സ്വന്തം ശരീരം കവചമാക്കി തീർത്ഥാടകന്‍റെ ജീവൻ കാത്തു; മക്കയിലെ സുരക്ഷാ ഉദ്യോഗസ്ഥന് സോഷ്യൽ മീഡിയയുടെ കയ്യടി
text_fieldsസുരക്ഷാ ഉദ്യോഗസ്ഥൻ റയാൻ അൽ അസീരി ആശുപത്രിയിൽ ചികിത്സയിൽ
മക്ക: മസ്ജിദുൽ ഹറാമിലെത്തുന്ന തീർത്ഥാടകരുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ അർപ്പണബോധത്തിന് തെളിവായി മാറിയിരിക്കുകയാണ് റയാൻ അൽ അസീരി എന്ന സൈനികന്റെ ധീരകൃത്യം. മസ്ജിദുൽ ഹറാമിന്‍റെ മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് മനഃപൂർവ്വം ചാടിയ ഒരു തീർത്ഥാടകനെ, സ്വന്തം ശരീരം ഒരു സുരക്ഷാ കവചമാക്കി തടഞ്ഞുനിർത്തിയാണ് റയാൻ ഏറെ ആദരവ് പിടിച്ചുപറ്റിയത്.
താഴെ വീണ തീർത്ഥാടകന്റെ ആഘാതം കുറയ്ക്കാനും ജീവൻ രക്ഷിക്കാനുമുള്ള ശ്രമത്തിനിടെ റയാൻ അൽ അസീരിക്ക് പരിക്കേൽക്കുകയും നിലവിൽ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലുമാണ്. സമൂഹമാധ്യമമായ 'എക്‌സി'ൽ അദ്ദേഹത്തിന്റെ ചികിത്സാ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ, ലോകമെമ്പാടുമുള്ള ആളുകൾ ഈ ധീരതയെ വാനോളം പുകഴ്ത്തുകയാണ്.
തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സൗദി അറേബ്യൻ സുരക്ഷാ സേന പുലർത്തുന്ന ജാഗ്രതയ്ക്കും തയ്യാറെടുപ്പിനും ഉത്തമ ഉദാഹരണമാണ് ഈ സംഭവമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.
വിശുദ്ധ മസ്ജിദിലെത്തുന്നവർക്ക് സമാധാനത്തോടെയും സുരക്ഷിതമായും ആരാധനകൾ നിർവഹിക്കാൻ ഭരണകൂടം ഒരുക്കുന്ന വിപുലമായ സുരക്ഷാ സംവിധാനങ്ങളെയും സൈനികരുടെ സേവനസന്നദ്ധതയെയും ഈ സംഭവം വീണ്ടും അടിവരയിടുന്നു. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച റയാൻ അൽ അസീരിക്ക് വലിയ രീതിയിലുള്ള പ്രശംസയാണ് സോഷ്യൽ മീഡിയയിൽ ഉടനീളം ലഭിച്ചുകൊണ്ടിരിക്കുന്നത്.
ധീരതയ്ക്ക് ആഭ്യന്തര മന്ത്രിയുടെ അഭിനന്ദനം: സൈനികനെ ഫോണിൽ വിളിച്ച് അമീർ അബ്ദുൽ അസീസ് ബിൻ സഊദ്
സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ്
മസ്ജിദുൽ ഹറാമിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ സൈനികൻ റയാൻ അൽ അസീരിയെ സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് നേരിട്ട് ഫോണിൽ വിളിച്ച് ആരോഗ്യവിവരങ്ങൾ അന്വേഷിച്ചു.
രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥർ ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ മൂല്യങ്ങളുടെയും അർപ്പണബോധത്തിന്റെയും ഉത്തമ ഉദാഹരണമാണ് റയാന്റെ പ്രവൃത്തിയെന്ന് മന്ത്രി പ്രശംസിച്ചു. അപകടകരമായ സാഹചര്യത്തിലും റയാൻ കാണിച്ച ജാഗ്രതയും ധീരതയും വെറും ഔദ്യോഗിക കൃത്യനിർവഹണം മാത്രമല്ല, മറിച്ച് മാനുഷിക മൂല്യങ്ങളുടെയും നിസ്വാർത്ഥതയുടെയും അടയാളമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള റയാൻ എത്രയും വേഗം സുഖം പ്രാപിച്ച് വീണ്ടും കർമ്മപഥത്തിലേക്ക് തിരിച്ചെത്തട്ടെ എന്ന് മന്ത്രി ആശംസിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇത്തരം ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങൾ തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

