കുഡു കേളി സഫാ മക്കാ കപ്പ്: ആവേശം വിതറി മൂന്നാം വാരത്തിൽ മൂന്ന് മത്സരങ്ങൾ
text_fieldsടൂർണമെൻറിലെ ആദ്യ സെഞ്ചുറി നേടിയ കൊക്കൻ ബാദ്ഷായുടെ ഇർഫാന് മലാസ് ഏരിയ വൈസ് പ്രസിഡൻറ് മുകുന്ദൻ ഫലകം കൈമാറുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുഡു-കേളി മെഗാ ക്രിക്കറ്റ് ടൂർണമെൻറ് സീസൺ-2 സഫാ മക്കാ കപ്പ് മൂന്നാം വാരത്തിലേക്ക് കടന്നപ്പോൾ മൂന്ന് ആവേശകരമായ മത്സരങ്ങൾ അരങ്ങേറി. കുഡു പ്രസൻറ്സ് സഫാ മക്കാ വിന്നർ ട്രോഫിക്കും മാർക് ആൻഡ് സേവ് റണ്ണർ അപ്പ് ട്രോഫിക്കുമായാണ് മൂന്ന് മാസം നീളുന്ന ക്രിക്കറ്റ് പോരാട്ടം സംഘടിപ്പിച്ചിരിക്കുന്നത്.
ആദ്യ മത്സരത്തിൽ റിബൽസ് റിയാദ് 16 റൺസിന് എം.സി.സിയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത റിബൽസ് റിയാദ് നാല് വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ എം.സി.സിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 96 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മികച്ച പ്രകടനം കാഴ്ചവെച്ച റിബൽസ് റിയാദിെൻറ മാലിക് മുനീറാണ് മാൻ ഓഫ് ദ മാച്ച്.
രണ്ടാം മത്സരത്തിൽ കൊക്കൻ ബാദ്ഷായുടെ ബാറ്റിങ് കരുത്തിനാണ് കെ.സി.എ ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. നാല് വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടിയ കൊക്കൻ ബാദ്ഷായ്ക്കെതിരെ ഡി.എഫ്.സി റോക്ക്സ്റ്റാറിന് നാല് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 32 റൺസിെൻറ വിജയമാണ് കൊക്കൻ ബാദ്ഷാ സ്വന്തമാക്കിയത്. 106 റൺസുമായി തകർപ്പൻ ഇന്നിങ്സ് കളിച്ച ഇർഫാൻ മാൻ ഓഫ് ദ മാച്ചായി. കൂടാതെ ടൂർണമെൻറിലെ ആദ്യ സെഞ്ചുറിയെന്ന നേട്ടവും ഇർഫാൻ ഇതിലൂടെ സ്വന്തമാക്കി.
മൂന്നാം മത്സരത്തിൽ സ്മാഷസ് സി.സി അതിവേഗം വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഫ്രൈഡേ ഫൈറ്റേഴ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ 81 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്മാഷസ് സിസി 5.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്ന് എട്ട് വിക്കറ്റിെൻറ മികച്ച വിജയം നേടുകയായിരുന്നു. സ്മാഷസ് സി.സിയുടെ മൻസൂറാണ് ഈ മത്സരത്തിലെ മാൻ ഓഫ് ദ മാച്ച്. 24 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ ഇതുവരെ 20 ടീമുകളാണ് കളത്തിലിറങ്ങിയിട്ടുള്ളത്. നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളായാണ് മത്സരങ്ങൾ പുരോഗമിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ പൂർത്തിയായ ശേഷം സെമി ഫൈനലും ഫൈനലും ഡിസംബറിൽ നടക്കും. കേളിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ആവേശം പകരുന്ന ടൂർണമെന്റിൽ ഓരോ വാരവും ശക്തമായ പോരാട്ടങ്ങളാണ് അരങ്ങേറുന്നത്.
മത്സരങ്ങളിൽ കെ.സി.എ ഗ്രൗണ്ടിൽ നൗഷിഫ്, മൻസൂർ റോഷൻ എന്നിവരും ടെക്നോമാക് ഗ്രൗണ്ട് ഒന്നിൽ ചാക്കോ, വിഷ്ണു മുകേഷ് എന്നിവരും ടെക്നോമാക് ഗ്രൗണ്ട് രണ്ടിൽ നയ്മുദ്ദീൻ, കയ്‌സ് എന്നിവരും അമ്പയർമാരായി സേവനമനുഷ്ഠിച്ചു. വിജയികളായ മികച്ച കളിക്കാർക്കുള്ള ഫലകങ്ങൾ കേളി അസീസിയ ഏരിയ ട്രഷറർ ലജീഷ് നരിക്കോട്, മലാസ് ഏരിയ വൈസ് പ്രസിഡൻറ് മുകുന്ദൻ, സൈബർവിങ് ജോയിൻറ് കൺവീനർ റാഷിഖ് എന്നിവർ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

