ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെ പ്രവാസികൾക്ക് മറ്റൊരു പെരുന്നാൾ കൂടി
text_fieldsജിദ്ദ: കോവിഡ് മഹാമാരി വിതച്ച പ്രശ്നങ്ങൾക്കും പ്രയാസങ്ങൾക്കും നടുവിൽ പ്രവാസികൾക്കിടയിൽ മറ്റൊരു പെരുന്നാൾ കൂടി വിരുന്നെത്തിയിരിക്കുന്നു. കഴിഞ്ഞ ചെറിയ പെരുന്നാളിനെപ്പോലെ ബലി പെരുന്നാളിനെയും ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെ തന്നെയാണ് നാട്ടിലെന്ന പോലെ പ്രവാസികളും എതിരേൽക്കുന്നത്. വെള്ളിയാഴ്‌ച ആയതുകൊണ്ട് പെരുന്നാൾ നമസ്കാരത്തോടൊപ്പം ജുമുഅ നമസ്കാരമടക്കം പള്ളികളിൽ തന്നെ നടക്കുമെങ്കിലും സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള മുഴുവൻ കോവിഡ് മുൻകരുതലുകളോടെയുമാണ് നമസ്കാരങ്ങൾ നടക്കുക.
സാധാരണ ഈദ് നമസ്കാരങ്ങൾക്കായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുടുംബങ്ങളെല്ലാം ഒന്നിച്ചാണ് പള്ളികളില്‍ പോകാറുള്ളത്. എന്നാൽ കുട്ടികൾക്കും സ്ത്രീകൾക്കും വൃദ്ധർക്കുമെല്ലാം പള്ളികളിൽ പോകന്നതിനും പെരുന്നാൾ ആശംസകൾ നേരുന്നതിെൻറ ഭാഗമായ ആശ്ലേഷണത്തിനുമെല്ലാം നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് സാധാരണ രീതിയിൽ കാണാറുള്ള പെരുന്നാൾ സന്തോഷങ്ങളൊന്നും തന്നെ ഈ പെരുന്നാളിനും കാണുക സാധ്യമല്ല. കുടുംബങ്ങളും ബാച്ചിലറായി താമസിക്കുന്നവരുമെല്ലാം സ്വന്തം ഫാറ്റുകളിൽ ഭക്ഷണം പാകം ചെയ്തു കഴിക്കുക എന്നതിനപ്പുറം മറ്റുള്ളവരുടെ ആതിഥ്യം സ്വീകരിക്കാൻ പോകുന്ന പതിവ് രീതികളൊന്നും ഇക്കുറി ഉണ്ടാവില്ല.
പെരുന്നാൾ ആഘോഷത്തിെൻറ ഭാഗമായി സംഘടനകളും കൂട്ടായ്മകളുമെല്ലാം വിവിധ കലാപരിപാടികളും ഇശൽ രാവുകളുമെല്ലാം സംഘടിപ്പിക്കാറുണ്ട്.
എന്നാൽ ചില കൂട്ടായ്മകൾ പരിമിതമായ തോതിൽ ഓൺലൈൻ വഴി ഇത്തരം കലാപരിപാടികൾ സംഘടിപ്പിച്ചതൊഴിച്ചാൽ മറ്റു പരിപാടികളൊന്നും ഇല്ലാതെയാണ് ഇത്തവണ പെരുന്നാൾ കഴിഞ്ഞുപോകുന്നത്. പെരുന്നാൾ വിപണിയെയും കോവിഡ് കാലം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ജിദ്ദയിലെ പ്രവാസികളിൽ വലിയൊരു വിഭാഗം എല്ലാ വർഷങ്ങളിലും ബലിപ്പെരുന്നാൾ നാളുകളിൽ മക്കയിൽ ഹജ്ജ് സേവനത്തിൽ ഏർപ്പെടുക പതിവാണ്. എന്നാൽ അവർക്കെല്ലാം ഈ വർഷത്തെ പെരുന്നാൾ സ്വന്തം റൂമുകളിൽ കടുംബത്തോടൊപ്പവും സഹ താമസക്കാരോടൊപ്പവും കഴിച്ചുകൂട്ടാനുള്ള അവസരം കൂടി സമ്മാനിച്ചിരിക്കുകയാണ്. കോവിഡ് മഹാമാരി എല്ലാം അവസാനിച്ച് അടുത്ത പെരുന്നാളുകൾ ഗംഭീരമായി തന്നെ ആഘോഷിക്കാമെന്ന പ്രത്യാശയിൽ ആശ്വാസം കണ്ടെത്തുകയാണ് എല്ലാവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
