തി.
രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ നയനിലപാടുകൾ രൂപപ്പെടുത്തുന്നതിൽ പാർട്ടി സമ്പൂർണ പരാജയമാണെന്നും എൽ.ഡി.എഫിൽ നിന്ന് പാർട്ടിയുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് പകരം ഔദാര്യം പ്രതീക്ഷിച്ച് നിൽക്കുന്നത് ലജ്ജകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൂരൽമല ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിന്ന് പാർട്ടി ഉൾവലിഞ്ഞതിനെതിരെയും അദ്ദേഹം രൂക്ഷമായ വിമർശനം ഉന്നയിച്ചു.
പതിനഞ്ചോളം വീടുകൾ നിർമിക്കാനുള്ള സാമ്പത്തിക ക്രമീകരണങ്ങൾ ഒരുക്കി നേതൃത്വത്തോട് സ്ഥലം കണ്ടെത്താൻ ആവശ്യപ്പെട്ടിട്ടും അവർ തയ്യാറായില്ല. പുനരധിവാസ ഉദ്ഘാടന പരിപാടിയിൽ ഒരു പ്രമുഖ നേതാവിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല എന്ന കാരണത്താലാണ് ആ പദ്ധതി മുടങ്ങിയതെന്ന് അറിയാൻ കഴിഞ്ഞത് തന്നെ ഏറെ വേദനിപ്പിച്ചതായി അബ്ദുല്ലക്കുട്ടി പറഞ്ഞു. ഐ.എം.സി.സി പാർട്ടിയെ പലപ്പോഴും സഹായിച്ചിട്ടുണ്ടെങ്കിലും പ്രധാന നയരൂപീകരണ ചർച്ചകളിൽ നിന്ന് ഈ ഘടകത്തെ ബോധപൂർവ്വം മാറ്റിനിർത്തുകയായിരുന്നു.
കഴിഞ്ഞ വർഷം തന്നെ സംസ്ഥാന സെക്രട്ടേറിയേറ്റ് സ്ഥാനവും ഐ.എം.സി.സി ജി.സി.സി ചെയർമാൻ സ്ഥാനവും രാജിവെച്ചിരുന്നെങ്കിലും, പ്രവർത്തകർക്കിടയിലെ ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഇപ്പോൾ പൊതുമധ്യത്തിൽ രാജി പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

