റോബോട്ടിക് ശസ്ത്രക്രിയ: ചരിത്രനേട്ടവുമായി സൗദിയിലെ സെഹാ വെർച്വൽ ആശുപത്രി
text_fieldsറിയാദ്: അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡോക്ടർമാർ രോഗിയുടെ അടുത്തില്ലാതെ, ദൂരസ്ഥലങ്ങളിലിരുന്ന് നടത്തുന്ന ‘ടെലി-റോബോട്ടിക്’ ശസ്ത്രക്രിയകളിൽ ചരിത്രനേട്ടം കുറിച്ചു സൗദി അറേബ്യ. രാജ്യത്തെ ‘സഹാ വെർച്വൽ ആശുപത്രി’ വിവിധ രോഗങ്ങൾക്ക് തുടർച്ചയായി 11 റോബോട്ടിക് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി.
ഹാഇൽ ഹെൽത്ത് ക്ലസ്റ്റർ, കിങ് സഊദ് യൂനിവേഴ്സിറ്റി മെഡിക്കൽ സിറ്റി, സെയിൻ സൗദി, എഡ്ജ് ലിമിറ്റഡ്, അൽ അമീൻ കമ്പനി എന്നിവർ കൈകോർത്താണ് ഈ ദേശീയ പദ്ധതി യാഥാർത്ഥ്യമാക്കിയത്. അതിവേഗ ഇൻറർനെറ്റും റോബോട്ടിക് കൈകളും ഉപയോഗിച്ച് മറ്റൊരു നഗരത്തിലിരിക്കുന്ന ഡോക്ടർ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് ശസ്ത്രക്രിയ നടത്തുന്ന രീതിയാണിത്. സൗദി വിഷൻ 2030, ഹെൽത്ത് സെക്ടർ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാം എന്നിവയുടെ ലക്ഷ്യങ്ങൾക്കനുസരിച്ചാണ് ഇത് നടപ്പാക്കിയത്.
റിയാദിലിരുന്ന ഡോക്ടർമാരുടെ സംഘമാണ് ഹാഇലിലും റിയാദിലുമുള്ള രോഗികളെ ശസ്ത്രക്രിയ ചെയ്തത്. ഇൻറർനെറ്റിലൂടെ അകലെയിരുന്ന് റോബോട്ട് വഴി ശ്വാസകോശത്തിലെ ഒരു ഭാഗം നീക്കം ചെയ്യുന്ന ‘റൈറ്റ് ലോവർ ലംഗ് ലോബെക്ടമി’ ശസ്ത്രക്രിയ ലോകത്ത് രണ്ടാം തവണയും, ടെലി-റോബോട്ടിക് ശ്വാസകോശ ശസ്ത്രക്രിയകളിൽ അഞ്ചാമത്തേതുമാണിത്.
അമിതവണ്ണം കുറയ്ക്കുന്നതിനുള്ള സ്ലീവ് ഗാസ്ട്രെക്ടമി, ഹെർണിയ, പെൽവിക് പരിശോധന, ഗർഭാശയം നീക്കം ചെയ്യൽ എന്നിവയും വിജയകരമായി പൂർത്തിയാക്കി. സൗദി ടെലിസജറി പ്രോട്ടോകോൾ’ അനുസരിച്ച് നടപ്പാക്കിയ ഇതിലെ റോബോട്ടിക് സംവിധാനങ്ങൾക്ക് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരമുണ്ട്. കൃത്യമായ പരിശീലനങ്ങൾക്കും വിചാരണകൾക്കും ശേഷമാണ് ഇത് രോഗികളിൽ ഉപയോഗിച്ചത്. ഇതിെൻറ ഭാഗമായാണ് സെഹാ വെർച്വൽ ആശുപത്രിയുമായി സഹകരിച്ച് സൗദി ടെലിസജറി പ്രോഗ്രാമിന് തുടക്കം കുറിച്ചത്.
മൂന്ന് ദിവസത്തിനുള്ളിൽ ഏഴ് ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതിൽ, ആദ്യദിനം ബേറിയാട്രിക്, ജനറൽ സർജറി, ഗൈനക്കോളജി, ചെസ്റ്റ് സർജറി വിഭാഗങ്ങളിലെ നാല് സങ്കീർണ ശസ്ത്രക്രിയകൾ ഉൾപ്പെടുന്നു. 2003 മുതൽ രാജ്യത്ത് റോബോട്ടിക് ശസ്ത്രക്രിയകൾ നടത്തുന്ന സ്ഥാപനമാണ് കിങ് ഖാലിദ് യൂനിവേഴ്സിറ്റി ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. അബ്ദുൽ അസീസ് അൽ തുനിയാൻ പറഞ്ഞു. ഹജ്ജ് തീർത്ഥാടന സമയത്തും, അടിയന്തിര ഘട്ടങ്ങളിലും, വിദൂര ഗ്രാമങ്ങളിലും ചികിത്സ ഉറപ്പാക്കാനും ഭാവിയിൽ വിദേശ രാജ്യങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

