സുഡാനിലേക്ക് സൗദിയുടെ സഹായഹസ്തം: ദുരിതാശ്വാസ വിമാനം ഖർത്തൂമിൽ എത്തി
text_fieldsപ്രകൃതി ദുരന്തത്തിൽപെട്ട സുഡാൻ ജനതക്കുള്ള സൗദിയുടെ ദുരിതാശ്വാസ വിമാനം കഴിഞ്ഞ
ദിവസം ഖർത്തൂമിലെത്തിയപ്പോൾ
യാംബു: പേമാരിയും വെള്ളപ്പൊക്കവും നിമിത്തം ദുരിതത്തിലായ സുഡാൻ ജനതക്ക് സഹായവുമായി സൗദി അറേബ്യ. കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ്. റിലീഫ്) വഴിയാണ് ദുരിതാശ്വാസ സഹായം നൽകിയത്. 300 ടെൻറുകൾ, 300 ഷെൽട്ടർ ബാഗുകൾ, 1800 പുതപ്പുകൾ, 210 ഭക്ഷ്യസാധനങ്ങളടങ്ങുന്ന ബാഗുകൾ, 40 ടൺ ഈത്തപ്പഴം എന്നിവയുൾപ്പെടെ 90 ടൺ സാധനങ്ങളാണ് നൽകിയത്. സൽമാൻ രാജാവിെൻറ നിർദേശമനുസരിച്ച് ദുരിതാശ്വാസ വിമാനം തിങ്കളാഴ്ചയാണ് സുഡാൻ തലസ്ഥാനനഗരമായ ഖർത്തൂമിൽ ഇറങ്ങിയത്.
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ചെങ്കടലിെൻറ തീരത്തായി സ്ഥിതിചെയ്യുന്ന സുഡാനിൽ പ്രകൃതിദുരന്തങ്ങൾ രാജ്യത്തെ ജനങ്ങളെ ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട്. അത്യാഹിതങ്ങളിൽപെട്ട സുഡാനി ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സൽമാൻ രാജാവിെൻറ പ്രത്യേക നിർദേശത്തോടെ ദുരിതാശ്വാസ വിമാനം അയച്ചതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഖർത്തൂമിലുള്ള സൗദി എംബസിയുടെ നേതൃത്വത്തിൽ സുഡാനിലെ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സഹായങ്ങൾ ചെയ്യുമെന്നും അവിടത്തെ 31,980 ആളുകൾക്ക് ഇത് പ്രയോജനം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി അറിയാനുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ടുള്ള ഉപകരണങ്ങൾ അടങ്ങുന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സൗദിയുടെ സഹായത്തോടെ സുഡാനിൽ ഈയിടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സൗദിയും സുഡാനും തമ്മിലുള്ള ബന്ധം ചരിത്രപരമാണെന്നും സുഡാൻ ജനതയുടെ ദുരിതത്തിൽ രാജ്യം സാധ്യമാകുന്ന എല്ലാ സഹായങ്ങളും ചെയ്യാൻ എപ്പോഴും മുന്നോട്ടു വന്നിട്ടുണ്ടെന്നും കെ.എസ്. റിലീഫ് സെൻറർ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

