ഒട്ടകപ്പാലുൽപന്ന വ്യവസായ വളർച്ചക്ക് ‘സവാനി’
text_fieldsജിദ്ദ: ഒട്ടകപ്പാലുൽപന്ന വ്യവസായത്തിെൻറ വളർച്ചക്ക് സൗദി പൊതുനിക്ഷേപ നിധി (പി.ഐ.എഫ്) ‘സവാനി’ എന്നപേരിൽ പുതിയ കമ്പനി സ്ഥാപിക്കുന്നു. ഒട്ടകപ്പാലുൽപന്ന മേഖലയുടെ വളർച്ചയും പ്രാദേശിക ഉൽപാദന സമ്പ്രദായത്തിെൻറ വികസനവും ലക്ഷ്യമിട്ടാണിതെന്ന് പി.ഐ.എഫ് വൃത്തങ്ങൾ പറഞ്ഞു.
സുസ്ഥിര മേഖലയിലേക്ക് ഈ വ്യവസായത്തെ എത്തിക്കുന്നതിന് കമ്പനി വലിയ സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ‘വിഷൻ 2030’ന് അനുസൃതമായി കാർഷിക, ഭക്ഷ്യമേഖലയെ പിന്തുണക്കുന്നതിനും പ്രാദേശിക സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും സംഭാവന ചെയ്യുന്ന ഒട്ടകപ്പാലുൽപന്നങ്ങളിൽ മുൻനിര സ്ഥാനം കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിലൂടെ ഒട്ടകപ്പാൽ ഉൽപന്നങ്ങളുടെ ഉൽപാദനശേഷി വർധിപ്പിക്കാനാകും. സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാകും സവാനി കമ്പനി പ്രവർത്തിക്കുക. ഭക്ഷ്യ-കാർഷിക മേഖലയിലെ അറിവുകളും ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സ്വദേശിവത്കരിച്ച് മികച്ച ആധുനിക പ്രവർത്തന രീതികൾ സ്വീകരിച്ച് പ്രാദേശിക ഉൽപാദന സമ്പ്രദായത്തിെൻറ നിലവാരം ഉയർത്താൻ കമ്പനി ശ്രമിക്കുമെന്നും അധികൃതർ പറഞ്ഞു.ഒട്ടകപ്പാൽ ഉൽപന്ന മേഖലയിൽ അതിെൻറ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ സൗദിക്ക് വിപുലമായ അനുഭവവും വലിയ സാധ്യതയുമുണ്ടെന്ന് പി.ഐ.എഫ് ഉപഭോക്തൃ ഉൽപന്നങ്ങളുടെയും ചില്ലറവിൽപന മേഖലയുടെയും തലവൻ മജീദ് അൽ അസ്സാഫ് പറഞ്ഞു. ഒട്ടകപ്പാൽ മേഖലയിൽ കമ്പനി ഉണ്ടാക്കാനുള്ള തീരുമാനം പ്രാദേശിക വിപണിക്ക് സാമ്പത്തികവും മത്സരപരവുമായ നേട്ടം ഉണ്ടാക്കും. നൂതനമായ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ പ്രാപ്തമാക്കും. ഭാവിയിൽ ഒട്ടകപ്പാലിെൻറ ഉൽപാദനശേഷി വർധിപ്പിക്കുന്നതിന് സംഭാവന നൽകുമെന്നും അൽ അസ്സാഫ് പറഞ്ഞു. സംയോജിത പോഷകങ്ങളാൽ സമ്പന്നമാണ് ഒട്ടകപ്പാൽ. പ്രാദേശിക, ആഗോള വിപണികളിലേക്ക് വിവിധ ഉൽപന്നങ്ങൾക്കൊപ്പം അതിനെ കയറ്റുമതി ചെയ്യാനാകുമെന്നും അൽ അസ്സാഫ് പറഞ്ഞു.
ഭക്ഷ്യ-കാർഷിക മേഖലകളിൽ പൊതുനിക്ഷേപ നിധിക്ക് നിരവധി നിക്ഷേപങ്ങളുണ്ട്. സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവത്കരണത്തിനും മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ വളർച്ചക്കും ദേശീയ വ്യവസായങ്ങളെയും ഉൽപന്നങ്ങളെയും പിന്തുണക്കുന്നതിനുംവേണ്ടിയാണ് ഇവ സ്ഥാപിതമായത്. സൗദി കോഫി കമ്പനി, ഹലാൽ ഉൽപന്ന വികസന കമ്പനി തുടങ്ങിയവ ഇതിൽ ചിലതാണ്. 2017 മുതൽ പൊതുനിക്ഷേപ നിധി 13 തന്ത്രപ്രധാന മേഖലകളിലായി ഏകദേശം 84 കമ്പനികൾ സ്ഥാപിച്ചിട്ടുണ്ട്.
ഉൽപാദനം, വിതരണം, വിപണനം എന്നിവയുടെ എല്ലാ ഘട്ടങ്ങളിലും സുസ്ഥിരത കമ്പനി കണക്കിലെടുക്കുന്നുണ്ട്. സവാനി എന്ന പുതിയ കമ്പനി സ്ഥാപിക്കുന്നതിലൂടെ രാജ്യത്തിലെ ഉപഭോക്താക്കൾക്കിടയിൽ ഒട്ടകപ്പാൽ ഉൽപന്നങ്ങളുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് അവബോധം വളർത്തലും രാജ്യത്തെ പുരാതന സാംസ്കാരിക പൈതൃകത്തിൽ ഒട്ടകങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തലും ലക്ഷ്യമിടുന്നുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

