ശൂന്യതയിൽ കണ്ണീർ പൊഴിച്ച് അറഫ വിടപറഞ്ഞു
text_fieldsമക്ക: അറഫ കണ്ടവരുടെയും കാണാത്തവരുടെയും നിനവിലും കനവിലും നിറഞ്ഞുകവിയുന്ന ഭക്തരും തുളുമ്പുന്ന ഭക്തിയുമുള്ള പുണ്യനഗരിയാണുള്ളത്. ഹജ്ജിെൻറ പരമപ്രധാനമായ കർമമാണ് അറഫ സംഗമം. ഇബ്രാഹിം നബിയുടെ വിളിക്കുത്തരം നൽകിയാണ് ലോകമുസ്‌ലിംകൾ അറഫയിൽ സമ്മേളിക്കുന്നത്. ഹജ്ജ് അറഫയാണെന്ന ഒറ്റ വാചകം കൊണ്ട് അറഫയുടെ സർവപ്രതാപത്തെയും പ്രവാചകൻ സൂചിപ്പിച്ചു. ഖൽബ് തുറന്നുവെച്ച് പാപക്കറകൾ കണ്ണീരിൽ കഴുകുമ്പോൾ നവജാത ശിശുവിെൻറ നിഷ്കളങ്കതയിലേക്കും പരിശുദ്ധിയിലേക്കും ഉയരാൻ അവസരമൊരുക്കപ്പെടും എന്നാണ് വിശ്വാസം.
വിശ്വ മുസ്ലിംകളുടെ വിശ്വാസപ്പെരുമ തുടിച്ചുണരുന്ന മനുഷ്യമഹാസംഗമത്തിനാണ് അറഫയുടെ ആകാശവും ഭൂമിയും സാധാരണഗതിയിൽ ആതിഥേയത്വം വഹിക്കാറുള്ളത്. മഹ്ശറ കൂടി ഓർമിപ്പിക്കാറുണ്ട് ഓരോ അറഫസംഗമവും. അവിടെ ആളനക്കം കുറയുന്നത് ലോകത്തിന് പരിചയമുള്ള അനുഭവമല്ല. 28 ലക്ഷം ഹാജിമാരാണ് കഴിഞ്ഞ വർഷം അറഫ ദിനത്തിൽ മൈതാനിയിൽ സംഗമിച്ചത്. നാലു ലക്ഷത്തിലധികം പേരെ ഉൾക്കൊള്ളാൻ സൗകര്യമുള്ള നമിറ പള്ളിയിലാണ് മുഹമ്മദ് നബിയുടെ ഹജ്ജ് പ്രഭാഷണം അനുസ്മരിച്ച് പ്രസംഗം നടക്കുന്നത്. 160 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ആയിരത്തോളം ഹാജിമാർക്ക് മാത്രമാണ് ഇത്തവണ അറഫയിൽ സംഗമിക്കാനായത്. മസ്ജിദു നമിറയിലെ അറഫാപ്രഭാഷണത്തിന് ശേഷം ഹാജിമാരെ ജബലുറഹ്മക്ക് സമീപമമൊരുക്കിയ താൽക്കാലിക തമ്പുകളിലേക്ക് മാറ്റി. അറഫ മൈതാനിയുടെ ഒരു ഓരത്തേക്ക് അറഫാ മഹാസംഗമം ചുരുങ്ങി.
സൂര്യാസ്തമനം വരെ ലോക മുസ്ലിംകളുടെ മുഴുവൻ പ്രതിനിധികളായി അവർ അല്ലാഹുവിനോട് കണ്ണീർവാർത്തു പ്രാർഥിച്ചു. ലോകം നേരിടുന്ന മഹാമാരിയെ മറികടക്കാനുള്ള കരുത്തിനായും അവരുടെ പ്രാർഥനകൾ നീണ്ടു. കത്തുന്ന സൂര്യനു താഴെ മനമുരുകി പ്രാർഥിച്ചു. ലക്ഷോപലക്ഷം വിശ്വാസികളുടെ കണ്ണീരിനാൽ പുഴ ഒഴുകാറുണ്ട് ഓരോ അറഫ സംഗമങ്ങളും. ഇത്തവണ പക്ഷേ അറഫയുടെ ഭൂരിഭാഗങ്ങളിലും വിജനതയായിരുന്നു കൂടുതൽ. ഇതിനെല്ലാം മൂകസാക്ഷികളായി അറഫ മൈതാനിയിലെ വേപ്പിൻ മരങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.