ഉറങ്ങുന്ന രാജകുമാരൻ ഇനി നിത്യതയിൽ; വലീദ് ബിൻ തലാലിന്റെ ഖബറടക്കം ഇന്ന് റിയാദിൽ
text_fieldsറിയാദ്: ഉണർവില്ലാത്ത ഉറക്കത്തിെൻറ നിത്യതയിൽ ലയിച്ച് ആ രാജകുമാരൻ. ജീവിതം കീഴ്മേൽ മറിച്ച വാഹനാപകടത്തെ തുടർന്ന് ആശുപത്രി കിടക്കയിൽ അർധ ആത്മവിരാമത്തിെൻറ രണ്ട് പതിറ്റാണ്ട് പിന്നിട്ട സൗദി രാജകുമാരൻ അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ എന്നന്നേക്കുമായി ലോകത്തോട് വിടപറഞ്ഞു. 36 വയസായിരുന്നു. റിയാദ് കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. മകെൻറ മരണം പിതാവ് അമീർ ഖാലിദ് ബിൻ തലാലാണ് ലോകത്തെ അറിയിച്ചത്.
2005 ൽ ലണ്ടനിൽ വെച്ചുണ്ടായ ഗുരുതര വാഹനാപകടത്തിൽ പരിക്കേറ്റാണ് 20 വർഷവും അബോധാവസ്ഥയിൽ കഴിഞ്ഞത്. ലോകം ‘ഉറങ്ങൂന്ന രാജകുമാരൻ’ എന്ന് ഒട്ടൊരു നൊമ്പരത്തോടെ വിളിച്ചു.
വലീദ് രാജകുമാരെൻറ വിയോഗത്തിൽ സൗദി റോയൽ കോർട്ട് അനുശോചിച്ചു. റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ ഇന്ന് (ഞായറാഴ്ച) ഉച്ചക്ക് ശേഷം മയ്യിത്ത് നമസ്കാരം നടക്കും. തുടർന്ന് ബത്ഹക്ക് സമീപം ഊദ് മഖ്ബറയിൽ ഖബറടക്കവും. വരുന്ന മൂന്ന് ദിവസം വൈകീട്ട് മഗ്രിബ് നമസ്കാരത്തിന് ശേഷം റിയാദ് അൽ ഫഖ്റിയ ഡിസ്ട്രിക്റ്റിലെ അമീർ വലിദ് ബിൻ തലാലിെൻറ കൊട്ടാരത്തിൽ പുരുഷന്മാർക്കും സമീപത്തെ അമീർ തലാൽ ബിൻ അബ്ദുൽ അസീസിെൻറ കൊട്ടാരത്തിൽ സ്ത്രീകൾക്കുമായി അനുശോചന ചടങ്ങ് നടക്കുമെന്ന് പിതാവ് അമീർ ഖാലിദ് ബിൻ തലാൽ അറിയിച്ചു.
അപകടം നടക്കുമ്പോൾ 15 വയസേ ഉണ്ടയിരുന്നുള്ളൂ വലീദിന്. യു.കെയിലെ സൈനിക കോളജിൽ പഠിക്കുകയായിരുന്നു അദ്ദേഹം ആ സമയത്ത്. അബോധാവസ്ഥയിലായ രാജകുമാരനെ റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി. 20 വർഷമായി അവിടെയായിരുന്നു ചികിത്സ. അമേരിക്കൻ, സ്പാനിഷ് വിദഗ്ധരുടെ ചികിത്സ ലഭിച്ചിട്ടും ആരോഗ്യനിലയിൽ മാറ്റമുണ്ടായില്ല. ഇടക്കിടെ വിരലുകൾ അനക്കുന്നത് പോലെയുള്ള ചലനങ്ങൾ ശരീരം കാണിച്ചത് കുടുംബത്തിന് പ്രതീക്ഷകൾ നൽകിയെങ്കിലും വലീദ് പൂർണ ബോധത്തിലേക്ക് മടങ്ങിവന്നില്ല.
മകെൻറ വെൻറിലേറ്റർ സഹായം നിർത്താൻ പിതാവ് അമീർ ഖാലിദ് ബിൻ തലാൽ ഒരിക്കലും സമ്മതിച്ചില്ല. ജീവനെടുക്കാൻ ദൈവത്തിന് മാത്രമേ അവകാശമുള്ളൂ എന്നതായിരുന്നു അദ്ദേഹത്തിെൻറ നിലപാട്.
ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിെൻറ പേരക്കിടാവാണ് വലീദ് രാജകുമാരൻ. അതായത് രാജാവിെൻറ മകനായ അമീർ തലാൽ ബിൻ അബ്ദുൽ അസീസിെൻറ മകൻ അമീർ ഖാലിദ് ബിൻ തലാലിെൻറ മകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

