സേവ് ദ ഡേറ്റും വിവാഹ മാമാങ്കങ്ങളും
text_fieldsവിവാഹം എന്ന് പറയുന്നത് ഇന്ന് വലിയൊരു മാമാങ്കമായി മാറിയിരിക്കുകയാണ്. ദിനംപ്രതി മാറിമറിഞ്ഞ് കൊണ്ടിരിക്കുന്ന വിവാഹ മാമാങ്കം കാണുമ്പോൾ പെൺമക്കളുള്ള രക്ഷിതാക്കൾ വലിയ ആശങ്കയിലാണ്. ധുർത്തും മറ്റ് പേക്കൂത്തുകളും കാണുമ്പോൾ മൂന്ന് പെൺമക്കളുടെ പിതാവായ ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. മക്കളുടെ വിവാഹപ്രായം ആകുമ്പോഴത്തേക്ക് ഏത് തരത്തിലുള്ള വിവാഹ ആഭാസങ്ങളാണ് സമൂഹത്തിലുണ്ടാവുക എന്ന്.
വളരെ ലളിതവും പരിപാവനവുമായ ഒരു കർമത്തിന്റെ ചൈതന്യം കളഞ്ഞുകുളിക്കുന്ന തരത്തിലുള്ള ആഭാസങ്ങളാണ് പുതിയ ഭാവത്തിലും രൂപത്തിലും ഇത്തിക്കണ്ണി കണക്കെ വിവാഹരംഗത്ത് വളർന്നുകൊണ്ടിരിക്കുന്നത്. ക്രയിൻ ഉപയോഗിച്ച് പടുകൂറ്റൻ ചോക്ലേറ്റ് വധുവിന് നൽകുന്ന രംഗം കണ്ട് ഞെട്ടിയവരാണ് നാം. സോഷ്യൽ മീഡിയകളുടെ ഉപയോഗം വ്യാപകമായ കാലത്ത് വൈറലാകാൻ ഏതെങ്കിലും ഒരു സമ്പന്നൻ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ പതിയെ പതിയെ ഒഴിവാക്കാൻ പറ്റാത്ത ചടങ്ങായി സാധാരണക്കാരിലേക്ക് അതിവേഗം പടരുന്ന സ്ഥിതിയാണ്. പെണ്ണ് കാണൽ ചടങ്ങ് എന്ന പേരിൽ നടക്കുന്ന ആഭാസങ്ങൾ സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത വിധത്തിൽ ആയിരിക്കുന്നു.
‘സേവ് ദ ഡേറ്റി’ന് വേണ്ടി മാത്രം ഇന്ന് ഭീമമായ പണമാണ് ചെലവാക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു സുഹൃത്തിന്റെ ബന്ധുവിന്റെ കല്യാണത്തിന്റെ സേവ് ദ ഡേറ്റിനുവേണ്ടി മാത്രം ചെലവായത് 75,000 രൂപയാണെന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ല. നിക്കാഹിന് മുമ്പ് വധൂവരന്മാർ വലിയ വലിയ മാളുകളിലും ബീച്ചിലും പോയി പരസ്പരം കൈപിടിച്ചും മറ്റും ചുറ്റുന്ന രംഗങ്ങൾ വീഡിയോഗ്രാഫറെ കൊണ്ട് പകർത്തി സ്റ്റാറ്റസ് ഇടുന്നു. കേവലം ഒരു മിനിറ്റ് മാത്രമുള്ള സേവ് ദ ഡേറ്റ് വീഡിയോ ചെയ്യാൻ വരനും വധുവും ഡ്രസ്സിനും മേക്കപ്പിനുമായി പതിനായിരങ്ങളാണ് ചെലവാക്കുന്നത്.
എവിടന്നു വന്നു ഇത്തരം സംസ്കാരങ്ങൾ? നിക്കാഹിന് മുമ്പ് സ്വന്തം മകളെ സേവ് ദ ഡേറ്റിനായി ഭാവി വരന്റെ കൂടെ വിടുന്ന രക്ഷിതാക്കൾ ചിന്തിക്കുക നന്മുടെ സംസ്കാരത്തിന് യോജിച്ചതാണോ എന്ന്? ഇത്തരം ആഭാസത്തിനെതിരെ ഏതെങ്കിലും പണ്ഡിതൻ പ്രതികരിച്ചാൽ പിന്നെ തെറിയും സൈബർ ആക്രമണവുമായിരിക്കും. പണ്ട് കാലങ്ങളിൽ ഒരു രാത്രിയോ പകലോ ഒതുങ്ങിനിന്നിരുന്ന കല്യാണം ഇന്ന് മെഹന്ദി കല്യാണം, മെഹ്ഫിൽ കല്യാണം, ചുകപ്പ് കല്യാണം, ഗ്രീൻ കല്യാണം, മഞ്ഞകല്യാണം, വൈറ്റ് കല്യാണം എന്ന പേരിൽ അഞ്ചും ആറും ദിവസമായി മാറിക്കൊണ്ടിരിക്കുന്നു. ബാങ്കിൽനിന്ന് ലോണെടുത്തും കിട്ടാവുന്നവരിൽനിന്ന് കടം വാങ്ങിയും കല്യാണം സെലിബ്രേറ്റ് ചെയ്യുന്ന ദുരവസ്ഥയാണ് വളർന്നുകൊണ്ടിരിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രവാസിയായ ഒരു സുഹൃത്തിെൻറ മകളുടെ കല്യാണത്തിന് ചെലവായത് 19 ലക്ഷം രൂപയാണ് എന്നും അതും ബാങ്കിൽനിന്ന് ലോൺ എടുത്തിട്ടാണ് കല്യാണം നടത്തിയത് എന്നും പറഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോയി.
ഇന്ന് ബാങ്ക് ലോൺ എടുത്തതിന്റെ പേരിൽ ജപ്തി ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന എത്ര കേസുകളാണ് നമുക്ക് ചുറ്റുമുള്ളത്. സ്ത്രീധനം എന്ന ദുരാചാരം ഒരു പരിധിവരെ ഇല്ലാതായിട്ടുണ്ടെങ്കിലും പുതിയ തരത്തിലുള്ള ആഭാസങ്ങൾ സമൂഹത്തിൽ വന്ന് കൊണ്ടിരിക്കുന്നു. വിവാഹശേഷം വധൂവരന്മാരുടെ ഹണിമൂൺ ട്രിപ്പിന്റെ ചെലവ് വരെ വധുവിന്റെ രക്ഷിതാവ് വഹിക്കേണ്ടുന്ന തരത്തിലേക്ക് കാര്യങ്ങൾ അധഃപതിക്കുകയാണ്. ഇത്തരം ആഭാസങ്ങൾക്കെതിരെ ശക്തമായ ബോധവൽക്കരണം നമ്മുടെ മഹല്ല് തലങ്ങളിൽ ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

