ബുറൈദ കെ.എം.സി.സി ഫുട്ബാൾ: ബ്ലാസ്റ്റേഴ്സ് റിയാദ് ജേതാക്കൾ
text_fieldsകെ.എം.സി.സി ബുറൈദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഏഴാമത് സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ വിജയിച്ച ബ്ലാസ്റ്റേഴ്സ് റിയാദ് ട്രോഫിയുമായി
ബുറൈദ: കെ.എം.സി.സി ബുറൈദ സെൻട്രൽ കമ്മിറ്റി ബലിപെരുന്നാൾ ദിനത്തിൽ സംഘടിപ്പിച്ച മുസ്തഫ മെമ്മോറിയൽ ഏഴാമത് സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ ബ്ലാസ്റ്റേഴ്സ് റിയാദ് ജേതാക്കളായി. സൗദിയുടെ വിവിധ നഗരങ്ങളിൽനിന്നുള്ള എട്ട് ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിലെ കലാശപോരാട്ടത്തിൽ മജ്മഅ കെ.എം.സി.സി സ്പോൺസർ ചെയ്ത ‘റോയൽ എഫ്.സി മജ്മഅ’യെയാണ് ബ്ലാസ്റ്റേഴ്സ് റിയാദ് പരാജയപ്പെടുത്തിയത്.
നിശ്ചിത സമയം അവാസാനിച്ചപ്പോഴും ഓരോ ഗോളുവീതം നേടി ഇരു ടീമുകളും സമനില പാലിച്ചതിനെ തുടർന്ന് ടൈബ്രേക്കറിലൂടെ രണ്ടിനെതിരെ നാല് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് വിജയ കിരീടമണിഞ്ഞത്. കെ.എം.സി.സി ബുറൈദ സെൻട്രൽ കമ്മറ്റി പ്രസിഡൻറ് അനീസ് ചുഴലി, ട്രഷറർ ബാജി ബഷീർ, കമ്മിറ്റി ചെയർമാൻ നവാസ് പള്ളിമുക്ക്, ഓർഗനൈസിങ് സെക്രട്ടറി റഫീഖ് ചെങ്ങളായി, ടൂർണമെൻറ് സമിതി ചെയർമാൻ അലിമോൻ ചെറുകര, കൺവീനർ നൗഫൽ പാലേരി, ട്രഷറർ യൂസഫ് ചെറുമല, ശബീറലി ചാലാട്, ശരീഫ് മാങ്കടവ്, ലത്തീഫ് പള്ളിയാലിൽ, ഇക്ബാൽ പാറക്കാടൻ, ശരീഫ് തലയാട് എന്നിവർ ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. കുട്ടി എടക്കര, അലി പുതിയോട്ടിൽ, അഷ്റഫ് ഇരിട്ടി, റിയാസ് മണ്ണാർക്കാട്, സമദ് വയനാട് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പ്രമോദ് കുര്യൻ (ഒ.ഐ.സി.സി), റഫീഖ് അരീക്കോട് (എസ്.ഐ.സി), നിഷാദ് പാലക്കാട് (ഖസീം പ്രവാസി സംഘം), അബ്ദു കീച്ചേരി (ഇശൽ ബുറൈദ) എന്നിവർ പങ്കെടുത്തു.

