മികച്ച അറബ് ഗവൺമെന്റ് ആപ്ലിക്കേഷനുള്ള അവാർഡ് സൗദിയുടെ ‘തവക്കൽന’ക്ക്
text_fieldsമികച്ച അറബ് ഗവൺമെന്റ് ആപ്ലിക്കേഷനുള്ള അവാർഡ് ‘തവക്കൽന’ക്ക് വേണ്ടി സൗദി അധികൃതർ സ്വീകരിച്ചപ്പോൾ
റിയാദ്: രാജ്യവാസികളുടെ വ്യക്തിഗത സേവനങ്ങൾക്കായുള്ള സൗദിയുടെ സമഗ്ര ദേശീയ ആപ്ലിക്കേഷനായ ‘തവക്കൽന’ അറബ് മേഖലയിലെ ഏറ്റവും മികച്ച സ്മാർട്ട് ഗവൺമെന്റ് ആപ്ലിക്കേഷനുള്ള അവാർഡ് നേടി. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിലും ഉയർന്ന കാര്യക്ഷമതയോടെ 1100ലധികം ഡിജിറ്റൽ സേവനങ്ങൾ നൽകുന്നതിലും വഹിക്കുന്ന പങ്കിനുള്ള അംഗീകാരമായാണിത്. കൈറോയിൽ നടന്ന അറബ് ഗവൺമെന്റ് എക്സലൻസ് അവാർഡുകളുടെ നാലാമത് പതിപ്പിലാണ് ‘തവക്കൽന’ മികച്ച അറബ് ഗവൺമെന്റ് ആപ്ലിക്കേഷനായി തെരഞ്ഞെടുത്തത്.
സൗദിയിലും മേഖലയിലും ഒരു മുൻനിര ഡിജിറ്റൽ പരിവർത്തന ഉപകരണമെന്ന നിലയിൽ ആപ്പിന്റെ സ്ഥാനം പ്രതിഫലിപ്പിക്കുന്നതാണ് ഈ നേട്ടം. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സംയോജിപ്പിച്ച് വിശ്വസനീയമായ സേവനങ്ങൾ ആപ് വാഗ്ദാനം ചെയ്യുന്നു.
പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും സേവന കാര്യക്ഷമത വർധിപ്പിക്കുന്നതിനും മെച്ചപ്പെട്ട ജീവിത നിലവാരം നൽകുന്നതിനും ഇത് സംഭാവന ചെയ്യുന്നു. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലെ ദേശീയ നിക്ഷേപം, മെച്ചപ്പെട്ട ഗവൺമെന്റ് സംയോജനം, സേവനങ്ങളെ ഡിജിറ്റലൈസ് ചെയ്യുന്നതിലും പ്രവർത്തന കാര്യക്ഷമത നിലവാരം ഉയർത്തുന്നതിലും ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളെ പിന്തുണക്കുന്ന നൂതന പരിഹാരങ്ങളുടെ വികസനം എന്നിവയുടെ ഫലങ്ങളാണ് ഈ വിജയം. ഗുണനിലവാരത്തിന്റെയും മികവിന്റെയും സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും മേഖലയിലെ മുൻനിര ഗവൺമെന്റ് അനുഭവങ്ങളെ അംഗീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള അറബ് ലീഗ് സംരംഭങ്ങളിലൊന്നാണ് ഈ അവാർഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

