യു.എ.ഇ-ഖത്തർ ബന്ധം പുനഃസ്ഥാപിച്ചതിനെ സൗദി സ്വാഗതം ചെയ്തു
text_fieldsജിദ്ദ: യു.എ.ഇ-ഖത്തർ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. 2021ൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാെൻറ പ്രത്യേക താൽപര്യപ്രകാരം ഗൾഫ് രാജ്യങ്ങൾ നയതന്ത്ര ബന്ധവും സഹകരണവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ പ്രഖ്യാപിച്ച അൽ ഉലാ കരാർ നടപ്പാക്കാൻ യു.എ.ഇയും ഖത്തറും മുന്നോട്ടുവന്നത് ശ്ലാഘനീയം.
യു.എ.ഇ എംബസി ദോഹയിലും ഖത്തർ എംബസി ദുബൈയിലും പ്രവർത്തനം പുനരാരംഭിച്ചത് അറബ് മേഖലയിൽ പുതിയ പ്രതീക്ഷകൾക്ക് കരുത്ത് പകരും. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾ തമ്മിൽ ശക്തമായ ബന്ധം ഉയർത്തിക്കാട്ടുന്നതിനും മേഖലയിലെ രാഷ്ട്രങ്ങളുടെയും ജനങ്ങളുടെയും അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനും പുതിയ നീക്കം ഫലം ചെയ്യും. ഗൾഫ് മേഖലക്ക് കൂടുതൽ കരുത്തുപകരാനും കൂട്ടായ ഗൾഫ് ശ്രമങ്ങൾ വർധിപ്പിക്കുന്നതിനും സംഭാവന നൽകുന്ന ഈ നല്ല സംഭവവികാസത്തെ സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അഭിനന്ദിച്ചു.
യു.എ.ഇയും ഖത്തറും ബന്ധം പുനഃസ്ഥാപിക്കുമെന്ന് നേരത്തേ പ്രഖ്യാപിക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്ത നടപടി ഇരു രാജ്യങ്ങളുടെയും ഭരണാധികാരികളുടെ ഇച്ഛാശക്തിയെയാണ് പ്രകടമാക്കുന്നത്.
രണ്ട് അറബ് രാജ്യങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനും അറബ് മേഖലയിലെ സംയുക്ത പ്രവർത്തനത്തെ ശക്തിപ്പെടുത്താനും വഴിവെക്കുന്നതാണ് ഐക്യത്തിെൻറ പുതിയ സന്ദേശമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
നയതന്ത്ര ബന്ധം പുനരാരംഭിക്കാനും എംബസികൾ വീണ്ടും തുറക്കുന്നതിനും മുന്നോട്ടുവന്ന യു.എ.ഇയെയും ഖത്തറിനെയും യു.എസും സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു.
പ്രാദേശിക സ്ഥിരതയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജി.സി.സി രാജ്യങ്ങൾക്കിടയിലുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണിതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വക്താവ് മാത്യു മില്ലർ പ്രസ്താവനയിൽ പറഞ്ഞു.
കൂടുതൽ സുരക്ഷിതവും സംയോജിതവും സമാധാനപരവും സമൃദ്ധവുമായ പശ്ചിമേഷ്യൻ മേഖല കെട്ടിപ്പടുക്കുന്നതിന് ജി.സി.സിയുമായും മറ്റ് പ്രാദേശിക പങ്കാളികളുമായും പ്രവർത്തിക്കാൻ യുനൈറ്റഡ് സ്റ്റേറ്റ്സ് പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2017ൽ ഉടലെടുത്ത ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള പ്രതിസന്ധി അവസാനിച്ചതിലും ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സാഹോദര്യം കൂടുതൽ സജീവമായി കാണുന്നതിലും സമാധാനം ആഗ്രഹിക്കുന്ന ലോകത്തുള്ള എല്ലാവരും സന്തോഷിക്കുകയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

