വേർപെടുത്തൽ ശസ്ത്രക്രിയക്ക് യമൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ നിർദേശത്തെ തുടർന്നാണ് യമനിലെ മക്ല പട്ടണത്തിൽനിന്ന് മെഡിക്കൽ വിമാനത്തിൽ സയാമീസുകളെ റിയാദിലെ കിങ് സൽമാൻ എയർബേസിലെത്തിച്ചത്. മാതാപിതാക്കളും കൂടെയുണ്ട്. റിയാദിലെത്തിച്ച സയാമീസുകളെ ശസ്ത്രക്രിയ സാധ്യതാ പരിശോധനക്കയി നാഷനൽ ഗാർഡിന് കീഴിലെ കിങ് അബ്ദുല്ല സ്പെഷാലിറ്റി ഫോർ ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റിയാദിലെ സ്വീകരണത്തിനും ആതിഥ്യത്തിനും മാതാപിതാക്കളായ അഹമ്മദ് സഇൗദ് മഹ്യൂദും ഫാത്വിമ സഅദും സൗദി അറേബ്യക്കും യമനിലെ സൗദി എംബസിക്കും റിയാദിലെത്തിക്കാൻ സഹായിച്ച സംഖ്യസേനക്കും നന്ദി പറഞ്ഞു. സയാമീസുകളെ വേർപെടുത്തുന്ന ദേശീയ പദ്ധതിക്കു കീഴിൽ സൗദിയിലെത്തിക്കുന്ന 108ാമത്തെ സയാമീസ് ജോടികളാണ് ഇത്. പലപ്പോഴായി വിദഗ്ധ പരിശോധനക്കും ശസ്ത്രക്രിയക്കുമായി 21 രാജ്യങ്ങളിൽനിന്നുള്ള സയാമീസ് ജോടികളെയാണ് റിയാദിലെത്തിച്ചിട്ടുള്ളത്. വേർപെടുത്തൽ ശസ്ത്രക്രിയ തീരുമാനിക്കുകയാണെങ്കിൽ യമൻ സയാമീസുകളുടെ ശസ്ത്രക്രിയ 49ാമത്തേതായിരിക്കും.