തർക്കങ്ങൾ സമാധാന മാർഗങ്ങളിലൂടെ പരിഹരിക്കണം; അന്താരാഷ്ട്ര ജലപാതകളുടെ സുരക്ഷ ഉറപ്പാക്കണം: സൗദി വിദേശകാര്യ മന്ത്രി
text_fieldsറിയാദ്: പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങളും അന്താരാഷ്ട്ര തർക്കങ്ങളും സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കണമെന്നും അന്താരാഷ്ട്ര ജലപാതകളിലെ കപ്പൽ ഗതാഗത സുരക്ഷയും സഞ്ചാരസ്വാതന്ത്ര്യവും ഉറപ്പുവരുത്തണമെന്നും സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പ്രസ്താവിച്ചു.
ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ 81-ാമത് ഉന്നതതല പ്രതിവാര പ്രവർത്തന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കേണ്ടതിെൻറ പ്രാധാന്യം മന്ത്രി എടുത്തുപറഞ്ഞു. അന്താരാഷ്ട്ര നിയമതത്വങ്ങൾ മുറുകെ പിടിക്കുന്നതിലൂടെ മാത്രമേ എല്ലാ രാജ്യങ്ങളുടെയും സുരക്ഷ സംരക്ഷിക്കാനും ജനങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനും സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എൻ സമ്മേളനത്തിലെ സൗദിയുടെ പങ്കാളിത്തം അന്താരാഷ്ട്ര സമൂഹവുമായുള്ള ആശയവിനിമയം ശക്തമാക്കുന്നതിനും, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പിന്തുണയ്ക്കുന്നതിൽ രാജ്യത്തിെൻറ പങ്ക് തുടരുന്നതിനുമുള്ള നയത്തിെൻറ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു. സംവാദങ്ങളും മധ്യസ്ഥശ്രമങ്ങളും സജീവമാക്കി പൊതുവായ ആഗോള വെല്ലുവിളികളെ നേരിടാൻ സൗദി മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വിശ്വാസം വീണ്ടെടുക്കലും മാറ്റങ്ങളെ നയിക്കലും: എല്ലാവരുടെയും പ്രതീക്ഷകൾ സാക്ഷാത്കരിക്കുന്ന ഐക്യരാഷ്ട്രസഭ’ എന്ന പ്രമേയത്തിൽ നടക്കുന്ന ഈ സമ്മേളനം, അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ അടിസ്ഥാന തത്വങ്ങൾ വീണ്ടും ഉറപ്പിക്കാനുള്ള വലിയൊരു അവസരമായാണ് സൗദി അറേബ്യ കാണുന്നത്. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിലും നിയമമര്യാദകൾ പാലിക്കുന്നതിലും ആഗോള സഹകരണം ശക്തിപ്പെടുത്തേണ്ടതുണ്ട്.
ഇത്തവണത്തെ യു.എൻ പങ്കാളിത്തത്തിൽ സുസ്ഥിര വികസനത്തിന് സൗദി വലിയ പ്രാധാന്യമാണ് നൽകുന്നത്. പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യ വികസനത്തിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതിെൻറ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദി അറേബ്യ 2026-നെ ‘ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വർഷ’മായി പ്രഖ്യാപിച്ച കാര്യവും വിദേശകാര്യ മന്ത്രി സമ്മേളനത്തിൽ പരാമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

