വിദ്യാലയ കവാടങ്ങൾ തുറന്നു; ആവേശത്തോടെ വിദ്യാർഥികളെത്തി
text_fieldsജിദ്ദ: സൗദിയിൽ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറന്നു. കോവിഡിനെ തുടർന്ന് ഒന്നര വർഷത്തിലധികമായി അടച്ചിട്ട പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കർശനമായ കോവിഡ് പ്രോേട്ടാക്കോളിന് വിധേയമായി ഞായറാഴ്ച തുറന്നത്.
പുതിയ അധ്യയന വർഷത്തിെൻറ ആരംഭം കൂടിയായിരുന്നു. ആദ്യഘട്ടത്തിൽ ഇൻറർ മീഡിയറ്റ്, സെക്കൻഡറി സ്കൂളുകൾ, സർവകലാശാലകൾ, സാേങ്കതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ കവാടങ്ങളാണ് വിദ്യാർഥികൾക്കു വേണ്ടി വീണ്ടും തുറന്നത്.
കോവിഡിനെ തുടർന്ന് ആരംഭിച്ച ഒാൺലൈൻ പഠനം നിർത്തലാക്കിയാണ് സാധാരണ പഠന സംവിധാനത്തിലേക്ക് കുട്ടികൾ എത്തിയത്. രാജ്യത്തെ വിവിധ മേഖലകളിലെ 25,000 ത്തിലധികം വരുന്ന സർക്കാർ സ്കൂളുകളിലായി 60 ലക്ഷത്തിലധികം വിദ്യാർഥികളാണ് പുതിയ അധ്യയന വർഷത്തിലുള്ളത്.
ഇതിൽ 31 ലക്ഷം വിദ്യാർഥികൾ ഇൻറർ മീഡിയറ്റ്, സെക്കൻഡറി തലങ്ങളിലാണ്. എന്നാൽ പ്രൈമറി, നഴ്സറി ക്ലാസുകൾ ഒക്ടോബർ 30ന് ശേഷമേ തുറക്കൂ. അതുവരെ ഒാൺലൈൻ സംവിധാനത്തിൽ പഠനം തുടരും.
12 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള, രണ്ട് ഡോസ് കോവിഡ് വാക്സിൻ കുത്തിവെപ്പ് എടുത്ത വിദ്യാർഥികൾക്കാണ് സ്കൂളിലും കോളജിലും പ്രവേശനം. മാസ്ക് ധരിച്ച് രാവിലെ സ്കൂളുകളിലെത്തിയ വിദ്യാർഥികളെ സ്കൂൾ മേധാവിയും അധ്യാപകരും ചേർന്ന് സ്വീകരിച്ചു.
ഒന്നരവർഷത്തിനു ശേഷം സഹപാഠികളെയും അധ്യാപകരെയും നേരിൽകാണാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലായിരുന്നു വിദ്യാർഥികൾ. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് പൊതുജനാരോഗ്യ അതോറിറ്റി (വിഖായ) അംഗീകരിച്ച എല്ലാ മുൻകരുതൽ നടപടികളും ആരോഗ്യ പ്രോട്ടോക്കോളുകളും പാലിച്ചാണ് വിദ്യാർഥികളെ സ്വീകരിച്ചത്.
സ്കൂൾ കവാടങ്ങളിൽ വിദ്യാർഥികളുടെ ശരീരോഷ്മാവ് പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു. തവക്കൽന ആപ്പിലെ ആരോഗ്യ സ്റ്റാറ്റസ് ഉറപ്പുവരുത്തിയാണ് സ്കൂളിനകത്തേക്ക് വിദ്യാർഥികളെ കടത്തിവിട്ടത്. സമൂഹ അകലം പാലിച്ചാണ് ക്ലാസുകൾ നടന്നത്. അതതു മേഖലകളിലെയും ഗവർണറേറ്റുകളിലെയും വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥരും ഡയറക്ടർമാരും പുതിയ അധ്യയന വർഷത്തിെൻറ ആദ്യദിവസം സ്കൂളുകൾ സന്ദർശിച്ചു.
നിശ്ചിത ആരോഗ്യ മുൻകരുതലുകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തി. ചില മേഖലകളിൽ ഗവർണർമാരും സ്കൂളിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി. വിദ്യാർഥികളും അധ്യാപകരുമായി അവർ കൂടിക്കാഴ്ച നടത്തുകയും ആശംസകൾ നേരുകയും ചെയ്തു. രാജ്യത്തെ പല സ്വകാര്യ സ്കൂളുകളും ഞായറാഴ്ച തുറന്നിരുന്നു.
രണ്ടു ഡോസ് കോവിഡ് വാക്സിനെടുക്കാത്തവർക്ക് ആദ്യത്തെ രണ്ടാഴ്ച ഹാജർ പുസ്തകത്തിൽ ആബ്സൻറ് രേഖപ്പെടുത്തുന്നതിൽ നിന്ന് ഇളവ് നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയ വക്താവ് അറിയിച്ചു.
ഇനിയും രണ്ട് ഡോസ് വാക്സിനെടുക്കാത്തവർ എത്രയുംവേഗം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.