‘സീക്കോ തെരുവ്’ പുസ്തക പ്രകാശനം ഇന്ന്
text_fieldsദമ്മാം കീഴുപറമ്പ് കൂട്ടായ്മ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദമ്മാം: പ്രവാസി എഴുത്തുകാരൻ ഹഫീസ് കോളക്കോടൻ ദമ്മാമിലെ നഗരകേന്ദ്രമായ ‘സീക്കോ’യുടെ പശ്ചാത്തലത്തിൽ രചിച്ച ‘സീക്കോ തെരുവ്’ എന്ന പുസ്തകത്തിന്റെ ജി.സി.സി തല പ്രകാശനം വ്യാഴാഴ്ച നടക്കുമെന്ന് കീഴുപറമ്പ് കൂട്ടായ്മ (കെപ്വ) വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രവാസത്തിന്റെ നോവും വേവും വ്യത്യസ്തമായൊരു വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്ന പുസ്തകം മനുഷ്യാവസ്ഥകളെ സൂക്ഷ്മ നിരീക്ഷണങ്ങളിലൂടെ വിലയിരുത്തുകയും സാമ്പ്രദായികമായ പ്രവാസാനുഭവ വിവരണങ്ങളിൽനിന്ന് വിഭിന്നമായൊരു വഴിയിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നു.
പ്രശസ്തമായ സീക്കോയുടെ വഴികളിലൂടെയും ഊടുവഴികളിലൂടെയും സഞ്ചരിച്ച് അനുഭവങ്ങളെ പെറുക്കിയെടുത്ത് അവയെ ദാർശനികമായി വിലയിരുത്തുന്ന പുസ്തകം പ്രവാസ സാഹിത്യരംഗത്ത് സവിശേഷമായൊരു ഇടം സ്ഥാപിക്കുമെന്ന് കരുതുന്നതായി സംഘാടകർ പറഞ്ഞു. സാഹിത്യതൽപരരായ പ്രവാസികൾ ഗൗരവപൂർണമായ വായനയിലൂടെ പുസ്തകത്തെ ഉൾക്കൊള്ളുമെന്നും കൂടുതൽ വായിക്കപ്പെടുമെന്നും കെപ്വ ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.
വ്യാഴാഴ്ച രാത്രി 8.30ന് ദമ്മാമിലെ റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പുസ്തക പ്രകാശനം മലബാരി ഗ്രൂപ് സി.ഇ.ഒ കെ.എം. ബഷീർ നിർവഹിക്കും. സാംസ്കാരിക സമ്മേളനം സഫ മെഡിക്കൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ മുഹമ്മദ് കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്യും. വിവിധ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.
23 വർഷമായി സൗദി അറേബ്യയിലെ കിഴക്കൻ പ്രാവിശ്യയിൽ പ്രവർത്തിക്കുന്ന മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലെ പ്രവാസികളുടെ പ്രാദേശിക കൂട്ടായ്മയാണ് ‘കെപ്വ ദമ്മാം’. വാർത്തസമ്മേളനത്തിൽ ചെയർമാൻ ജൗഹർ കുനിയിൽ, പ്രസിഡന്റ് വഹീദുറഹ്മാൻ, സഹ ഭാരവാഹികളായ അനസ്, ലിയാക്കത്തലി, അസ്ലം കോളക്കേടൻ, കെ.എം. ഷമീം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

