വാഹാനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ; കണ്ണൂർ സ്വദേശിയുടെ ചികിത്സക്ക് സഹായം തേടി സുഹൃത്തുക്കൾ
text_fieldsഅബ്ദുൽ സമദ്
ജുബൈൽ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണൂർ ഇരിക്കൂർ പെരുവളത്ത് പറമ്പ് വയക്കര ചിസ്തി നഗർ കോട്ടപ്പറമ്പ് അബ്ദുൽ സമദിെൻറ (55) ചികിത്സക്കായി സഹായം തേടി സുഹൃത്തുക്കൾ. ഒരു മാസമായി അത്യാസന്ന നിലയിൽ ജുബൈലിലെ അൽമാന ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഏകദേശം ഒന്നര കോടി രൂപ ഇതുവരെ ചികിത്സക്കായി ചെലവായി. രണ്ട് അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയനാവുകയും ചികിത്സയുടെ ഭാഗമായി ഒരു കാൽ മുറിച്ചുമാറ്റുകയും ചെയ്തു.
ഏഴുവർഷമായി ഇഖാമയോ ആരോഗ്യ ഇൻഷുറൻസോ ഉണ്ടായിരുന്നില്ല. നിലവിൽ ഹുറൂബ് (സ്പോൺസറുടെ അടുത്ത് നിന്നുള്ള ഒളിച്ചോട്ടം) ഗണത്തിലാണ് അബ്ദുൽ സമദ് ഉൾപ്പെട്ടിരിക്കുന്നത്. 15 വർഷം മുമ്പ് ഡ്രൈവർ വിസയിൽ സൗദിയിൽ എത്തിയതാണ് അബ്ദുൽ സമദ്. വർഷങ്ങൾക്ക് മുമ്പാണ് അവസാനമായി നാട്ടിൽ പോയിവന്നത്. കഴിഞ്ഞ മാസം 17ന് ഖഫ്ജിയിൽ പോയി തിരിച്ചുവരുമ്പോൾ അബൂ ഹൈദരിയാ റോഡിലാണ് അപകടം സംഭവിച്ചത്.
അബ്ദുൽ സമദ് ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനാൽ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇന്ത്യൻ എംബസിയോടും മറ്റു അഭ്യുദയ കാംക്ഷികളോടും സഹായം തേടിയിട്ടുണ്ട്. സുഹൃത്തുക്കളാണ് ചികിത്സക്ക് ആവശ്യമായ ആദ്യ ഗഡുവായ 10,000 റിയാൽ ആശുപത്രിയിൽ കെട്ടിവെച്ചത്.
ഹുറൂബിൽ ആയതിനാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ പ്രയാസമാണ്. ഏറെ പരിതാപകരമാണ് അബ്ദുൽ സമദിെൻറ അവസ്ഥയെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഇപ്പോഴും അൽമാന ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിൽ കഴിയുകയാണ്. ആറ് ലക്ഷത്തോളം റിയാലിെൻറ (ഒന്നര കോടി രൂപയോളം) ആശുപത്രി ബിൽ വന്നുകഴിഞ്ഞു. അബ്ദുൽ സമദിന് മൂന്ന് മക്കളുമുണ്ട്. ഭാര്യ ഹൃദയസംബന്ധമായ അസുഖങ്ങൾ നിമിത്തം ചികിത്സയിലാണ്. വീട് നിർമിക്കാൻ ബാങ്കിൽനിന്നും കടമെടുത്ത പണം തിരിച്ചടക്കാൻ കഴിയാത്തതിനാൽ ജപ്തിയുടെ വക്കിലാണ് കുടുംബം.
നാട്ടിൽനിന്നും ഷാഫി പറമ്പിൽ എം.പി മുഖേന ഇന്ത്യൻ എംബസിയുടെ സഹായം അഭ്യർഥിച്ച് അപേക്ഷ നൽകിയിട്ടുണ്ട്. ഈ വലിയ പ്രതിസന്ധിയിൽനിന്ന് കരകയറാൻ സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുകയാണ് സുഹൃത്തുക്കൾ. സാമ്പത്തിക ബാധ്യതകൾ പരിഹരിച്ച് നിയമ തടസ്സങ്ങൾ നീക്കി തുടർചികിത്സക്കായി നാട്ടിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

