ദേശീയ ദൗത്യത്തിന് കരുത്തായി സ്വദേശിവൽക്കരണം; കഴിഞ്ഞ ആറ് മാസത്തിനിടെ 3.29 ലക്ഷം സ്വദേശികൾക്ക് ജോലി ലഭിച്ചു
text_fieldsസ്വദേശി തൊഴിലന്വേഷകർക്ക് തബൂക്കിൽ ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെൻറ് ഫണ്ട് സംഘടിപ്പിച്ച ബോധവത്കരണ
പരിപാടി
ജിദ്ദ: സൗദി അറേബ്യയിൽ ദേശീയ ദൗത്യത്തിന് കരുത്തുപകർന്ന് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെൻറ് ഫണ്ട് (എച്ച്.ആർ.ഡി.എഫ്). 2026-െൻറ ആദ്യ പകുതിയിൽ മാത്രം 3.29 ലക്ഷം സൗദി പൗരന്മാർക്ക് തൊഴിൽ ലഭ്യമാക്കാൻ ഫണ്ടിന് സാധിച്ചു.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 23 ശതമാനത്തിെൻറ വൻ വളർച്ചയാണ് ഈ രംഗത്തുണ്ടായിട്ടുള്ളത്. രാജ്യത്തെ യുവാക്കളുടെ ശേഷി വർധിപ്പിക്കുന്നതിനും വിഷൻ 2030, ഹ്യൂമൻ കപ്പാബിലിറ്റി ഡെവലപ്മെൻറ് പ്രോഗ്രാം എന്നിവയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വിജയമാണ് ഈ നേട്ടത്തിന് പിന്നിൽ.
പരിശീലനം, തൊഴിൽ ശാക്തീകരണം, മാർഗ്ഗനിർദ്ദേശം എന്നിവയിലൂടെ 490 കോടി റിയാലാണ് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി ഈ കാലയളവിൽ വിതരണം ചെയ്തത്. 16.9 ലക്ഷത്തിലധികം പൗരന്മാരാണ് ഇതിെൻറ പ്രയോജനം അനുഭവിച്ചത്.
കൂടാതെ വിവിധ സാമ്പത്തിക മേഖലകളിലെ 1.71 ലക്ഷത്തിലധികം സ്ഥാപനങ്ങൾക്ക് ഫണ്ടിെൻറ സേവനം ലഭിച്ചു.
ഇതിൽ 95 ശതമാനവും ചെറുകിട, ഇടത്തരം സ്ഥാപനങ്ങളാണ് എന്നത് ശ്രദ്ധേയമാണ്. രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും സ്വദേശി പ്രതിഭകളെ തൊഴിൽ വിപണിയിലേക്ക് ആകർഷിക്കാനും എച്ച്.ആർ.ഡി.എഫ് മികച്ച പിന്തുണയാണ് നൽകിവരുന്നത്.
ഭരണ നേതൃത്വത്തിെൻറ പിന്തുണയും ദീർഘവീക്ഷണവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് എച്ച്.ആർ.ഡി.എഫ് ഡയറക്ടർ ജനറൽ തുർക്കി അൽ ജവായ്നി വ്യക്തമാക്കി.
പൊതു, സ്വകാര്യ മേഖലകളുമായി സഹകരിച്ച് കൂടുതൽ കാര്യക്ഷമവും വഴക്കമുള്ളതുമായ പിന്തുണ ഉറപ്പാക്കാൻ ഫണ്ട് പ്രതിജ്ഞാബദ്ധമാണ്.
ദേശീയ പ്രതിഭകളുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും കൂടുതൽ ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വരും ദിവസങ്ങളിലും പദ്ധതികൾ കൂടുതൽ വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

