മദീനയിൽ ‘പേ പാർക്കിങ്’ രണ്ടാംഘട്ട പരീക്ഷണ ഘട്ടത്തിന് തുടക്കം
text_fieldsമദീനയിൽ ‘പേ പാർക്കിങ്’ രണ്ടാംഘട്ട പരീക്ഷണ ഘട്ടത്തിന് തുടക്കമായപ്പോൾ
മദീന: മുനിസിപ്പാലിറ്റി നടപ്പാക്കുന്ന സമഗ്ര നഗരവികസന പദ്ധതിയുടെ ഭാഗമായുള്ള ‘മദീന പാർക്കിങ്’ രണ്ടാം ഘട്ടത്തിെൻറ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾക്ക് അഞ്ച് പ്രധാന പാതകളിൽ തുടക്കമായി. സെപ്റ്റംബർ 26 വരെ നീണ്ടുനിൽക്കുന്ന ഈ പരീക്ഷണ കാലയളവിൽ, മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുന്ന ഉപയോക്താക്കൾക്ക് പാർക്കിങ് സൗകര്യം പൂർണമായും സൗജന്യമായി ഉപയോഗിക്കാം. അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ്, അമീർ അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ്, സുൽത്താന, അമീറുൽ മുഅ്മിനീൻ ഉമർ ബിൻ അൽ ഖത്താബ്, കിങ് ഫഹദ് എന്നീ പ്രധാന റോഡുകളിലാണ് രണ്ടാം ഘട്ടം നടപ്പാക്കുന്നത്.
നഗരത്തിലെ അശാസ്ത്രീയവും ക്രമരഹിതവുമായ പാർക്കിങ് രീതികളും അനധികൃത പാർക്കിങ്ങും തടയുന്നതിനും, ഗതാഗതക്കുരുക്ക് കുറച്ച് താമസക്കാർക്കും സന്ദർശകർക്കും സുഗമമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനുമാണ് മുനിസിപ്പാലിറ്റി ഈ സംവിധാനം ആവിഷ്കരിച്ചിരിക്കുന്നത്. പാർക്കിങ് സ്ഥലങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും സമയം ലാഭിക്കാനും പദ്ധതി സഹായിക്കും. കാമറ നിരീക്ഷണ സംവിധാനങ്ങളുടെ സഹായത്തോടെയാണ് പാർക്കിങ് മേഖലകളുടെ തുടർച്ചയായ മേൽനോട്ടവും നിയന്ത്രണവും നിർവഹിക്കുന്നത്. ‘മവാഖിഫ് അൽമദീന’ ആപ്പിൽ ഡ്രൈവർമാർക്ക് മൊബൈൽ നമ്പറും വാഹനത്തിെൻറ ലൈസൻസ് പ്ലേറ്റ് വിവരങ്ങളും നൽകി എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
പരീക്ഷണ കാലയളവിനു ശേഷം, മണിക്കൂറിന് മൂല്യവർദ്ധിത നികുതി (വാറ്റ്) ഉൾപ്പെടെ 3.45 സൗദി റിയാൽ നിരക്കിൽ പാർക്കിങ് ഫീസ് ഈടാക്കി തുടങ്ങും. എന്നാൽ, ഫീസ് അടയ്ക്കുന്നതിനായി 20 മിനിറ്റ് സൗജന്യ സമയം (ഗ്രേസ് ടൈം) ഉപയോക്താക്കൾക്ക് അനുവദിച്ചിട്ടുണ്ട്. ആപ്ലിക്കേഷൻ വഴിയോ പാർക്കിങ് കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പേയ്മെന്റ് ക്യുആർ കോഡ് സ്കാൻ ചെയ്തോ എളുപ്പത്തിൽ പണമടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

