ഈദുൽ ഫിത്ർ ആഘോഷിക്കാൻ ബഹ്‌റൈനിൽ മൂന്നുലക്ഷത്തിലധികം സൗദികളെത്തി
text_fieldsബഹ്‌റൈനിലെ ഒരു ദൃശ്യം
ജിദ്ദ: ഈ വർഷത്തെ ഈദുൽ ഫിത്ർ അവധിക്കാലം ചെലവഴിക്കാൻ ബഹ്‌റൈനിലെത്തിയ സൗദികളുടെ എണ്ണം മൂന്നുലക്ഷത്തിലധികം വരുമെന്ന് റിപ്പോർട്ട്. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി കഴിഞ്ഞ ദിവസം പുറത്തുവിട്ട സ്ഥിതി വിവരക്കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. താമസ സൗകര്യങ്ങൾക്കായുള്ള ആവശ്യകത വർദ്ധിച്ചതോടെ ബഹ്‌റൈൻ ഹോട്ടൽ മേഖല ശ്രദ്ധേയമായ ഒരു തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുന്നു.
സൗദി വിനോദസഞ്ചാരികളുടെ വലിയ സാന്നിധ്യവും പതിനായിരക്കണക്കിന് ഗൾഫ് സന്ദർശകരുടെ ഒഴുക്കും കാരണം ഹോട്ടൽ മേഖലയിലെ വരുമാനത്തിനും നല്ല മികവ് രേഖപ്പെട്ടുത്തി. 90 ശതമാനം ഹോട്ടലുകളും സന്ദർശകരുടെ സാന്നിധ്യത്തിൽ നിറഞ്ഞതായാണ് റിപ്പോർട്ട്. പ്രത്യേകിച്ച് ആഡംബര ഹോട്ടലുകളിലും കടലിന് അഭിമുഖമായി ഉള്ള റിസോർട്ടുകളിലും 95 ശതമാനം വരെ സന്ദർശകരുടെ നിറ സാന്നിധ്യമാണ്. ബഹ്‌റൈനിലെത്തുന്ന വിനോദസഞ്ചാരികളിൽ 60 ശതമാനം സൗദി സന്ദർശകരാണ്.
ബഹ്‌റൈൻ പത്രമായ 'അൽ ബിലാദി' ന്റെ റിപ്പോർട്ട് പ്രകാരം ബഹ്‌റൈനിലേക്ക് വരുന്ന വിനോദസഞ്ചാരികളിൽ ഏറ്റവും കൂടുതൽ പേർ സൗദികളാണ്. ഈദ് അവധിക്കാലത്ത് ദിവസവും ആയിരക്കണക്കിന് സൗദികൾ സൗദിയേയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേ പാലം മുറിച്ചുകടന്ന് രാജ്യത്തെത്തുന്നു. ബഹ്‌റൈൻ കൂടുതൽ തുറന്നതും വൈവിധ്യ പൂർണവുമായ വിനോദ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനാൽ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയുടെ തിരക്കിൽ ഇത് പ്രതിഫലിക്കുന്നു.
സൗദി കുടുംബങ്ങൾക്കും യുവാക്കൾക്കും പ്രിയപ്പെട്ട അവധിക്കാല കേന്ദ്രമായി ബഹ്റൈൻ മാറിയിരിക്കുകയാണ്. മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ ചെലവഴിക്കുന്ന തിന്റെ 3 മുതൽ 4 ഇരട്ടി വരെ സൗദി വിനോദസഞ്ചാരികൾ ചെലവഴിക്കുന്നുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

