ജിദ്ദ: യമനി സയാമീസ് ഇരട്ടകളായ മൗദയെയും റഹ്മയെയും സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശപ്രകാരം വേർപിരിയൽ ശസ്ത്രക്രിയക്കായി റിയാദിലെത്തിക്കും. ഇവരെ റിയാദിലെത്തിക്കുന്നതിനായി സൗദിയിൽനിന്നുള്ള മെഡിക്കൽ സംഘം മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിൽ ഞായറാഴ്ച തെക്കൻ യമനിലെ ഏദൻ വിമാനത്താവളത്തിൽ എത്തി.
റിയാദ് നാഷനൽ ഗാർഡിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന വേർപിരിയൽ ശസ്ത്രക്രിയയുടെ തയാറെടുപ്പിന് ഇരട്ടക്കുട്ടികൾക്കുള്ള പ്രാഥമിക പരിശോധനകൾ നടത്താനാണ് മെഡിക്കൽ സംഘം യമനിലെത്തിയത്. വയറും കുടലും കരളും ഒട്ടിച്ചേർന്ന നിലയിൽ ഏദനിലെ അൽസദഖ ആശുപത്രിയിൽ ഡോക്ടർമാരുടെ പരിചരണത്തിലാണ് ഈ സയാമീസ് ഇരട്ടകൾ.
ഇവരുടെ ചികിത്സയുടെ മേൽനോട്ടം വഹിക്കുന്ന ഡോക്ടർ കിങ് സൽമാൻ റിലീഫ് സെന്ററിൽ വിവരമറിയിച്ചതിനെത്തുടർന്നാണ് സൽമാൻ രാജാവിന്റെ നിർദേശപ്രകാരം ഇവരെ റിയാദിലെത്തിക്കുന്നത്. തങ്ങളുടെ കുട്ടികളുടെ കാര്യത്തിലെടുത്ത ഉദാര സമീപനത്തിൽ മൗദയുടെയും റഹ്മയുടെയും രക്ഷിതാക്കൾ സൽമാൻ രാജാവിന് നന്ദി അറിയിച്ചു. സൗദിയിൽ സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന 51ാമത്തെ ഓപറേഷനാണിത്.